നിവിൻ പോളി നായകനായി എത്തിയ ‘1983 ‘ എന്ന സിനിമയിലൂടെ മികച്ച തുടക്കം ലഭിച്ച സംവിധാകനാണ് എബ്രിഡ് ഷൈൻ. രണ്ടാമത്തെ സിനിമയായ ആക്ഷൻ ഹീറോ ബിജുവും സൂപ്പർ ഹിറ്റായതോടെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി. പൂമരം, മഹാവീര്യർ തുടങ്ങിയ എബ്രിഡ് ഷൈൻ ചിത്രങ്ങളെല്ലാം ഏറെ ചർച്ചയായി മാറിയിരുന്നു.
ആദ്യ സിനിമയായ 1983 യെ കുറിച്ച് സംസാരിക്കുകയാണ് എബ്രിഡ് ഷൈൻ. ആ സിനിമയിൽ തനിക്ക് അപരമായി ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും മുമ്പ് ലാൽജോസിനൊപ്പം ‘കേരള കഫേ’ എന്ന സിനിമയിലെ ‘പുറംകാഴ്ചകൾ’ എന്ന പാർട്ടിൽ വർക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം കരുതിയത് റിമിടോമിയെ ആയിരുന്നുവെന്നും എന്നാൽ ഫസ്റ്റ് നൈറ്റ് സീനാണ് എന്നൊക്കെ പറഞ്ഞപ്പോൾ റിമിടോമി പിന്മാറിയെന്നും എബ്രിഡ് ഷൈൻ കൂട്ടിച്ചേർത്തു.
‘എന്താണെന്ന് അറിയില്ല, എനിക്ക് അപാരമായ ആത്മവിശ്വാസമായിരുന്നു. അത് അത്രയും പരിചയമുള്ള വിഷയമായത് കൊണ്ടാണോയെന്ന് അറിയില്ല. നല്ല സിനിമയാകുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. സത്യസന്ധതയുള്ള ഓർമയുമുണ്ടായിരുന്നു. നാട്ടിൻപുറത്ത് ക്രിക്കറ്റ് കളിക്കുന്നവർ, രഞ്ജി പ്ലെയേഴ്‌സ് എന്നിവരോടെല്ലാം സംസാരിച്ചു. അവർ പറയുമ്പോൾ കളിയുടെ സ്‌പിരിറ്റ് എനിക്ക് കിട്ടുന്നുണ്ടായിരുന്നു.
അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വിജയിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചു. ലാൽജോസ് സാറിന്റെ കൂടെ അഞ്ചുദിവസം ‘പുറംകാഴ്‌ച കളു’ടെ ഷൂട്ടിങ്ങിന് നിന്നിരുന്നു. ഫ്രെയിമുകൾ തമ്മിൽ കണക്ട് ചെയ്‌തുകൊണ്ടുപോകാൻ കഴിയുമെന്ന് എനിക്ക് ഒരു വിശ്വാസവും എഡിറ്റിങ്ങും മനസിലുണ്ടായിരുന്നു.
സച്ചിൻ ടെൻഡുൽക്കർ ആരാണെന്ന് ചോദിക്കുന്ന ഒരാൾ എന്ന് മനസിൽ വന്നപ്പോൾ റിമിടോമിയായിരുന്നു ആദ്യമെത്തിയത്. ഫസ്റ്റ് നൈറ്റ് സീനാണ് എന്നൊക്കെ പറഞ്ഞപ്പോഴാണ് റിമിടോമി ചിത്രത്തിൽ നിന്ന് മാറിപ്പോയത്. അവസാന മിനിറ്റിലാണ് ശ്രിന്ദയെത്തുന്നത്. എനിക്കൊപ്പം ഫോട്ടോഗ്രാഫിയിൽ അസിസ്റ്റന്റായി ശ്രിന്ദയുണ്ടായിരുന്നു.
അപ്പോൾ അവളുടെ മാനറിസത്തിൽ അത് കൃത്യമായി വരുമെന്നു തോന്നിയപ്പോൾ തെറ്റിയില്ല. ആദ്യദിനത്തിൽ തന്നെ ഷൂട്ടിങ് എനിക്ക് വഴങ്ങുന്നുണ്ടായിരുന്നു. നമുക്ക് ശരിക്കും അറിവില്ലാത്തതിനാൽ തോന്നിയതായിരിക്കാം. നമുക്ക് കുറേ അറിവുണ്ടെങ്കിൽ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാകാം. ഒരു അറിവുമില്ലാത്തവന് എന്ത് പേടി,’എബ്രിഡ് ഷൈൻ പറയുന്നു.
Content Highlight: Abrid Shine About Srindha’s Character In Action Hero Biju Movie