| Friday, 9th December 2022, 6:22 pm

ഒന്നല്ല രണ്ടല്ല എണ്ണം പറഞ്ഞ ഏഴെണ്ണം!! അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ താറുമാറാക്കി പാക് താരം; ഏഴ് വിക്കറ്റിന്റെയും വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

പേസിന് പേരുകേട്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ പുതു ചരിത്രം കുറിച്ച് യുവതാരം അബ്രാര്‍ അഹമ്മദ്. ടെസ്റ്റ് ക്യാപ് ലഭിച്ച ആദ്യ മത്സരത്തില്‍ തന്നെ വിഖ്യാതമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞാണ് അബ്രാര്‍ കരുത്ത് കാട്ടിയത്.

22 ഓവറില്‍ 114 റണ്‍സ് വഴങ്ങി ഏഴ് ഇംഗ്ലണ്ട് വിക്കറ്റുകളാണ് അബ്രാര്‍ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്‌കോറിന്റെ നെടുംതൂണായ പല താരങ്ങളെയും ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയില്‍ എറിഞ്ഞിട്ടാണ് അബ്രാര്‍ തരംഗമായത്.

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഒല്ലി പോപ്, ഹാരി ബ്രൂക്ക്, നായകന്‍ ബെന്‍ സ്റ്റോക്‌സ്, വില്‍ ജാക്‌സ് എന്നിവരെയാണ് അബ്രാര്‍ മടക്കിയത്. സാക് ക്രോളിയെ വീഴ്ത്തിക്കൊണ്ടായിരുന്നു അബ്രാര്‍ തുടങ്ങിയത്. 37 പന്തില്‍ നിന്നും 19 റണ്‍സ് നേടിയാണ് ക്രോളി പുറത്തായത്.

46 പന്തില്‍ നിന്നും 63 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും 61 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ ഒല്ലി പോപ്പുമാണ് ഇംഗ്ലണ്ടിനായി പിടിച്ചുനിന്നത്. ആദ്യ ടെസ്റ്റില്‍ കണ്ട വെടിക്കെട്ടിന്റെ ലാഞ്ഛന പോലും രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നിരക്കുണ്ടായിരുന്നില്ല.

അബ്രാറിന്റെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് 51.4 ഓവറില്‍ 281 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 28 ഓവറില്‍ 107 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയോടെ മിന്നും പ്രകടനം കാഴ്ചവെച്ച ഇമാം ഉള്‍ ഹഖിനെ പൂജ്യത്തിന് നഷ്ടപ്പെട്ടാണ് പാകിസ്ഥാനും തുടങ്ങിയത്.

ഇമാനിന് പുറമെ കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അബ്ദുള്ള ഷഫീഖും നിരാശപ്പെടുത്തി. 14 റണ്‍സ് മാത്രമാണ് ഷഫീഖിന് നേടാന്‍ സാധിച്ചത്.

61 റണ്‍സ് നേടിയ ബാബര്‍ അസവും 32 റണ്‍സ് നേടിയ സൗദ് ഷക്കീലുമാണ് പാകിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

Content highlight: Abrar Ahmed’ s incredible spell in Pakistan vs England 2nd Test

We use cookies to give you the best possible experience. Learn more