| Saturday, 13th January 2024, 8:50 am

അബ്രഹാം ഓസ്ലര്‍; മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ളയാളെ മിഥുന്‍ മാനുവലിന് ലഭിച്ചതെങ്ങനെ; മറുപടി പറഞ്ഞ് താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അതിഥിവേഷത്തിലെത്തിയിരുന്നു.

ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖ നടനായിരുന്നു. സാബിക്കിനൊപ്പം നാല് പുതുമുഖ താരങ്ങള്‍ കൂടെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷജീര്‍, ജോസഫ്, ശിവ, ശിവരാജ് എന്നിവരായിരുന്നു അവര്‍.

ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സാബിക്കിന്റെ മമ്മൂട്ടിയുമായുള്ള മുഖസാദൃശ്യത്തെ കുറിച്ച് സംസാരിക്കുകയാണ് താരങ്ങള്‍. അഭിമുഖത്തില്‍ ഇവര്‍ക്ക് പുറമെ അബ്രഹാം ഓസ്ലറില്‍ ഒരു പ്രധാനവേഷം ചെയ്ത അനശ്വര രാജനും ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള ആളെ സംവിധായകന്‍ മിഥുന്‍ മാനുവലിന് എവിടെ നിന്നാണ് ലഭിച്ചത് എന്ന് അവതാരക ചോദിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നായിരുന്നു ആദം സാബിക്കിന്റെ മറുപടി.

‘എനിക്ക് അങ്ങനെ അദ്ദേഹത്തിന്റെ മുഖസാദൃശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. ആരും എന്നോട് അതിനെ പറ്റി പറഞ്ഞിട്ടില്ല,’ ആദം സാബിക് പറഞ്ഞു.

അവതാരക സാബിക്കിന് മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ളതായി നിങ്ങള്‍ക്ക് ആര്‍ക്കും തോന്നിയിട്ടില്ലേ എന്ന് മറ്റുള്ളവരോട് ചോദിച്ചപ്പോള്‍ തനിക്ക് തോന്നിയിരുന്നു എന്നാണ് ഷജീര്‍ പറഞ്ഞത്. ചിത്രത്തില്‍ ശെല്‍വരാജ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അഭിനയിച്ച താരമാണ് ഷജീര്‍.

‘എനിക്ക് തോന്നിയിരുന്നു. ആദ്യമായിട്ട് ഞാന്‍ സാബിക്കിനെ കാണുന്നത് ഓസ്ലറിന്റെ കാസ്റ്റിങ്ങിന് പോയ സമയത്തായിരുന്നു. അന്ന് ഞാന്‍ അവനോട് നിന്നെ കാണാന്‍ മമ്മൂക്കയെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു, നിനക്ക് എന്തായാലും ചാന്‍സ് കിട്ടും എന്നും ഞാന്‍ പറഞ്ഞു. പിന്നെ ഒരു ഓള്‍ ദ ബെസ്റ്റ് കൂടെ പറഞ്ഞിട്ടാണ് ഞാന്‍ അവനെ വിട്ടത്,’ ഷജീര്‍ പറഞ്ഞു.

സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ തനിക്ക് സാബിക്കിന് മമ്മൂട്ടിയുടെ മുഖസാദൃശ്യം തോന്നിയെന്നാണ് ചിത്രത്തില്‍ ജഗദീഷിന്റെ ചെറുപ്പക്കാലം അഭിനയിച്ച ശിവരാജ് പറഞ്ഞത്. ജനുവരി പതിനൊന്നിന് തിയേറ്ററില്‍ റിലീസിന് എത്തിയ അബ്രഹാം ഓസ്ലറിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍.


Content Highlight: Abraham Ozler’s Casts Talks About Sabik Who Look like Mammootty

We use cookies to give you the best possible experience. Learn more