| Thursday, 11th January 2024, 6:59 pm

അബ്രഹാം ഓസ്ലര്‍; ജയറാമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമ്പോള്‍

വി. ജസ്‌ന

മലയാളി ആഗ്രഹിച്ച തിരിച്ചുവരവ്

മലയാള സിനിമ നിലവില്‍ ഒരുപാട് തിരിച്ചുവരവുകള്‍ക്ക് സാക്ഷിയാകുന്നുണ്ട്. ഏറ്റവും അവസാനമായി മലയാളം കണ്ട വലിയ തിരിച്ചു വരവ്, ജീത്തു ജോസഫിന്റെ നേര് ചിത്രത്തിലൂടെയുള്ള മോഹന്‍ലാലിന്റേതായിരുന്നു.

അതിന് ശേഷം പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചത് നടന്‍ ജയറാമിന്റെ മലയാളത്തിലേക്കുള്ള മടക്കമായിരുന്നു. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച താരമായിരുന്നു ജയറാം. എന്നാല്‍ താരം കുറച്ചധികം നാളായി സ്വന്തം താത്പര്യ പ്രകാരം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു വലിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.

ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവ് ഓരോ പ്രേക്ഷകരും ഏറെ ആഗ്രഹിച്ചിരുന്നു. ആ സമയത്ത് തന്നെയാണ് അദ്ദേഹം തന്റെ പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ജയറാം

ജയറാമിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന് വളരെ വലിയ ഹൈപ്പ് തന്നെയായിരുന്നു ലഭിച്ചത്. അതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാന കാരണം ജയറാം എന്ന നടന്‍ തന്നെയായിരുന്നു.

ഒരു പൊലീസുകാരനായി ജയറാം മുമ്പും ക്യാമറക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ നായകനായി എത്തിയത്. അബ്രഹാം ഓസ്ലറായി ജയറാം മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയോ എന്ന ചോദ്യത്തിന് അതേയെന്ന് തന്നെയാണ് മറുപടി.

അബ്രഹാം ഓസ്ലര്‍

സാധാരണ കണ്ടുവരുന്ന ശക്തനായ ഒരു പൊലീസ് കഥാപാത്രമാണ് ഓസ്ലറിന്റേത് എന്ന് പറയാന്‍ സാധിക്കില്ല. തന്റെ ജീവിതത്തില്‍ നടന്ന ഒരു ട്രാജഡി കാരണം വിഷാദരോഗത്തിലേക്കും ഹാലുസിനേഷനിലേക്കും വഴിമാറുന്ന നായകനെയാണ് തുടക്കത്തില്‍ തന്നെ കാണുന്നത്.

അയാളിലേക്ക് ഒരു പുതിയ കേസ് എത്തിപ്പെടുന്നയിടത്താണ് കഥ വഴി മാറുന്നത്. അപ്പോഴും വിഷാദ രോഗിയായ ആ കഥാപാത്രം ജയറാമിന്റെ കയ്യില്‍ ഭദ്രമായിരുന്നു. കേസന്വേഷണത്തിന്റെ ഇടയിലും തന്റെ ജീവിതത്തില്‍ നടന്ന ട്രാജഡിയുടെ ഭാരവുമായി നടക്കുന്ന ഓസ്ലര്‍ എന്ന കഥാപാത്രത്തിന്റെ നോട്ടവും ഭാവവും പെരുമാറ്റവുമെല്ലാം ജയറാം എന്ന നടന്‍ കൃത്യമായി തന്നെ ചെയ്തു.

സ്ഥിരം ത്രില്ലര്‍ സിനിമകളിലെ പോലെയുള്ള കഥകളും റിവഞ്ചും തന്നെയാണ് ഈ മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ ഉള്ളതെങ്കിലും ഓസ്ലര്‍ എന്ന നായക കഥാപാത്രത്തെ കൊണ്ട് ക്ളീഷേ ത്രില്ലര്‍ ചിത്രങ്ങളിലെ പോലെ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും തന്നെ സംവിധായകന്‍ കാണിച്ചിട്ടില്ല. ചിത്രം റിലീസ് ആകുന്നതിന് മുമ്പ് പല അഭിമുഖങ്ങളിലും ജയറാം പറഞ്ഞത് പോലെ തന്നെ അദ്ദേഹത്തിന് വലിയ ആക്ഷന്‍ രംഗങ്ങള്‍ ഇല്ല. ആകെ ഉണ്ടായിരുന്ന ഒരു ആക്ഷന്‍ സീന്‍ ആകട്ടെ ജയറാം ഭംഗിയായി തന്നെ ചെയ്തു.

ഓരോ മിനിട്ടിലും ചിത്രം ഒളിപ്പിച്ചു വെച്ച സസ്‌പെന്‍സുകളും ജയറാം എന്ന നടന്റെ അഭിനയവും അബ്രഹാം ഓസ്ലറിന് ശക്തമായ അടിത്തറ തന്നെയാണ് നല്‍കുന്നത്. ജയറാം മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമെന്ന നിലയില്‍ ഈ സിനിമ അയാള്‍ക്ക് നല്‍കുന്നത് ഒരു വലിയ തിരിച്ചുവരവ് തന്നെയാണ്.

Content Highlight: Abraham Ozler; paving the way for Jayaram’s return

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more