അബ്രഹാം ഓസ്ലര്‍; മിഥുന്‍ മാനുവലിന്റെ ഒരു ക്ളീഷേ ക്രൈം ത്രില്ലര്‍
Film News
അബ്രഹാം ഓസ്ലര്‍; മിഥുന്‍ മാനുവലിന്റെ ഒരു ക്ളീഷേ ക്രൈം ത്രില്ലര്‍
വി. ജസ്‌ന
Monday, 15th January 2024, 6:54 pm

മലയാള സിനിമയില്‍ ഏറ്റവും അവസാനമായി തിയേറ്ററിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ അല്ലെങ്കില്‍ മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണ്.

ഒരു ക്രൈം ത്രില്ലര്‍ ചിത്രം എന്ന് പറയുമ്പോള്‍ പൊതുവെ കണ്ട് വരുന്ന കുറേ കാര്യങ്ങളുണ്ട്. ഇവിടെ മിഥുന്‍ മാനുവലിന്റെ ഓസ്ലറിലേക്ക് വരുമ്പോള്‍, സമാനമായ രീതിയില്‍ തന്നെയാണ് കഥ പോകുന്നത്. എന്നാല്‍ ക്ളീഷേയില്‍ നിന്ന് കുറച്ച് മാറ്റം കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമുണ്ട്.

എന്തെങ്കിലും ഒരു കാരണം കൊണ്ട് തന്റെ ജോലിയോട് താത്പര്യം നഷ്ടമാകുന്ന നായകന്‍. മിക്കവാറും അത് അയാളുടെ ജീവിതത്തില്‍ നടന്ന വലിയ ഒരു ദുരന്തം കാരണമാകാം. അതായത് വില്ലനേക്കാളോ അല്ലെങ്കില്‍ അയാള്‍ക്ക് സമാനമായ രീതിയിലോ ഉള്ള വേദനിപ്പിക്കുന്ന അനുഭവം നായകന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് പ്രേക്ഷകരെ കാണിക്കാനാകാം ഇത്.

ഓസ്ലറില്‍ തന്റെ ജീവിതത്തില്‍ നടന്ന ഒരു ട്രാജഡി കാരണം വിഷാദരോഗത്തിലേക്കും ഹാലുസിനേഷനിലേക്കും വഴിമാറുന്ന നായകനെയാണ് തുടക്കത്തില്‍ തന്നെ കാണുന്നത്. അയാളിലേക്ക് ഒരു പുതിയ കേസ് എത്തിപ്പെടുന്നയിടത്താണ് കഥ വഴി മാറുന്നത്. കേസന്വേഷണത്തിന്റെ ഇടയിലും തന്റെ ജീവിതത്തില്‍ നടന്ന ട്രാജഡിയുടെ ഭാരവുമായി നടക്കുന്ന ഓസ്ലര്‍ എന്ന കഥാപാത്രത്തിന്റെ നോട്ടവും ഭാവവും പെരുമാറ്റവുമെല്ലാം ജയറാം എന്ന നടനിലൂടെ മിഥുന്‍ കൃത്യമായി തന്നെ കാണിച്ചു.

എന്നാല്‍ മറ്റുള്ള ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് ഓസ്ലറില്‍ വ്യത്യസ്തത വരുന്നത്, ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ നായകന്റെ വ്യക്തി ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അധികം വലിച്ചു നീട്ടാതെ പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ച ഇടത്താണ്.

ഇനി ക്രൈം ത്രില്ലര്‍ സിനിമകളിലെ വില്ലന്റെ അല്ലെങ്കില്‍ ക്രൈം ചെയ്യുന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍, അയാളെ ആ പ്രവര്‍ത്തിയിലേക്ക് എത്തിക്കുന്നത് പല കാരണങ്ങളാകാം. അയാളോട് മറ്റുള്ളവര്‍ മോശമായി പെരുമാറിയതോ അയാള്‍ക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമോ മറ്റോ ആകാം. എന്തുതന്നെയായാലും അയാളെ ആ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ശക്തമായ എന്തെങ്കിലും ഒരു കാര്യമുണ്ടാകാം.

ഓസ്ലറിലും ഇത്തരത്തില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ശക്തമായ ഒരു കാരണമുണ്ടായിരുന്നു. എന്നാല്‍ അവിടെയാണ് മിഥുന്‍ മാനുവല്‍ എന്ന സംവിധായകന് പിഴച്ചത്. അലക്‌സാണ്ടറിന്റെ ജീവിതത്തില്‍ നടന്ന ആ ദുരന്തങ്ങള്‍ പറയുന്ന കഥ പ്രതീക്ഷിച്ച അത്രയും ശക്തമായി തോന്നിയില്ല. സിനിമ കാണുന്നവര്‍ക്ക് ആ കഥക്ക് കുറച്ചുകൂടെ കെട്ടുറപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നാം.

എല്ലാ ക്രൈം ത്രില്ലര്‍ സിനിമയിലും നായകന്റെ കൂടെ രണ്ടോ അതില്‍ അധികമോ ആളുകള്‍ ഉണ്ടാകാം. നായകന്‍ പൊലീസുകാരനാണെങ്കില്‍ കൂടെയുള്ളതും പൊലീസുകാരാകും. അവര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ നായകന് പിന്നാലെ നടക്കുന്നതും കാണാം. ബുദ്ധിമാനായ നായകനൊപ്പം ആ ക്രൈം ത്രില്ലറിന്റെ അവസാനം വരെ പ്രത്യേകിച്ചു വലിയ റോളുകള്‍ ഇല്ലാതെ നടക്കുന്നവരാകും അവര്‍.

ഓസ്ലറില്‍ ഏത് സമയവും നായകനൊപ്പം നടക്കുന്ന പൊലീസുകാര്‍ ഉണ്ടെങ്കിലും സ്ഥിരം കാണുന്ന തരത്തിലായിരുന്നില്ല മിഥുന്‍ അവരെ കൊണ്ടുവന്നത്. കേസിന്റെ ഓരോ തലങ്ങളിലും നായകന് മുന്നോട്ട് പോകാനുള്ള ലീഡ് നല്‍കുന്ന ചില കാര്യങ്ങള്‍ കണ്ടെത്തുന്നത് കൂടെയുള്ളവരായിരുന്നു.

മിക്ക ക്രൈം ത്രില്ലറിലും കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേണ്‍ എന്ന് പറയാവുന്ന ഒന്നാണ്, സിനിമയുടെ തുടക്കത്തില്‍ തന്റെ ജീവിതത്തില്‍ നടന്ന ദുരന്തമോര്‍ത്ത് വിഷമിച്ചു നടന്നിരുന്ന നായകന്‍. എന്നാല്‍ അയാളുടെ ജീവിതം ആ കേസ് തെളിയുന്നതോടെ ഒരു ഹാപ്പി എന്‍ഡിങ്ങില്‍ എത്തുന്നത്.

എന്നാല്‍ അബ്രഹാം ഓസ്ലറില്‍ നായകനായ ഓസ്ലറിന്റെ ജീവിതം ഒരു ഹാപ്പി എന്‍ഡിങ്ങില്‍ എത്തുന്നില്ല. അയാളുടെ പ്രിയപെട്ടവര്‍ക്ക് എന്താണ് നടന്നത് എന്ന് വ്യക്തമായി പറയാതെയാണ് സിനിമ അവസാനിക്കുന്നത്. അത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സൂചന ആണെങ്കില്‍ പോലും ക്രൈം ത്രില്ലറില്‍ കാണുന്ന സ്ഥിരം എന്‍ഡിങ് ആയിരുന്നില്ല മിഥുന്‍ ഓസ്ലറില്‍ നല്‍കിയത്.

Content Highlight: Abraham Ozler; A cliche crime thriller by Mithun Manuel

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ