| Sunday, 23rd June 2024, 7:27 pm

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ബാബുരാജിന് ഡയലോഗ് തെറ്റുമ്പോഴൊക്കെ അടി കിട്ടിയത് എനിക്കാണ്: എബ്രഹാം കോശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രജ. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ കൊച്ചിന്‍ ഹനീഫ, ബിജു മേനോന്‍, മനോജ് കെ. ജയന്, ബാബുരാജ് തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.

ബോളിവുഡ് താരം അനുപം ഖേര്‍ അതിഥി വേഷത്തില്‍ എത്തിയ പ്രജയില്‍ പൊലീസുകാരനായി നടന്‍ എബ്രഹാം കോശിയും വേഷമിട്ടിരുന്നു. എസ്.ഐ. തങ്കച്ചനായാണ് താരമെത്തിയത്. ബാബുരാജ് ആകട്ടെ ഡി.ഐ.ജി ജോസഫ് മടച്ചേരി ഐ.പി.എസായിട്ടാണ് സിനിമയില്‍ എത്തിയത്. താനും ബാബുരാജും ഒരുമിച്ചുള്ള ഒരു സീനിനെ കുറിച്ച് പറയുകയാണ് എബ്രഹാം കോശി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രജയെന്ന സിനിമയില്‍ ബാബുരാജുമായി ഒരു സീനുണ്ട്. അദ്ദേഹം വന്ന് റെയ്ഡ് നടത്തുന്ന സീനാണ് അത്. ആ റെയ്ഡ് നടത്തുന്നതിന് മുമ്പായിട്ട് ഒരു പ്രസംഗമുണ്ടായിരുന്നു. അതില്‍ എന്റെ മുന്നില്‍ എത്തുമ്പോള്‍ ഞാന്‍ ഒരു ഡയലോഗ് പറയണം. സാര്‍, സക്കീര്‍ ഹുസൈനോട് പറഞ്ഞിട്ട് പോരെ റെയ്ഡ് എന്നതാണ് ആ ഡയലോഗ്.

അത് കേള്‍ക്കുമ്പോള്‍ ഇയാള്‍ എന്റെ തോളത്ത് അടിച്ചിട്ട് ‘സക്കീര്‍ ഹുസൈന്‍ ആണോ നിന്റെ അമ്മക്ക് ചെലവിന് തരുന്നത്’ എന്ന ഡയലോഗ് പറയും. വലിയ ഒരു ഡയലോഗാണ് അത്. ഇത് ഓരോ തവണ വന്നിട്ടും ഇയാളുടെ ഈ മന്തന്‍ കൈ കൊണ്ട് എന്റെ തോളത്ത് ഒറ്റ അടിയാണ്. എനിക്ക് വേദനയെടുത്തിട്ട് വയ്യാതെയായി. ആള്‍ അടിക്കുമ്പോള്‍ ഒരു ഇടി കിട്ടുന്നതിന് തുല്യമാണ്.

പുള്ളി ആ സീന്‍ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. ആള്‍ മനപൂര്‍വമല്ല ചെയ്യുന്നത്. കാരണം ഞങ്ങള്‍ തമ്മില്‍ ഒരു ശത്രുതയുമില്ല. ആവേശത്തിനാണെങ്കിലും അടിക്കുന്നത് പോലെയാണ് ചെയ്യുന്നത്. പന്ത്രണ്ടും പതിമൂന്നും ടേക്ക് കഴിഞ്ഞതോടെ ജോഷി സാറിന് ഇത് മനസിലായി. സാറ് വന്നിട്ട് എന്റെ തോളില്‍ കൈ കൊണ്ട് തൂത്ത് തന്നു.

അദ്ദേഹം അത്രയും നല്ല മനുഷ്യനാണ്. അദ്ദേഹത്തിന് ആ കാര്യം മനസിലായി. അവസാനം പതിനാലോ പതിനഞ്ചോ ടേക്ക് എടുത്ത് കഴിഞ്ഞപ്പോള്‍ ജോഷി സാര്‍ പ്രൊഡക്ഷനിലേക്ക് വിളിച്ചിട്ട് ബാബുരാജിന് സ്‌ക്രിപ്റ്റിന്റെ കോപ്പി കൊടുത്തു വിടാന്‍ പറഞ്ഞു. പോയി പഠിച്ചിട്ട് വാ, ബാക്കി നാളെ ചെയ്യാമെന്നും പറഞ്ഞ് പാക്കപ്പ് ചെയ്തു,’ എബ്രഹാം കോശി പറഞ്ഞു.


Content Highlight: Abraham Koshy Talks About Baburaj And Praja Movie

We use cookies to give you the best possible experience. Learn more