ന്യൂദല്‍ഹി: 543 ലോക്‌സഭാ സീറ്റുള്ള ഇന്ത്യയില്‍ എന്‍.ഡി.എയ്ക്ക് 564 സീറ്റുകിട്ടുമെന്ന എ.ബി.പി ന്യൂസ് ടി.വിയുടെ സര്‍വ്വേയെ ട്രോളി സോഷ്യല്‍ മീഡിയ. ഞായറാഴ്ച എ.ബി.പി ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത സി.വോട്ടറുമായി നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു പിഴവ് വന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എയ്ക്ക് 264 സീറ്റു ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസിന്റെ പ്രവചനം. എന്നാല്‍ സ്‌ക്രീനില്‍ കാണിച്ച ഗ്രാഫില്‍ എന്‍.ഡി.എയ്ക്ക് 564 സീറ്റ് എന്നായിരുന്നു എഴുതി കാണിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയ പരിഹാസത്തിന് ആധാരം.
“ഞങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും” എന്ന എ.ബി.പി ന്യൂസിന്റെ ടാഗ്‌ലൈനിനെ പരിഹസിച്ചാണ് ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ” എ.ബി.പി ന്യൂസ് നിങ്ങളെ മുമ്പോട്ട് നയിക്കും. 564 സീറ്റുകളുമായി ചാല്‍ മോദി സര്‍ക്കാറിനെ തലപ്പത്ത് ഇരുത്തുന്നത്ര മുമ്പോട്ട്” എന്നാണ് ഒരാളുടെ പരിഹാസം.
മറ്റു ചില പ്രതികരണങ്ങള്‍:
“റുബികാ ലിയാഖത് നിങ്ങളുടെ മനസില്‍ ഭക്തിയുണ്ടാവുന്നത് നല്ലതാണ്. പക്ഷേ ഭക്തി അന്ധമായാല്‍ അത് സര്‍വ്വതും നശിപ്പിക്കും. 543ല്‍ 564 സീറ്റ് എ.ബി.പി ന്യൂസിനു മാത്രമേ നല്‍കാനാവൂ” എന്നാണ് ചാനല്‍ അവതാരികയെ അഭിസംബോധന ചെയ്ത് ഫൈസല്‍ ഖാന്‍ ട്വീറ്റു ചെയ്യുന്നത്.
“എ.ബി.പി ന്യൂസിന് എന്‍.ഡി.എയ്ക്ക് 543ല്‍ 564 സീറ്റ് നല്‍കാന്‍ കഴിയുമോ? അത് ശരിയാണെങ്കില്‍ ഈ മാധ്യമത്തില്‍ നിന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടെ” എന്നാണ് സംഘമിത്രയുടെ ട്വീറ്റ്.