2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകം; എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ
D' Election 2019
2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകം; എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 9:28 pm

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ ഫലം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇതോടെ പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം നിര്‍ണ്ണായകമായേക്കും. 2014ല്‍ ലോക്‌സഭയില്‍ ബി.ജെ.പിക്ക് മാത്രം 283 സീറ്റുകള്‍ ഉണ്ടായിരുന്നു. 543 ലോക്‌സഭാ സീറ്റുകളില്‍ 336 പ്രതിനിധകളുണ്ടായിരുന്നു എന്‍.ഡി.എയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

Also Read ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായാല്‍ ബി.ജെ.പിയ്ക്ക് വന്‍നാശം; 5 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്ന് ഇന്ത്യാ ടുഡേ സര്‍വ്വെ

യു.പിയിലും ബി.ജെ.പി ശക്തമായ തിരച്ചടി നേരിടുമെന്ന് സര്‍വേയില്‍ പറയുന്നു. 2014ല്‍ 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്ത ബി.ജെ.പിക്ക് ഈ വര്‍ഷം 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. യു.പിയില്‍ 51 സീറ്റുകളുമായി എസ്.പി-ബി.എസ്.പി സഖ്യം മുന്നേറുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സര്‍വേ പ്രകാരം കോണ്‍ഗ്രിസിന് നാലു സീറ്റുകളാണ് യു.പിയില്‍ ലഭിക്കുക

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്‌സ് 42ല്‍ 34 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങുമെന്നും ഫലത്തില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി 23 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.

തൂക്കു മന്ത്രി സഭ വരുന്ന സാഹചര്യത്തില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും തീരുമാനം നിര്‍ണ്ണായകമായേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രധാനമന്ത്രിയാവാനുള്ള മത്സരത്തില്‍ മമതയും മായാവതിയും മുന്‍പന്തിയിലുണ്ട്.