| Monday, 4th December 2017, 8:52 pm

ബി.ജെ.പിയുടെ അപ്രമാദിത്വം അവസാനിക്കുമോ?; ഗുജറാത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എ.ബി.പി ന്യൂസ് സര്‍വേ

എഡിറ്റര്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവെക്കുമെന്ന് എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ് സര്‍വ്വേ. ഇരുപാര്‍ട്ടികള്‍ക്കും 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേഫലം. ഉത്തര-ദക്ഷിണ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് വോട്ട് പങ്കാളിത്തം കുറയാനാണ് സാധ്യതയെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

22 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ എളുപ്പത്തില്‍ ഭരണത്തിലേറാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. അതേസമയം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ജനപിന്തുണ 6 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read : പട്ടേല്‍ വിഭാഗത്തിന് സംവരണം, ഇന്ധനവില കുറയ്ക്കും, തൊഴിലില്ലാ വേതനം; ഗുജറാത്ത് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക


എന്നാല്‍ ഗോത്രവിഭാഗങ്ങളുടെ വോട്ട് ഇത്തവണ കോണ്‍ഗ്രസിനായിരിക്കും. ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായത്തിന്റെ വോട്ട് ഇത്തവണ രണ്ട് ശതമാനം മാത്രമായിരിക്കും ബി.ജെ.പിയ്ക്ക് ലഭിക്കുക.

ജി.എസ്.ടി മൂലം പ്രശ്‌നത്തിലായ വ്യാപാരികള്‍ ഇപ്പോഴും അതൃപ്തിയിലാണെന്നും സര്‍വ്വേയില്‍ പറയുന്നു.

ഡിസംബര്‍ 9 നും 14 നുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. 18 ന് ഫലമറിയാം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കണ്ട ജനപങ്കാളിത്തം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

2012 ലെ തെരഞ്ഞെടുപ്പില്‍ 72 ശതമാനം വോട്ട് പങ്കാളിത്തമാണ് ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. ഇത്തവണ ഭരണം ലഭിക്കുകയാണെങ്കിലും 9 ശതമാനം വോട്ടിന്റെ വ്യത്യാസമേ എതിര്‍കക്ഷിയുമായി ബി.ജെ.പിയ്ക്കുണ്ടാകൂ എന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more