| Saturday, 4th February 2023, 8:50 am

പ്രേക്ഷകരെ പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം', ടിക്കറ്റെടുക്കൂ പൊട്ടിച്ചിരിക്കൂ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനസ് നിറഞ്ഞ് ചിരിക്കാന്‍ പാകത്തിലോരു മലയാള സിനിമ അടുത്തിടെ ഒന്നും തിയേറ്ററില്‍ എത്തിയിട്ടില്ല. അതിന്റെയെല്ലാം കുറവും നികത്തിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം സിനിമ തിയേറ്ററില്‍ എത്തിയത്. കോമഡി ഹൊറര്‍ ഴോണറില്‍ കഥപറയുന്ന സിനിമ സ്വാഭാവിക നര്‍മങ്ങള്‍ വിതറിയാണ് പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരിത്തുന്നത്.

തമാശക്ക് വേണ്ടി തമാശ പറയുന്ന രീതിയില്‍ നിന്നും മാറി, അത്രയേറെ സീരിയസായ സീനുകളില്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ രോമാഞ്ചം വിജയിക്കുന്നുണ്ട്. ഹൊറര്‍ കഥകള്‍ പറയുന്ന സിനിമകള്‍ ഇതിനുമുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും സ്വാഭാവിക നര്‍മമാണ് ആ സിനിമകളില്‍ നിന്നും രോമാഞ്ചത്തെ വ്യത്യസ്തമാക്കുന്നത്.

കോമഡി ഹൊറര്‍ ഴോണറിലുള്ള സിനിമകള്‍ മലയാളത്തില്‍ അധികം വന്നിട്ടില്ല. പ്രേത കഥകള്‍ ഇതിനുമുമ്പും മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും, അവയൊക്കെ കുറേക്കൂടി സീരിയസ് ആയിട്ടാണ് കഥ പറഞ്ഞ് പോകുന്നത്. എന്നാല്‍ രോമാഞ്ചത്തിലേക്ക് വരുമ്പോള്‍ കഥയപ്പാടെ മാറി. ഡാര്‍ളിങ് ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള ഒരു ലൈനിലാണ് രോമാഞ്ചം സഞ്ചരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം മലയാളത്തില്‍ ആദ്യമാണ്. ജിത്തു മാധവന്റെ മികച്ച തിരക്കഥ കൂടിച്ചേരുമ്പോള്‍ രോമാഞ്ചം പ്രേക്ഷകര്‍ക്ക് അത്രയേറെ സുഖമുള്ള ഒരു അനുഭവമായി മാറുന്നു. 2007ല്‍ നടക്കുന്ന കഥയാണ് രോമാഞ്ചം പറയുന്നത്. ഓജോ ബോര്‍ഡ് വലിയതോതില്‍ പ്രചരിപ്പിക്കപ്പെട്ട കാലം കൂടിയായിരുന്നു അത്. അതിനെ ബേസ് ചെയ്താണ് സിനിമ മുമ്പോട്ട് പോകുന്നത്.

ബെംഗളൂരുവിലെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ ചില സംഭവങ്ങള്‍ കൂട്ടിയിണക്കി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ജിത്തുവിന് കഴിയുന്നുണ്ട്. ഒപ്പം സുഷിന്‍ ശ്യാമിന്റെ സംഗീതം കൂടിച്ചേരുമ്പോള്‍ സംവിധായകന്റെ പ്രയത്‌നം പൂര്‍ണമാകുന്നു.

നര്‍മരംഗങ്ങള്‍ തിരക്കഥയില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മാത്രം പോരാ. അത് പറഞ്ഞ് ഫലിപ്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. സിനിമയില്‍ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ മികവുപുലര്‍ത്തിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി കുറച്ചു പ്രമുഖ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും സിനിമയില്‍ പുതുമുഖങ്ങളാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും നമ്മള്‍ കണ്ടു ശീലിച്ച ഇവരുടെ പ്രകടനം ബിഗ് സ്‌ക്രീനില്‍ അതിഗംഭീരമായിരുന്നു.

content highlight: about  romancham movie natural comedy

We use cookies to give you the best possible experience. Learn more