| Sunday, 22nd January 2023, 5:29 pm

കുത്തിനിറച്ച ക്ലീഷേകള്‍, കണ്ട് മറന്ന കഥാപാത്രങ്ങള്‍; പൂവന്‍ ബാക്കിയാക്കുന്നത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. ആന്റണി വര്‍ഗീസ് നായകനായെത്തുന്ന സിനിമയില്‍ പൂവന്‍ കോഴിയാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ഒറ്റനോട്ടത്തില്‍ പൂവന്റെ കഥ വളരെ പുതുമയുള്ളതാണെന്ന് തോന്നുമ്പോഴും സിനിമയിലേക്ക് വരുമ്പോള്‍ ആ പുതുമയൊന്നും പ്രേക്ഷകന് അനുഭവപ്പെടുന്നില്ല.

അന്നാമയെന്ന പൂവന്‍ കോഴിയെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം പണ്ടെങ്ങോ കണ്ടു മറന്ന കഥകള്‍ തന്നെയാണ്. ഇതൊക്കെ പറയുമ്പോഴും കഥാപാത്രങ്ങളുടെ പ്രകടനം മാറ്റി നിര്‍ത്താന്‍ കഴിയില്ല. ആന്റണി വര്‍ഗീസ് മുതല്‍ സിനിമയിലെ പൂവന്‍ കോഴി വരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സിനിമ പ്രേക്ഷകനില്‍ നിന്നും അകന്ന് പോകുന്നതായി അനുഭവപ്പെടും.

തിരക്കഥയില്‍ വലിയൊരു കയറ്റിറക്കം കാണാന്‍ സാധിക്കും. ചിലപ്പോഴൊക്കെ രസം പകരുന്ന സിനിമ വളരെ വേഗം തന്നെ ഇഴയുന്നതായി തോന്നും. വിനീത് വാസുദേവന്റെ ആദ്യ സിനിമ എന്ന നിലയില്‍ സംവിധാനം അത്ര പ്രശ്‌നമായി അനുഭവപ്പെട്ടിരുന്നില്ല. അവസാനത്തോടടുക്കുമ്പോള്‍ വരുന്ന ചേസിങ് സീനൊക്കെ സംവിധാന മികവ് തന്നെയാണ് കാണിക്കുന്നത്.

ആന്റണി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമ പ്രധാനമായും സഞ്ചരിക്കുന്നത്. ജീവിതത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി മറ്റ് പല പ്രതിസന്ധികളിലൂടെയുമാണ് അയാള്‍ കടന്നുപോകുന്നത്. ഏതാണ്ട് വിഷാദത്തിന്റെ വക്കിലാണ് അയാളുടെ ജീവിതം, ഇതിനിടയിലാണ് ഡിജി പോള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് പ്രണയം നിലനിര്‍ത്താനുള്ള അയാളുടെ കഷ്ടപ്പാടും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രതിസന്ധികളുടെ വേദന ആന്റണി വര്‍ഗീസിന്റെ മുഖത്ത് വരുന്നുണ്ടെങ്കിലും, തിരക്കഥ പരാജയപ്പെടുന്നത് കൊണ്ട് ആ വേദനകള്‍ പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. സിനിമ നേരിടുന്ന പ്രധാന പ്രശ്‌നവും അതുതന്നെയാണ്. പിന്നീടാണ് ഹരിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി പൂവന്‍ കടന്നുവരുന്നത്. ഹരിയുടെ ജീവിതം ഒരു കുഴിയില്‍ നിന്നും ഇതോടെ അടുത്ത കുഴിയിലേക്ക് പോവുകയാണ്.

കോഴിയാണ് പ്രധാന കഥാപാത്രമെന്ന് പറയുമ്പോഴും അന്നമ്മക്ക് സിനിമയില്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ചിന്തിക്കേണ്ട കാര്യമാണ്. സിനിമയില്‍ പോസിറ്റീവായി തോന്നുന്ന കാര്യങ്ങളില്‍ ആദ്യം പറഞ്ഞതുപോലെ തന്നെ അഭിനേതാക്കളുടെ പ്രകടനമാണ് പ്രധാനം. അതോടൊപ്പം തന്നെ പറയേണ്ടത് ലൊക്കേഷനാണ്. വളരെ കണ്‍വീന്‍സിങ്ങായിട്ടാണ് ആ സ്ഥലം അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലേക്ക് ആളുകളെ അടുപ്പിക്കുന്നതില്‍ ലൊക്കേഷന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ മുമ്പ് പറഞ്ഞതുപോലെ ഇടക്കൊക്കെ തിരക്കഥ പാളുന്നത് കൊണ്ട് പ്രേക്ഷകന്‍ സിനിമയില്‍ നിന്നും അകന്നുപോകുന്നുണ്ട്.

content highlight: about poovan movie

We use cookies to give you the best possible experience. Learn more