| Monday, 12th December 2022, 9:58 am

നന്‍പകല്‍ നേരത്തേക്ക് ഐ.എഫ്.എഫ്.കെ വാതില്‍ തുറക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള തലസ്ഥാന നഗരിയില്‍ ആരംഭിച്ച് കഴിഞ്ഞു. ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ അടക്കം ഒമ്പത് മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നുണ്ടാകും.

വ്യത്യസ്തതകള്‍ കൊണ്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എല്‍.ജെ.പി. അദ്ദേഹത്തിനൊപ്പം മമ്മൂട്ടി കൂടെ ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഐ.എഫ്.എഫ്.കെ വേദിയിലുള്ള നന്‍പകലിന്റെ മത്സര പ്രദര്‍ശനം സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ്.

തന്റെ സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ റിലീസിന് മുമ്പ് പുറത്ത് വിടാത്ത സംവിധായകന്‍ കൂടിയാണ് എല്‍.ജെ.പി. അതുകൊണ്ട് തന്നെ പുറത്ത് വരുന്ന ടീസറുകളിലൂടെയാണ് സിനിമയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ പലപ്പോഴും അറിയുന്നത്.

ഇതിന് മുമ്പ് പുറത്ത് വന്ന ടീസറുകളിലൂടെ സിനിമയുടെ പശ്ചാതത്തലം തമിഴ് ഗ്രാമീണ മേഖലയാണെന്ന് മനസിലാക്കാം. ചിത്രത്തിന്റെ ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ വെച്ച് തിരുട്ട് ഗ്രാമങ്ങളുടെ കഥയാണോ സിനിമ പറയുന്നത് എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാജിക്കല്‍ റിയലിസത്തിന്റെ എലമെന്റുകള്‍ ഉപയോഗിച്ചുള്ള സിനിമയായിരിക്കും ഇതെന്നാണ് ഐ.എഫ്.എഫ്.കെക്ക് മുന്നോടിയായി പുറത്ത് വന്ന വാര്‍ത്തകള്‍ നല്‍കുന്ന വിവരം.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് ബസില്‍ തിരിച്ചെത്തുന്ന തമിഴ് സംഘത്തിന്റെ ഉറക്കത്തില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. വിശ്വാസത്തിനും വിഭ്രാന്തിക്കും സ്വപ്‌നത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന കഥയാണിത് എന്നാണ് പറയപ്പെടുന്നത. സാധാരണ കഥാസന്ദര്‍ഭങ്ങളെ അസാധാരണമായി അവതരിപ്പിക്കാന്‍ മിടുക്കനായ സംവിധായകനാണ് എല്‍.ജെ.പിയെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്.

ആമേനിലെ കുമരങ്കരിയും, ചുരുളിയിലെ ഗ്രാമപ്രദേശങ്ങളുമെല്ലാം അത്തരത്തില്‍ അസാധ്യമാക്കാന്‍ കഴിഞ്ഞ സംവിധായകനില്‍ നിന്നും അതില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല. സിനിമയില്‍ അത്ഭുതം തീര്‍ക്കുന്ന യുവ സംവിധായകന്റെ ചിത്രത്തില്‍ മമ്മൂട്ടി മാജിക് എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് കാണാനാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറ്റവും മികച്ച സിനിമാ തെരഞ്ഞെടുപ്പുകള്‍ നടത്തി മമ്മൂട്ടി തിളങ്ങിയ വര്‍ഷംകൂടിയാണ് 2022. ഗ്രാമീണ വേഷങ്ങളിലെ മമ്മൂട്ടി പ്രകടനങ്ങള്‍ എല്ലായ്‌പ്പോഴും കാണികളെ ആകര്‍ഷിച്ചിട്ടുണ്ട്. വാത്സല്യം, രാപകല്‍ തുടങ്ങിയ സിനിമകള്‍ അതിന്റെ ഉദാഹരണമാണ്. അതിനാല്‍ തന്നെ ലിജോയുടെ ഫ്രെയിമില്‍ മമ്മൂട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും നിരൂപകരുമെല്ലാം.

content highlight: about nanpagal nerath mayakkam movie by lijo jose pallisseri

We use cookies to give you the best possible experience. Learn more