പൂച്ചപ്പാറ മണി; കാടറിവിന്റെ എഴുതാത്ത പുസ്തകമാണ് പിച്ചിച്ചീന്തപ്പെട്ടത്!
DISCOURSE
പൂച്ചപ്പാറ മണി; കാടറിവിന്റെ എഴുതാത്ത പുസ്തകമാണ് പിച്ചിച്ചീന്തപ്പെട്ടത്!
ലിജിഷ എ.ടി
Tuesday, 7th January 2025, 12:16 pm
ഒരേ സമയം കാടിനേയും നാടിനേയും മനസിലാക്കിയവന്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാട്ടുജീവിതം കൂടുതല്‍ ആസ്വദിച്ച മനുഷ്യന്‍ ! മുളങ്കുറ്റിയില്‍ ബാറ്ററിയിട്ട് വയറു ഘടിപ്പിച്ച് ഫോണ്‍ ചാര്‍ജു ചെയ്യാനറിയുമത്രേ! നല്ലൊരു ഫോട്ടോഗ്രാഫറുമായിരുന്നു. ഭാഷയില്‍ മാത്രമല്ല ബോട്ടണിയിലും സുവോളജിയിലുമൊക്കെ ഗവേഷണം ചെയ്യുന്നവരുടെ കാട്ടിലെ മാര്‍ഗദര്‍ശി കൂടിയായിരുന്നു മണിയേട്ടന്‍ ! സ്‌നേഹമായിരുന്നു മുഖമുദ്ര! ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും മണിയേട്ടനെ പിന്നെ മറക്കാന്‍ സാധിക്കില്ല. | ലിജിഷ എ.ടി എഴുതുന്നു

പൂച്ചപ്പാറ മണി, വെറുമൊരു ആദിവാസി യുവാവല്ല. പശ്ചിമഘട്ടത്തിലെ ജൈവവിധ്യത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകരുടെ പ്രാദേശിക മാര്‍ഗനിര്‍ദേശിയായിരുന്നു. കരകൗശലവിദ്യയിലും ആട്ടത്തിലും പാട്ടിലും അഗ്രഗണ്യനായിരുന്നു. കാടറിവിന്റെ എഴുതാത്ത പുസ്തകമായിരുന്നു! ആ പുസ്തകമാണ് ദൊഡെജന്തുവിന്റെ തുമ്പിക്കയ്യാല്‍ പിച്ചിച്ചീന്തപ്പെട്ടത്!

2015 ഡിസംബര്‍ 31 നാണ് ഞാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് യ്ക്ക് ജോയിന്‍ ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന, പ്രത്യേക ദുര്‍ബല ഗോത്രവിഭാഗമായ ചോലനായ്ക്കരുടെ ഭാഷയെ പരിസ്ഥിതിഭാഷാശാസ്ത്ര വീക്ഷണത്തില്‍ പഠിക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

കേരളത്തില്‍ സാക്ഷരതാനിരക്ക് ഏറ്റവും കുറഞ്ഞ, സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, ജനസംഖ്യ അപകടകരമാം വിധം കുറഞ്ഞ, പൂര്‍വകാര്‍ഷിക സാങ്കേതികവിദ്യകള്‍ മാത്രമുപയോഗിക്കുന്ന ഗോത്രമായിരുന്നു ചോലനായ്ക്കര്‍.

About Mani, a Cholanaikka youth who was killed by a wild boar

കാട്ടാന ആക്രണത്തില്‍ കൊല്ലപ്പെട്ട ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് മണി (വലത്തുനിന്ന് ആദ്യത്തേത്) കാട്ടില്‍ / ചിത്രം: വരുണ്‍ രമേഷ്‌

നിലമ്പൂരിലെ ഉള്‍ക്കാടുകളിലെ പാറപ്പൊത്തുകളും താല്‍ക്കാലിക മനകളും താമസത്തിനുപയോഗിക്കുന്ന ഗോത്രമായതിനാല്‍ അവരുടെ ഭാഷയില്‍ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്നതായിരുന്നു എന്റെ അനുമാനം.ആ അനുമാനത്തെ ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണാനുഭവം. അതു മാത്രമല്ല, ഏറ്റവും നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സമൂഹത്തിന്റെ വിലമതിക്കാനാവാത്ത സ്‌നേഹം ലഭിച്ചു എന്നതും മറ്റൊരു അനുഭവമായിരുന്നു. എന്റെ ഭാഗ്യങ്ങളിലൊന്ന് !

പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്ത് പ്രാഥമിക പ്രവര്‍ത്തനങ്ങളും കോഴ്‌സ്‌വര്‍ക്കുകളുമായി ഏകദേശം ആറേഴ് മാസങ്ങള്‍ കടന്നു പോയി. എസ്.സി എസ്.ടി വകുപ്പിന്റെയും വനം വകുപ്പിന്റെയും സമ്മതമെല്ലാം വാങ്ങി ഫീല്‍ഡ് വര്‍ക്ക് തുടങ്ങാനിരിക്കുമ്പോഴാണ് 2016 നവംബര്‍ 24 ന് നിലമ്പൂര്‍ വനമേഖലയില്‍ വെച്ച് കുപ്പുസാമി എന്ന കുപ്പു ദേവരാജും ആന്ധ്രാപ്രദേശ് സ്വദേശിയും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമായ കാവേരി എന്ന അജിതയും നീണ്ട വെടിവെപ്പിന് ശേഷം കൊല്ലപ്പെടുന്നത്!

അതോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. നിലമ്പൂര്‍ വനമേഖലയിലേക്കുള്ള പ്രവേശനം വളരെ കര്‍ശനമാക്കി. നിബന്ധനകളോടെ മാത്രമേ പോകാന്‍ സാധിക്കുമായിരുന്നുള്ളു. എന്നെ സംബന്ധിച്ച് ഡാറ്റ ശേഖരിക്കല്‍ വലിയൊരു പ്രതിസന്ധിയായിത്തീര്‍ന്നു. ഒറ്റയ്ക്ക് കാട്ടിലേക്കയക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ എന്റെ പങ്കാളി ലീവെടുത്തായിരുന്നു എന്നോടൊപ്പം വന്നിരുന്നത്. അവന് വരാന്‍ കഴിയാത്തപ്പോള്‍ ജയേട്ടനോ, അനൂപേട്ടനോ സൗഭാഗ്യയോ ദേവയാനിച്ചേച്ചിയൊ കൂടെ വരും.

കാട്ടിലേക്കുള്ള ഓരോ യാത്രയിലും തണ്ടര്‍ബോള്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്‌കാരും കൂടെ വരുമായിരുന്നു.
ആദ്യകാലങ്ങളില്‍ അവര്‍ക്ക് ഞങ്ങളെ സംശയമായിരുന്നു. പിന്നീട് പ്രശ്‌നക്കാരല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ ചോദ്യം ചെയ്യലുകളും അതൃപ്തിയും മാറി, സഹകരണ മനോഭാവത്തിലേക്കെത്തി.

വിവര ശേഖരത്തിന്റെ ഘട്ടത്തില്‍ ലേഖിക മണിയോടൊപ്പം

കേസന്വേഷണത്തിന്റെ ഭാഗമായി ഗോത്രാംഗങ്ങളില്‍ പലരേയും ചോദ്യം ചെയ്യുന്നതിനാല്‍ അക്കാലത്ത് അവര്‍ വളരെ അസ്വസ്ഥരായിരുന്നു. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും അകമ്പടിയോടെ ഗുഡ്‌സ് വണ്ടിയുടെ പുറത്തു കേറി വരുന്ന എന്നെ കാണുമ്പോള്‍ ഒരേ സമയം കൗതുകവും സംശയവുമായിരുന്നു അവര്‍ക്ക്.

മുന്‍കാല ചൂഷണാനുഭവങ്ങളും ഒരു പക്ഷേ പുറമെ നിന്നു വരുന്നവരെ അല്‍പം അകറ്റി കാണാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവാം.

ആവശ്യത്തിന് ഡാറ്റ കിട്ടാതെ ഓരോ തവണയും മടങ്ങിപ്പോകുമ്പോള്‍ ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്ത എന്റെ തലച്ചോറിനെ ഞാന്‍ അറഞ്ചം പുറഞ്ചം ചീത്ത വിളിച്ച് സ്വയം പ്രാകി. വനമേഖലയിലേക്കുള്ള ഓഫ് റോഡ് യാത്ര വളരെ വലിയ സാമ്പത്തിക ചിലവുണ്ടാക്കുന്നതായിരുന്നു. കാട്ടിലേക്കു പോയാല്‍ റെയിഞ്ച് ഇല്ലാത്തതിനാല്‍ പുറത്തെത്തുന്നത് വരെ വീട്ടുകാര്‍ക്കും എന്നെക്കുറിച്ച് യാതൊരു വിവരവും കിട്ടില്ലായിരുന്നു. അവരുടെ മനസമാധാനം തകര്‍ക്കുന്നതിന്റെ പേരില്‍ അവരുമെന്നെ പ്രാകിക്കൊണ്ടിരുന്നു.

ഏകദേശം നാലഞ്ചു മാസം കഴിഞ്ഞപ്പോഴേക്ക് ഗോത്രാംഗങ്ങളില്‍ പലരും തുറന്ന് സംസാരിക്കാനും സൗഹൃദത്തിലാവാനും തുടങ്ങി. ഗോത്രത്തിലെ ഏക PhD ഗവേഷകനായ വിനോദും വിനയനും (കണ്ണന്‍) ബാലേട്ടനുമായിരുന്നു ഗോത്രാംഗങ്ങളുമായി കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ഗവേഷണം തീരുമ്പോഴേക്ക് അവരില്‍ പലരും എന്റെ ആത്മമിത്രങ്ങളായിട്ടുണ്ടായിരുന്നു.

അവരിലൊരാളായിരുന്നു പ്രിയപ്പെട്ട മണിയേട്ടന്‍ ! സഹോദരതുല്യനായി ഞാന്‍ സ്‌നേഹിക്കുന്ന യുവാവ്!
മണിയേട്ടന്റെ നീണ്ടു കനത്ത മീശയും പിന്നിലേക്ക് കെട്ടിയൊതുക്കിയ മുടിയുമൊക്കെ കാണുമ്പോള്‍
ചോളരാജാക്കന്‍മാരുടെ ആരെങ്കിലുമായിരിക്കുമോ എന്നു ഞാന്‍ സംശയിക്കുമായിരുന്നു.

ചോള – പാണ്ഡ്യ യുദ്ധകാലത്ത് കാടുകേറിയ ചോളപ്പടയാളികളാണ് ചോലനായ്ക്കര്‍ എന്നൊരു നിരീക്ഷണം നിലവിലുണ്ടായിരുന്നു. പക്ഷേ പൂര്‍വകാര്‍ഷിക സാങ്കേതിക വിദ്യകള്‍ പിന്തുടരുന്നവരായതിനാല്‍ ആ ബന്ധത്തെ വിശ്വസനീയമാക്കുന്ന മറ്റൊന്നും എനിക്ക് കണ്ടെത്താന്‍ സാധിച്ചുമില്ല. മുത്തശന്‍മാരുടെ അതിര്‍ത്തിബോധം മാത്രമാണ് വീണ്ടും സംശയത്തിലേക്ക് നയിച്ചിരുന്നത്.

പൂച്ചപ്പാറ മണി / ചിത്രം: അഖില്‍ സാജന്‍

അരിങ്കെ നാട്, ചേരനാട്, തൊണ്ടെനാട് എന്നിങ്ങനെയായിരുന്നു അവര്‍ ചോലെ നാടിന്റെ അതിര്‍ത്തിയെക്കുറിച്ച് പറഞ്ഞിരുന്നത്. പൊന്നിയിന്‍ ശെല്‍വന്‍ എന്ന സിനിമയില്‍ അരുള്‍മൊഴി വര്‍മന്റെ റോളില്‍ മണിയേട്ടനെപ്പോലൊരാളല്ലേ വേണ്ടിയിരുന്നത് എന്നു ഞാന്‍ ചിന്തിച്ചിരുന്നു.

ഫീല്‍ഡ് വര്‍ക്കിനിടയിലെ എന്റെ ഏറ്റവും നല്ല ആവേദകരിലൊരാളായിരുന്നു മണിയേട്ടനും സഹോദരനായ അയ്യപ്പനും. കാടറിവുകള്‍ പങ്കുവെയ്ക്കുന്നതില്‍ യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത മനുഷ്യര്‍! ഗോത്രത്തിലെ മറ്റു യുവാക്കളുടെ ആവേശമായിരുന്നു മണിയേട്ടന്‍ !

ഒരേ സമയം കാടിനേയും നാടിനേയും മനസിലാക്കിയവന്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാട്ടുജീവിതം കൂടുതല്‍ ആസ്വദിച്ച മനുഷ്യന്‍ ! മുളങ്കുറ്റിയില്‍ ബാറ്ററിയിട്ട് വയറു ഘടിപ്പിച്ച് ഫോണ്‍ ചാര്‍ജു ചെയ്യാനറിയുമത്രേ! നല്ലൊരു ഫോട്ടോഗ്രാഫറുമായിരുന്നു. ഭാഷയില്‍ മാത്രമല്ല ബോട്ടണിയിലും സുവോളജിയിലുമൊക്കെ ഗവേഷണം ചെയ്യുന്നവരുടെ കാട്ടിലെ മാര്‍ഗദര്‍ശി കൂടിയായിരുന്നു മണിയേട്ടന്‍ ! സ്‌നേഹമായിരുന്നു മുഖമുദ്ര! ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും മണിയേട്ടനെ പിന്നെ മറക്കാന്‍ സാധിക്കില്ല.

ഏകദേശം 8 വര്‍ഷത്തെ സൗഹൃദമാണ് മണിയേട്ടനുമായുള്ളത്. പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുമൊക്കെ എനിക്ക് പൂര്‍ത്തിയാക്കാനായത് മണിയേട്ടനെപ്പോലുള്ളവരുടെ പിന്തുണ കൊണ്ടു കൂടിയാണ്.


വിവിധയിനം തേനുകളെക്കുറിച്ച്, കിഴങ്ങുകളെക്കുറിച്ച്, കൂണുകളെക്കുറിച്ച്, ഭക്ഷ്യയോഗ്യമായ പന്നലുകളെക്കുറിച്ച്, സുഗന്ധവാഹിയായ മരങ്ങളെക്കുറിച്ച് എന്നിങ്ങനെ മണിയേട്ടന്‍ പങ്കു വെച്ച കാടറിവുകള്‍ ഒത്തിരിയുണ്ടായിരുന്നു.

ഉല്ല് കൊണ്ടുണ്ടാക്കിയ വളകള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ നാഗമലയില്‍ വളെ ഉല്ല് വിളഞ്ഞിട്ടുണ്ടോ എന്നു നോക്കാന്‍ അയ്യപ്പനെ ഏല്‍പ്പിച്ചു. അടുത്ത തവണ ചെന്നപ്പോള്‍ സ്വര്‍ണപ്പുല്ല് മെടഞ്ഞുണ്ടാക്കിയ കുറേ വളകള്‍ വിനയന്‍ (എന്റെ കണ്ണന്‍) സമ്മാനിച്ചു.

poochappara mani

പൂച്ചപ്പാറ മണി / ചിത്രം: വരുണ്‍ രമേഷ്

കരകൗശല വിദ്യയിലും അപാര കഴിവുണ്ടായിരുന്നു മണിയേട്ടന്. മുള കൊണ്ട് അതിമനോഹരമായ കപ്പുകളും സ്പൂണുകളുമുണ്ടാക്കാനറിയാം. ഓടപ്പൊളി കൊണ്ട് കുട്ടകളും വട്ടികളും നെയ്യാനറിയാം. ചെങ്കുത്തായ മലഞ്ചെരിവുകളിലും പാറച്ചെരുവിലും തൂങ്ങിക്കിടന്നും, വമ്പന്‍ മരങ്ങളുടെ തുന്നാം തുഞ്ചത്തു കേറിയും തേന്‍ ശേഖരിക്കാനറിയാം.

മുത്തശ്ശന്‍മാര്‍ പാടിക്കൊടുത്ത പാട്ടുകള്‍ പഠിച്ചെടുത്ത് പുതിയ തലമുറയിലേക്ക് പകര്‍ത്തുന്നതിലും പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു മണിയേട്ടന്. പാട്ടും കരകൗശലവും കാടറിവുകളും ഒരുപോലെ സ്വായത്തമാക്കിയവനായിരുന്നു പൂച്ചപ്പാറ മണി!

കിര്‍ടാഡ്സ് വകുപ്പ് നടത്തിയ നെറതിങ്ക ദേശീയ ഗോത്രമേളയില്‍ 9 ദിവസവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു മണിയേട്ടന്‍. ചോല ഗോത്രം ആദ്യമായിട്ടായിരുന്നു നെറതിങ്കയില്‍ സ്റ്റാളിടുന്നത്. ഡയറക്ടറുടേയും ഡെപ്യൂട്ടി ഡയറക്ടറുടേയും മറ്റെല്ലാ ജീവനക്കാരുടെയും പ്രിയപ്പെട്ടവരായിരുന്നു മണിയേട്ടനും അയ്യപ്പനും വിനയനും സ്വാതിയും.

നെറതിങ്കയില്‍ ഞാനേറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഒരുപക്ഷേ ചോല സ്റ്റാളിലായിരിക്കും.. അപ്പോഴും കാട്ടിലെ ഓരോ അനുഭവങ്ങള്‍ പറഞ്ഞു തരുന്നുണ്ടായിരുന്നു മണിയേട്ടന്‍.

Mani (first from right) with a group of Cholanaikkas carrying forest produce at a fair held at Kirthads in Kozhikode in January 2025

2025 ജനുവരിയില്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നടന്ന മേളയില്‍ വനവിഭവങ്ങളുമായെത്തിയ ചോലനായ്ക്ക സംഘത്തോടൊപ്പം മണി (വലത്തു നിന്ന് ആദ്യം) | ചിത്രം: അഖില്‍ സാജന്‍

സാഹിത്യ സംവാദ സദസില്‍ ആദ്യമായി പങ്കെടുക്കുന്ന കണ്ണന് (വിനയന്‍ കരിമ്പുഴ) ധൈര്യം കൊടുത്തു കൊണ്ടിരുന്നതും മണിയേട്ടനായിരുന്നു. സാഹിത്യസംവാദസദസിന് സമാപനം കുറിച്ചത് മണിയേട്ടന്റെ പാട്ടോടെയായിരുന്നു.

നെറതിങ്ക മൊമെന്റൊ ഏറ്റുവാങ്ങി നിറതിങ്കള്‍ പോലെ നിഷ്‌കളങ്കമായി ചിരിച്ച മണിയേട്ടനെ അവിടെക്കൂടിയ ആര്‍ക്കും മറക്കാനാവില്ല.

ഞങ്ങള്‍ കേട്ടത് മണിയേട്ടന്റെ അവസാനത്തെ പാട്ടായിരുന്നു. ജനുവരി 1 ന് രാത്രി പത്തേ മുക്കാലിന് യാത്ര പറയുമ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വീണ്ടും വരുന്നുണ്ട് കാട്ടിലേക്ക്.. ‘വന്നോളീ… ഞങ്ങളുണ്ടല്ലൊ കാട്ടില്… .
ഇനി കാട്ട്ന്ന് കാണാം ‘ എന്ന് മണിയേട്ടന്‍ ചിരിച്ചു.

ജനുവരി 5 ന് ഞാന്‍ വീണ്ടും കാടു കേറി. 4. 20 ആയിട്ടുണ്ടായിരുന്നു സമയം. ഇത്ര വൈകിയ സമയത്ത് കാടു കേറണമോ എന്നു പലരും ചോദിച്ചു. പക്ഷേ പോകാതിരിക്കാനാവില്ലായിരുന്നു. കാടു കേറുമ്പോള്‍ ആകെയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. അതിനെ കാണരുത്! ആ ജീവിയെ കാണരുത്! എനിക്കതിനെ ഇഷ്ടമേയല്ല. 2022 ജനുവരി 26 ന് മാതന്‍ എത്തന്റെ ജീവനെടുത്തതും ആ ജീവിവര്‍ഗമാണ്!

വലിയൊരു പെരുമ്പാമ്പ് വഴി മുടക്കിക്കിടന്നപ്പോള്‍ മനസ് പതറി! പോകരുതെന്നാണോ കാട് പറയുന്നത് ? കാട്ടില്‍ കയറിയാല്‍ കാടിന്റെ വിശ്വാസങ്ങളാണ് തലയ്ക്കുള്ളില്‍ നിറയുക ! അതിന് യുക്തിയുമായി നേരിയ അകലമുണ്ടാവും.

പെരുമ്പാമ്പ് പതിയെ കാട്ടിലേക്ക് കയറിയപ്പോള്‍ വിനോദേട്ടന്‍ വണ്ടിയെടുത്തു. ശീതകാലത്തിന്റെ ആലസ്യത്തില്‍ ആര്‍ദ്രത വറ്റിയ കാട് ! ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ നിന്ന് പൊടി പറന്നു. ആദ്യമായി കാടു കയറിയതും മണിയേട്ടനേയും സുഹൃത്തുക്കളേയും കണ്ടതും ഓര്‍മ വന്നു!

തേനീച്ചലാര്‍വ കൊണ്ടുണ്ടാക്കുന്ന ജ്യാന് മറി കാച്ചിത്, നെക്കുറിച്ച് മണിയേട്ടന്‍ പറഞ്ഞപ്പോള്‍ മുഖം ചുളിച്ചതും മറ്റുള്ളവര്‍ കളിയാക്കിച്ചിരിച്ചതും ഓര്‍മ വന്നു ! അവരുടെ ഭാഷയിലെ പദങ്ങള്‍ ഞാന്‍ പറയുന്നതിന്റെ അഭംഗിയെ കളിയാക്കിച്ചിരിക്കാനും മണിയേട്ടന്‍ മുന്നിലുണ്ടായിരുന്നു. അങ്ങനെയെത്രയെത്ര കുഞ്ഞോര്‍മകള്‍!

2025 ജനുവരിയില്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നടന്ന മേളയില്‍ മണിയും സുഹൃത്തും / ചിത്രം: അഖില്‍ സാജന്‍

4 ദിവസം മുമ്പുവരെ ഒരുമിച്ചിരുന്ന് കുന്തിരിക്കവും തേനും കുട്ടവട്ടികളും വില്‍പ്പന നടത്തിയതാണ്! മീന അപ്പനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ മണിയേട്ടന്റെ മുഖത്തെ പുത്രീവാല്‍സല്യം കണ്ടതാണ്. ആ കുഞ്ഞുങ്ങളെല്ലാം അനാഥമായിപ്പോയി ! അപ്പന്റെ മൃതദേഹം കണ്ട് ഏങ്ങിയേങ്ങിക്കരയുന്ന മീനമോളുടെ മുഖം മനസില്‍ നിന്നു മായുന്നേയില്ല.

മണിയേട്ടന്റെ മൂത്തമകള്‍ക്ക് സെറിബ്രല്‍ പാള്‍സി പോലെ എന്തോ അസുഖമാണ്. രണ്ടാമത്തെ മകളെ ഹോസ്റ്റലിലാക്കി മറ്റു മക്കളെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കണ്ണിക്കൈയില്‍ ജീപ്പിറങ്ങി നടക്കുകയായിരുന്നു മണിയേട്ടനും കൂട്ടരും. കൊടുംവനത്തിലൂടെ 5 കി.മി കൂടി നടന്നാലെ പൂച്ചപ്പാറയിലെത്തു. അഞ്ചുവയസുകാരന്‍ മനുവിനെയെടുത്ത് മണിയേട്ടനാണ് മുന്നില്‍ നടന്നിരുന്നത്.

ഗോത്രത്തിന്റെ രീതിയാണത്. കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്നയാളാണ് മുമ്പില്‍ നടക്കുക.

അപകടം പിടിച്ചൊരു സ്ഥലമായിരുന്നുവത്! കാട്ടില്‍ അപകടമില്ലാത്ത സ്ഥലമില്ല. എങ്കിലും ചിലയിടങ്ങള്‍ മുന്നോട്ടും പിറകോട്ടും മാത്രം പോകാന്‍ പറ്റുന്നയത്ര ഇടുങ്ങിയതാവാം. മുന്നിലേക്ക് പെട്ടന്നു തിരിഞ്ഞു വന്ന ദൊഡെജന്തുവിനെ കണ്ടപ്പോള്‍ കുഞ്ഞിനെ പിറകെയുള്ളവര്‍ക്ക് നേരെ എറിഞ്ഞു കൊടുത്ത് മണിയേട്ടന്‍ വഴി മാറാതെ നിന്നു. വഴി മാറിയാല്‍ പിറകെയുള്ള കുട്ടികള്‍ അപകടത്തിലാവുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു !മാതന്‍ എത്തനും അങ്ങനെയായിരുന്നു. സഹോദരന്റെ മകനെ രക്ഷിക്കാന്‍ ആ ജീവിക്ക് നിന്നുകൊടുക്കുകയായിരുന്നു.

ഒരാള്‍ മരിച്ചെ തീരൂ എന്നാണെങ്കില്‍ കൂട്ടത്തിലെ ഏറ്റവും യോഗ്യനായ, ധൈര്യശാലിയായ മുതിര്‍ന്ന നേതാവ് മരണത്തെ തിരഞ്ഞെടുക്കും.. അതാണ് ചോലക്കാരുടെ എഴുതാനിയമം. നീതിബോധം.

മണിയേട്ടനെ ആക്രമിച്ച ആ ജീവി വഴി മുടക്കി നില്‍ക്കുന്നതിനാല്‍ മണിയേട്ടന്റെ ഭാര്യയ്ക്കും മറ്റു മക്കള്‍ക്കും താഴേക്ക് ഇറങ്ങി വരാന്‍ പോലും പറ്റിയില്ല. സ്വന്തം ഭര്‍ത്താവിനെ ഒന്നു കാണാന്‍ പോലും ഭാഗ്യമില്ലാതെ ആ സ്ത്രീ അളയിലിരുന്ന് കരഞ്ഞിട്ടുണ്ടാവണം! നിസഹായരായ ജന്‍മങ്ങള്‍!

മണിയേട്ടന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ നോക്കുകയായിരുന്നു ഞാന്‍ ! ദാരിദ്ര്യം കാര്‍ന്നു തിന്നുന്ന സ്ത്രീകളും കുട്ടികളും! എല്ലുകളെണ്ണിയെടുക്കാനാവും വിധം മെലിഞ്ഞൊട്ടിയവര്‍. പോഷകാഹാരക്കുറവു കൊണ്ട് പ്രായത്തിലധികം വാര്‍ധക്യം തോന്നിക്കുന്ന മുഖങ്ങള്‍!

സ്ത്രീകളില്‍ ഹീമോഗ്ലോബിന്റെ കുറവ് സാധാരണമാണെന്ന് വിനോദ് സങ്കടത്തോടെ പറഞ്ഞു. മാതന്‍ എത്തന്റേയും തേന്‍ മാമന്റെയും ഇപ്പോള്‍ മണിയേട്ടന്റെയും മരണങ്ങള്‍ വിനോദിനെ ആകെ തകര്‍ത്തിരിക്കുന്നു. തേന്‍ മാമന്‍ അസുഖ ബാധിതനായി കിടപ്പിലായിരുന്നു. രണ്ടാഴ്ച പട്ടിണി കിടന്നാണത്രേ മരിച്ചത്.

കാട് പഴയ കാടല്ല. ആനകള്‍ കൂടി. വിഭവങ്ങള്‍ കുറഞ്ഞു വരുന്നു. അരിയില്ലെങ്കില്‍ പട്ടിണിയാണിപ്പോള്‍.

മണിയേട്ടനെ യാത്രയാക്കി തിരിച്ച് കാടിറങ്ങുമ്പോള്‍ വേദനകളുടെ എണ്ണം കൂടിയതേയുള്ളു. മുജ്ജന്‍മ ബന്ധം പോലെ ഞാന്‍ ചോലയുമായി എന്നന്നേയ്ക്കുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ് എനിക്ക് മനസിലാവുന്നത്.
അതാണിത്രയും വേദന!

വിശപ്പിനേയും ഉറക്കത്തേയും പോലും കീഴടക്കുന്ന കഠിനമായ വേദന ! വിനോദിന്റെ കൂടെച്ചേര്‍ന്ന് പട്ടിണിയില്‍ നിന്നും അവരെ രക്ഷിക്കണമെന്നാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന കുറേ മനുഷ്യരുണ്ടെന്നതാണ് ഏക ആശ്വാസം!

content highlights: About Mani, a Cholanaikka youth who was killed by a wild boar, Dr. Lijisha AT writing

ലിജിഷ എ.ടി
കിര്‍താഡ്‌സിലെ ലിംഗ്വിസ്റ്റിക്‌സ് റിസേര്‍ച്ച് അസിസ്റ്റന്റ്