| Sunday, 3rd December 2023, 9:55 am

മമ്മൂട്ടി അല്ലായിരുന്നെങ്കിൽ കല്ലെറിയപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുമായിരുന്നു: ആർ.എസ്. പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ജിയോ ബേബി കാതൽ ദി കോർ എന്ന സിനിമയിലൂടെ പറഞ്ഞുവെക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കും ജ്യോതികക്കും പുറമെ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ആർ.എസ്. പണിക്കർ.

മമ്മൂട്ടി ഇങ്ങനെയൊരു സിനിമ ഏറ്റെടുത്തതിനെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ആർ.എസ്. പണിക്കർ. സിനിമയ്ക്ക് ഇപ്പോൾ കിട്ടിയ സ്വീകാര്യതക്ക് കാരണം മമ്മൂട്ടിയാണെന്നും വേറെ ആരെങ്കിലുമാണെങ്കിൽ വിമര്ശിക്കപെടുകയും കല്ലെറിയപ്പെടുകയും ചെയ്യുമായിരുന്നെന്ന് ആർ. എസ്. പണിക്കർ പറഞ്ഞു. മമ്മൂട്ടി നായക സ്ഥാനത്ത് നിൽകുമ്പോൾ ആളുകൾക്ക് അങ്ങനെ വിമർശിക്കാൻ കഴിയില്ലെന്നും പണിക്കർ കൂട്ടിച്ചേർത്തു.

‘തീം അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സമൂഹത്തില്‍ വിപ്ലവകരമായ ഒരു വിഷയത്തെയാണ് കാതലിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഈയൊരു പ്രത്യേക വിഭാഗത്തോടുള്ള പൊതുസമൂഹത്തിന്റേയും ആളുകളുടേയുമെല്ലാം നിലപാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഈ സിനിമയ്ക്ക് ഇപ്പോള്‍ കിട്ടിയ സ്വീകാര്യത മമ്മൂട്ടിയെന്ന മഹാപ്രതിഭ ആ വേഷം എടുത്തതുകൊണ്ട് മാത്രമാണ്. വേറെ ആരെങ്കിലുമായിരുന്നു മമ്മൂട്ടിക്ക് പകരം ആ വേഷം എടുത്തിരുന്നതെങ്കില്‍ ഈ സിനിമ പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യുമായിരുന്നു. അതില്‍ ഒരു സംശയവുമില്ല.

മമ്മൂട്ടി ആ നായകസ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരള സമൂഹത്തിന് അങ്ങനെയങ്ങ് മമ്മൂട്ടിയെ വിമര്‍ശിക്കുവാനോ ആക്ഷേപിക്കുവാനോ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെയാണ് സിനിമാ പ്രേമികളും സിനിമയെ സീരിയസായി കാണുന്നവരും സന്തോഷത്തോടെ കാതലിനെ സ്വീകരിച്ചത്.

തിയേറ്റര്‍ വിസിറ്റിന്റെ ഭാഗമായി നിരവധി തിയേറ്ററുകളില്‍ പോയിരുന്നു. സിനിമയെ കുറിച്ചുള്ള ആളുകളുടെ നിലപാട് ചോദിച്ചറിഞ്ഞിരുന്നു. വലിയ ആവേശത്തോടെയാണ് പുതിയ തലമുറ സിനിമയെ ഏറ്റെടുത്തത്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പഴയ തലമുറകളില്‍ ഉള്ളവര്‍ ചിലപ്പോള്‍ നെറ്റി ചുളിച്ചേക്കാം.

പ്രായമായവരൊക്കെ കുടുംബത്തോടെ സിനിമ കാണാന്‍ വന്നിട്ടുണ്ട്. അതില്‍ ഭാര്യമാരാണ് കൂടുതല്‍ ഹാപ്പി. ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കണ്ടിതിന് ശേഷം ഒരു ചെറിയ നിശബ്ദമായ വിപ്ലവം നമ്മുടെ വീടുകളിലും അടുക്കളകളിലും നടന്നിട്ടുണ്ട്. അതുപോലെ നിശബ്ദമായ ഒരു വിപ്ലവം ഈ സിനിമയ്ക്ക് ശേഷം കേരള സമൂഹത്തില്‍ ഉണ്ടാകും, ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് എന്റെ വിലയിരുത്തല്‍,’ ആർ. എസ്. പണിക്കർ പറഞ്ഞു.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: About Mammootty’s portrayal of the role in kathal, R.S. Panicker

We use cookies to give you the best possible experience. Learn more