| Friday, 4th November 2016, 6:59 pm

സംഘ് പരിവാര സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം; സുബ്രഹ്മണ്യം സ്വാമിക്കും ഗോപാലകൃഷ്ണനും പരിചയമില്ലാത്ത മലപ്പുറത്തെ കുറിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരിക്കടുത്ത് മൂന്നാക്കലിലെയും പരിസരഗ്രാമങ്ങളിലെയും നിവാസികള്‍ക്ക് അരി വില വര്‍ധിക്കുന്നതിനെകുറിച്ചു വേവലാതിയേ ഇല്ല. കാരണം, മൂന്നാക്കല്‍ ജുമാമസ്ജിദില്‍നിന്ന് ആവശ്യമായ അരി സൗജന്യമായി അവര്‍ക്ക് എന്നെന്നും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനു ജാതിമത വേര്‍തിരിവില്ല.



മലപ്പുറം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുബ്രഹ്മണ്യം സ്വാമിയും ഗോപാലകൃഷ്ണന്‍മാരും മലപ്പുറത്തെ വായിക്കുന്നത് കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ചില നുണകള്‍ക്ക് അപാരശക്തിയുണ്ടല്ലോ. കേട്ടാല്‍ ആരുമങ്ങു വിശ്വസിച്ചുപോകും.

അങ്ങനെയുള്ള ഒരുകൂട്ടം നുണ ബോംബുകളുടെ ഭാണ്ഡം മലപ്പുറത്തിന്റെ മുതുകില്‍ കയറ്റിവെച്ചിട്ടും അതൊന്നും എങ്ങുമെത്തിയിട്ടില്ലെന്നതാണ് ചരിത്രം.

മലപ്പുറത്തിനുപുറത്തുള്ളവര്‍ ഈ കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുണ്ടാകാം. അതുകൊണ്ടാണല്ലോ അന്ധന്‍ ആനയെ വിവരിക്കുംപോലെ ചിലര്‍ ഇപ്പോഴും അതേ വിഷവിത്തുകള്‍ വിതറി മുളപ്പിക്കാന്‍ ശ്രമിക്കുന്നത്.

അതുകൊണ്ട് അസഹിഷ്ണതയുടെ വിളനിലമായി പ്രചരിപ്പിക്കപ്പെടുന്ന മലപ്പുറത്തിന്റെ ഗ്രാമാന്തരങ്ങളിലേക്ക് ഞാന്‍ സംഘ് പരിവാര സുഹൃത്തുക്കളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ സുബ്രഹ്മണ്യന്‍ സ്വാമിയെക്കൂടിക്കൂട്ടിക്കോളൂ. ഹിന്ദുവും, മുസല്‍മാനും പരമ്പരാഗതമായി കൈമാറിവന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മനുഷ്യപ്പറ്റിന്റെയും ശേഷിപ്പുകള്‍ ഈ മണ്ണില്‍ എത്രത്തോളം ലയിച്ചു ചേര്‍ന്നിട്ടുണ്ടെന്ന് ഞങ്ങള്‍ കാണിച്ചു തരാം, നിങ്ങള്‍ക്ക്.


Don”t Miss:ഞാന്‍ ഒരു ഹിന്ദുവാണ്. എന്നാല്‍ ബി.ജെ.പി, നിങ്ങളുടെ ഹിന്ദുത്വത്തെ ഞാന്‍ തിരസ്‌കരിക്കുന്നു; നിങ്ങളുടെ ഫാസിസത്തെയും 


കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏതു പ്രദേശത്തേക്കാളും സ്‌നേഹവും സൗഹാര്‍ദവും മതേതരത്വത്തിന്റെ വേരുകളും ഇവിടെ ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് ബോധ്യമായാല്‍ അന്നു മുതല്‍ ഞാനും പിടിക്കാം നിങ്ങളുടെ കാവിക്കൊടി. നിങ്ങള്‍ പറയുന്നതാണ് സത്യമെന്ന് പ്രചരിപ്പിക്കാം. അതല്ലങ്കിലോ?

ഒന്നും വേണ്ട. ഒരപേക്ഷയേയുള്ളൂ. നട്ടാല്‍ മുളയ്ക്കുന്ന ഈ നുണപ്രചാരണം ഒന്നവസാനിപ്പിക്കുക അത്രമാത്രം മതി. കാരണം ഞങ്ങള്‍ക്കിവിടെ ഇനിയും ഇങ്ങനെതന്നെ ജീവിക്കാനുള്ളതാണ്.

അതുകൊണ്ട് മലപ്പുറത്തിന്റെ മതേതര മനസ്സിനെക്കുറിച്ച് അറിയാത്തവര്‍ക്കായി നിങ്ങളുടെ ആരോപണങ്ങളെയെല്ലാം ഒറ്റടിയ്ക്ക് പൊളിച്ചടക്കുന്ന “മലപ്പുറം, ബിയോണ്ട് ദി ടേല്‍സ്” എന്ന ഡോക്യുമെന്ററി കാണണമെന്ന് ഞാനഭ്യാര്‍ഥിക്കുകയാണ്.

തോപ്പില്‍ ഷാജഹാന്‍


പത്രപ്രവര്‍ത്തകനായിരുന്ന തോപ്പില്‍ ഷാജഹാന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ഇക്കാലംവരെ പുറംലോകം കേട്ടുപതിഞ്ഞ കഥകള്‍ക്കപ്പുറമുള്ള മലപ്പുറത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതെക്കുറിച്ച് എന്റെ സുഹൃത്ത് മുഷ്താഖ് കൊടിഞ്ഞി സുപ്രഭാതം ഞായര്‍ പ്രഭാതത്തില്‍ എഴുതിയ ഇതാ ഇങ്ങനെയൊക്കെയാണ് മലപ്പുറം എന്ന റിവ്യൂ വായനക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

ഇങ്ങനെയൊക്കെയാണ് മലപ്പുറം – മുഷ്താഖ് കൊടിഞ്ഞി

” മലപ്പുറം, ബിയോണ്ട് ദി ടേല്‍സ് “എന്ന ഡോക്യുമെന്ററിയുടെ മലയാളം പതിപ്പായ “മലപ്പുറം, കഥകള്‍ക്കപ്പുറം” സോഷ്യല്‍ മീഡിയയില്‍ കണ്ടത് നാല് ലക്ഷത്തോളം പേര്‍. അസഹിഷ്ണതയുടെ വിളനിലമായി പ്രചരിപ്പിക്കപ്പെടുന്ന മലപ്പുറത്തിന്റെ ഗ്രാമാന്തരങ്ങളില്‍ മതേതരത്തിന്റെ വേരുകള്‍ എത്രത്തോളം പടര്‍ന്നു കിടക്കുന്നുണ്ടെന്ന് ഈ ഡോക്യുമെന്ററി കാണിച്ചുതരുന്നുണ്ട്.

ഹിന്ദുവും, മുസല്‍മാനും പരമ്പരാഗതമായി കൈമാറിവന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മനുഷ്യപ്പറ്റിന്റെയും ശേഷിപ്പുകള്‍ ഈ മണ്ണില്‍ എത്രത്തോളം ലയിച്ചു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദൃശ്യവിരുന്നിലൂടെ മനസ്സിലാക്കാം. മമ്പുറംതങ്ങളും, യാഹൂംതങ്ങളും പോലുള്ള സൂഫിവര്യന്മാര്‍ പ്രസരിപ്പിച്ച മനുഷ്യസ്‌നേഹം ഈഭൂമികയില്‍ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് ഈദൃശ്യാവിഷ്‌കാരം നമുക്ക് കാണിച്ചുതരുന്നു. മലപ്പുറത്തെ മനുഷ്യസ്‌നേഹത്തിന്റെയും, ആദരവിന്റെയും ഒന്‍പത് നേര്‍ക്കാഴ്ചകളാണ് ഡോക്യമെന്ററിയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

കാരുണ്യത്തിന്റെ അരിമണികള്‍.

വളാഞ്ചേരിക്കടുത്ത് മൂന്നാക്കലിലെയും പരിസരഗ്രാമങ്ങളിലെയും നിവാസികള്‍ക്ക് അരി വില വര്‍ധിക്കുന്നതിനെകുറിച്ചു വേവലാതിയേ ഇല്ല. കാരണം, മൂന്നാക്കല്‍ ജുമാമസ്ജിദില്‍നിന്ന് ആവശ്യമായ അരി സൗജന്യമായി അവര്‍ക്ക് എന്നെന്നും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനു ജാതിമത വേര്‍തിരിവില്ല. അരി ആവശ്യമുള്ളവര്‍ക്ക് പള്ളികമ്മിറ്റിയില്‍ നിന്ന് ഒരു കാര്‍ഡ് സ്വന്തമാക്കാം. ഈ കാര്‍ഡിന് റേഷന്‍കാര്‍ഡിനേക്കാള്‍ വിലമതിക്കുന്നു. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന അരിയാണ് ആയിരക്കണക്കിനു മനുഷ്യര്‍ക്ക് ആശ്വാസമാകുന്നത്.

അരി ലഭിക്കാന്‍ “”മഹല്ലില്‍ താമസക്കാരനാകണമെന്ന ഏകയോഗ്യത മതി””യെന്ന് അരി വിതരണത്തിനു മേല്‍നോട്ടംവഹിക്കുന്ന വഖഫ് ബോര്‍ഡ് ഡിവിഷണല്‍ മാനേജര്‍ നാലകത്ത് റഹ്മത്തുല്ല പറയുന്നു. ഏതു മതവിശ്വാസിക്കും മതം ഇല്ലാത്തവര്‍ക്കും ഈ അരി ലഭിക്കും. പള്ളിയില്‍ ലഭിക്കുന്ന അരിയുടെ തോത് വര്‍ധിച്ചപ്പോഴാണ് പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും അരിവിതരണം വ്യാപിപ്പിച്ചത്. ഇപ്പോള്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുപോലും അരി വാങ്ങാനെത്തുന്നവരുണ്ട്.

സാഹോദര്യത്തിന്റെ താമര ഇതളുകള്‍.

മാമാങ്കത്തിന്റെ ഓര്‍മകള്‍ തുടിക്കുന്ന തിരുനാവായയില്‍ വിരിയുന്ന താമരകള്‍ക്കും സാഹോദര്യത്തിന്റെ കഥയാണ് പറയാനുള്ളത്. ഇവിടെ വിരിയുന്ന താമരകളാണ് ഗുരുവായൂര്‍ ഉള്‍പെടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനക്കായി എത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യമായ താമര കാലങ്ങളായി കൃഷിചെയ്തു എത്തിക്കുന്നത് മുസ്‌ലിംകര്‍ഷകരും.

“”ഞങ്ങള്‍ താമരയുമായി ക്ഷേത്രങ്ങളിലെത്തുമ്പോള്‍ വലിയ സ്‌നേഹത്തോടെയാണ് ഹൈന്ദവ സ്‌നേഹിതര്‍ സ്വീകരിക്കുന്നതെന്ന് “” കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ താമരയെത്തിക്കുന്ന മുസ്തഫ പറയുന്നു. “”ആരും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞവിലക്കാണ് മുസ്തഫ താമര നല്‍കുന്നതെന്ന് “” തിരുനാവായ നവമുകുന്ദ ക്ഷേത്ര മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരിയുടെ സാക്ഷ്യം. അതിജീവനത്തിന്റയും കൊടുക്കല്‍ വാങ്ങലുകളുടെയും മത സാഹോദര്യമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.


Also Read: പള്ളിക്കമ്മറ്റിയില്‍ പെണ്ണ് കയറുമ്പോള്‍…


മമ്പുറംതങ്ങളും ഭഗവതിയും.

പൊയ്ക്കുതിരകളേന്തി വാദ്യമേളങ്ങളുമായി ആദ്യം മമ്പുറംതങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ചു കാണിക്കസമര്‍പ്പിച്ചു അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവപറമ്പിലേക്ക് തിരിക്കുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ മമ്പുറം മഖാംമുറ്റത്ത് കളിയാട്ടക്കാവ് ഭഗവതിയെയും പ്രകീര്‍ത്തിക്കുന്ന പാട്ട് പാടി നൃത്തം ചവിട്ടുന്ന കാഴ്ച അതിമനോഹരം തന്നെ. പരമ്പരാഗതമായി ഇവിടെ നിലനിന്നിരുന്ന സാഹോദര്യം വിളിച്ചോതുന്നതാണ് ഈ കാഴ്ച. മതമൈത്രിക്ക് മമ്പുറം തങ്ങള്‍ നല്‍കിയ സംഭാവനകള്‍കൂടി ഡോക്യുമെന്ററി പ്രതിപാദിക്കുന്നുണ്ട്.

“”മമ്പുറം തങ്ങള്‍ എല്ലാവിധ ജനവിഭാഗങ്ങളോടും പ്രത്യേകിച്ചു ഹൈന്ദവ സമൂഹത്തോട് വളരെനല്ല സ്‌നേഹാദരവുകളാണ് പ്രകടിപ്പിച്ചതെന്നും അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടുംഹൈന്ദവസഹോദരങ്ങള്‍ കളിയാട്ടക്കാവ് ഉല്‍സവത്തിന്റെ ആരംഭമായി മമ്പുറംമഖാം സന്ദര്‍ശിക്കുന്നതെന്നും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി പറയുന്നു.

നന്മയുടെ ആദ്യാക്ഷരം.

മലയാളത്തെ കടഞ്ഞെടുത്ത തുഞ്ചനെഴുത്തച്ഛന്‍ ജനിച്ച തിരൂര്‍ തുഞ്ചന്‍പറമ്പിനെ സാംസ്‌കാരിക കേന്ദ്രമാക്കുന്നത് ഇവിടത്തെ മത സാഹോദര്യം തന്നെയാണ്. വിജയദശമിനാളില്‍ ആദ്യക്ഷരത്തിന്റെ ഹരിശ്രീ കുറിക്കാനെത്തുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രം തുഞ്ചന്‍പറമ്പെന്നത് ഏവര്‍ക്കുമറിയാം.

പ്രതിവര്‍ഷം ആറായിരത്തോളം കുരുന്നുകള്‍. ഇവരെ സഹായിക്കാനാവട്ടെ ഓടിനടക്കുന്നത് മുസ്‌ലിം സഹോദരങ്ങളാണെന്ന് സാഹിത്യകാരനും തുഞ്ചന്‍പറമ്പ് അഡ്മിനിസ്‌ട്രേറ്ററുമായ കെ.പി. രാമനുണ്ണി. “”മുസ്‌ലിം മതവിശ്വാസിയും അനുഷ്ഠാനങ്ങളില്‍ താല്പര്യമുള്ളയാളുമായ ഞാന്‍ തുഞ്ചന്‍പറമ്പിലെത്തുന്നത് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുണയുന്നത് കാണാനാണെന്നേ”” കവിയും സിനിമാ ഗാന രചിയിതാവുമായ കാനേഷ് പൂനൂര്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് പാല്‍ വിതരണംചെയ്യുന്ന മുസ്‌ലിം സഹോദരങ്ങളെയും ഡോക്യുമെന്ററിയില്‍ കാണാം.

സൗഹാര്‍ദ്ദത്തില്‍ കടഞ്ഞെടുത്ത മിമ്പര്‍.

ആയുര്‍വ്വേദ രംഗത്ത് ലോക പ്രശസ്തമാണ് കോട്ടക്കല്‍. അതുപോലെ മതമൈത്രിക്കും കീര്‍ത്തി കേട്ട ഇടം. കോട്ടക്കലിലെ പാലപ്പുറ മസ്ജിദില്‍ ജുമുഅക്ക് ഖുത്തുബ നിര്‍വ്വഹിക്കുന്ന മിമ്പറിനുമുണ്ട് ഇത്തരമൊരു കഥ പറയാന്‍. ഇവിടത്തെ മിമ്പര്‍ പണിതിരിക്കുന്നത് മതസൗഹാര്‍ദ്ദം കൊണ്ടണ്ടാണ്. ഈ കഥ പാലപ്പുറ ജുമാ മസ്ജിദ് മുന്‍ സെക്രട്ടറി കുഞ്ഞാമ്മുട്ടി മാസ്റ്റര്‍ പറയുന്നത് നോക്കുക.

“”ഈ പള്ളിയിലേക്ക് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ആര്യ വൈദ്യശാല സ്ഥാപകന്‍ പി.എസ്. വാര്യര്‍ ഒരിക്കല്‍ പള്ളി ഭാരവാഹികളോട് ചോദിച്ചു. അവര്‍ പള്ളിയില്‍ ഭംഗിയുള്ള ഒരു മിമ്പറിന്റെ കുറവ് വാര്യരോട് പറഞ്ഞു. എവിടെ പോയാല്‍ മിമ്പര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നായി വാര്യര്‍. എല്ലാവരും കൂടി ആലോചിച്ചു. വാര്യരും പള്ളി കമ്മിറ്റിക്കാരും പൊന്നാനി പള്ളിയില്‍ പോയി അവിടത്തെ മിമ്പര്‍ കണ്ടു. അതുപോലുള്ള മിമ്പര്‍ വാര്യര്‍ ഈ പള്ളിക്ക് നിര്‍മ്മിച്ചു നല്‍കുകയാണുണ്ടായത്. ഈ സംഭവത്തെ ഇപ്പോഴത്തെ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റിയും പത്മശ്രീ ജേതാവുമായ പി.കെ വാര്യര്‍ സാക്ഷ്യപ്പെടുത്തുന്നതും ഡോക്യുമെന്ററിയിലുണ്ട്.

ശ്രീകൃഷ്ണനും, ഇഖ്ബാലും.

ഏതു തിരക്കിനിടയിലും ആര്‍ട്ടിസ്റ്റ് ഇഖ്ബാല്‍ മനസ്സില്‍ കുറിച്ചുവെയ്ക്കുന്ന ഒരുദിനമുണ്ട്. ശ്രീകൃഷ്ണജയന്തി. കാരണം ഇഖ്ബാലിന്റെ കരവിരുതിലൂടെവേണം അന്നത്തെ ശോഭായാത്രയുടെ പ്ലോട്ടുകള്‍ തേരിലുരുളാന്‍. രണ്ടു പതിറ്റാണ്ടായി ഇവിടത്തെ ശോഭയാത്രയ്ക്ക് പ്ലോട്ട് ഒരുക്കുന്നത് ഇഖ്ബാലാണ്. ഒരു തപസ്യപോലെ. ഈ പ്ലോട്ട് നിര്‍മ്മാണത്തിനു ഇഖ്ബാല്‍ പ്രതിഫലം വാങ്ങാറില്ലെന്നും സംഘാടകര്‍ നല്‍കുന്ന സമ്മാനം സ്വീകരിക്കുകയാണ് പതിവെന്നും ശോഭയാത്ര കമ്മിറ്റി രക്ഷാധികാരി വിവേകാനന്ദന്‍.

ഇഖ്ബാലാണ് ഒരോ ശോഭയാത്രക്കും വേണ്ടി പ്ലോട്ട് പോലും നിശ്ചയിക്കുന്നത്. കാല്‍ നൂറ്റാണ്ടിനിടയില്‍ ശ്രീകൃഷണ്‌ന്റെ ജീവിതത്തിലെ മിക്ക രംഗങ്ങളും പ്ലോട്ടായി അവതരിപ്പിച്ചു കഴിഞ്ഞതായി ഇഖ്ബാല്‍ പറയുന്നു.

പരിയാണിയും നോമ്പ്തുറയും.

പെരിന്തല്‍മണ്ണ ജുമാമസ്ജിദില്‍ റമസാനില്‍ നോമ്പ്തുറ അറിയിക്കാന്‍ കതിന പൊട്ടിക്കുന്ന പരിയാണിയുടെ കഥയാണ് മറ്റൊന്ന്. നാല്‍പത് വര്‍ഷമായി ഒരു സാധന പോലെ പരിയാണി ഇതു ചെയ്തുവരുന്നു. അറുപത് വര്‍ഷം മുന്‍പ് തുടങ്ങിയ കതിന വെടിക്ക് അങ്ങാടിപ്പുറം ക്ഷേത്രത്തില്‍ നിന്നാണ് ആദ്യം കതിനക്കുറ്റി നല്‍കിയതെന്ന് മസ്ജിദ് സെക്രട്ടറി കാരാട്ട് അബ്ദുല്ല ഓര്‍ക്കുന്നു.

ഹൈന്ദവ സഹോദരനായ പരിയാണി നാല്പത് വര്‍ഷമായി കൃത്യനിഷ്ടയോടെയാണ് ഇതു നിര്‍വഹിക്കുന്നതെന്നും അദ്ദേഹത്തിനു അസുഖമായപ്പോള്‍ കതിന പൊട്ടിക്കല്‍ മാറ്റി വെക്കുകയായിരുന്നുവെന്നും മസ്ജിദ് ട്രഷറര്‍ പാക്കത്ത് മുസ്തഫയും പറയുന്നു. (കഴിഞ്ഞ വര്‍ഷമാണ് പരിയാണി മരിച്ചത്)

മതമൈത്രിയുടെ കൊടിയേറ്റം.

വെട്ടത്ത് രാജാവിന്റെ നാട്ടില്‍ പുതിയങ്ങാടിയിലെ യാഹൂം തങ്ങളുടെ മഖാം നേര്‍ച്ചയില്‍ പൂത്തുലയുന്ന മത സൗഹാര്‍ദ്ദമാണ് ഡോക്യുമെന്ററിയുടെ മറ്റൊരു വിഷയം. നേര്‍ച്ചയുടെ ചെറിയ കൊടിയേറ്റത്തിന്റെ ദിവസം രാവിലെ പുല്ലുണി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പഴവും, വെളിച്ചെണ്ണയും കൊണ്ടുവരും. ഹൈന്ദവ തറവാടായ അമ്പാട് കുടുംബാംഗങ്ങളാണ് നേര്‍ച്ചയുടെ കൊടിയേറ്റം നടത്തുക.

എന്റെ അച്ഛനും വലിയച്ഛനും നേര്‍ച്ചക്ക് കൊടിയേറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ടെണ്ടന്നും ഞാനും എന്റെ സഹോദരങ്ങളുമാണ് ഇപ്പോള്‍ കൊടിയേറ്റുന്നതെന്നും ഇതേറെ ആത്മീയ അനുഭൂതി ലഭിക്കുന്നതാണെന്നും അമ്പാട്ട് അറുമുഖന്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നുണ്ട്.


Must Read: ‘സാനിറ്ററി പാഡ് പത്രത്തുണ്ടുകളില്‍ പൊതിഞ്ഞുകെട്ടി തരാന്‍ ഞങ്ങള്‍ വാങ്ങുന്നത് കൈക്കൂലിയൊന്നുമല്ല’ സ്ത്രീകളോട് സംവദിക്കുന്ന ആറ് ചിത്രങ്ങള്‍ 


പൂജാരിനിയമനം മുസ്‌ലിം കാരണവരില്‍.

താനൂര്‍ ശോഭപറമ്പിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കാര്‍മ്മികനായ പൂജാരിയെ നിയമിക്കുന്നത് പഴയകത്ത് തറവാട്ടിലെ മുസ്‌ലിം കാരണവരാണ്. നൂറ്റാണ്ടുകളായി ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു ഈ പ്രദേശത്തുകാര്‍. തിരിയുഴിച്ചില്‍പാട്ട് എന്ന ചടങ്ങോടെയാണ് ഇതു നടന്നു വരുന്നതെന്ന് ക്ഷേത്ര പ്രസിഡന്റ് സി.കെ. സുന്ദരന്‍ പറയുന്നു.

2008 ല്‍ അച്ഛന്റെ മരണ ശേഷം മകന്‍ രാജീവാണ് കാര്‍മ്മികന്‍. അന്നു പഴകത്ത് തറവാട്ടിലെ കാരണവര്‍ ബാപ്പുഹാജിയാണ് സ്ഥാനാരോഹണം നടത്തിയത്. ആ ചടങ്ങ് ഒരു ഉല്‍സവമായാണ് നാട് കൊണ്ടണ്ടാടിയത്. “”54 വര്‍ഷം മുന്‍പ് ഇപ്പോഴത്തെ പൂജാരി രാജീവിന്റെ അച്ഛനെയും മറ്റു മൂന്നുപേരെയും എന്റെ പിതാവാണ് സ്ഥാനാരോഹണം നടത്തിതെന്നും ഞാന്‍ രാജീവിനെയും മൂന്ന് പേരെയും ഞാനാണ് നിയമിച്ചതെന്നും”” ബാപ്പുഹാജി പറയുന്നു.

മനുഷ്യനന്മയുടെയും സഹിഷ്ണതയുടെയും ഇത്തരത്തിലുള്ള അടയാളങ്ങളാണ് മലപ്പുറത്ത് സമാധാന ജീവിതം സാധ്യമാക്കുന്നതെന്നാണ് ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നത്. മലപ്പുറത്തെ ഗ്രാമാന്തരങ്ങളില്‍ ഇനിയും ധാരാളം മത സൗഹാര്‍ദ്ദത്തിന്റെ സംഭവങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ തോപ്പില്‍ ഷാജഹാന്‍ പറയുന്നു. ഒരു ഡോക്യുമെന്ററിയുടെ ഫ്രെയിമില്‍ ഇതിനെ ഒതുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഭാഷ്യം.

“മലപ്പുറം, ബിയോണ്ട് ദി ടേല്‍സ്”  ഡോക്യുമെന്ററി….

Latest Stories

We use cookies to give you the best possible experience. Learn more