ഖത്തര്‍ ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ഏറ്റവും ശക്തരെ കിട്ടിയത് ഇന്ത്യക്ക് ഒരു നിലയില്‍ ഗുണമാണ് എന്ന് പറയാം. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് വരെ മുന്നോട്ട് പോകാന്‍ സാധ്യത ഉണ്ടെന്നിരിക്കെ രണ്ട് ഗോള്‍ തോല്‍വി പോലും ഇന്ത്യക്ക് വിജയ തുല്യമാവും.
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടം. കായിക രംഗത്ത് പ്രമുഖമായ ഏതിനത്തിലും ലോകത്തെ ഏത് ടീമിനെയും മുട്ടാനും ജയിക്കാനും കപ്പാസിറ്റിയുള്ള ‘ പ്രൊഫഷണല്‍ ‘ ടീമാണ് ഓസ്‌ട്രേലിയ. ഫുട്‌ബോള്‍ എടുത്താല്‍ ലോക ജേതാക്കളായ അര്‍ജന്റീനയെ അവര്‍ അവസാനം കളിച്ച രണ്ടുമത്സരങ്ങളിലും ഞെട്ടിച്ചിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ മെസ്സിയും സംഘവും ഓസ്‌ട്രേലിയ ‘ കടന്നത് ‘ എങ്ങിനെ എന്ന് നമ്മള്‍ കണ്ടതാണ്. തന്ത്രത്തിന് തന്ത്രവും തടിക്ക് കെല്‍പ്പും ഉള്ളവരാണ് അവര്‍. ഒപ്പം ‘ തെറിക്ക് തെറി ‘ എന്ന അപ്രോച്ചിലും സ്‌പോര്‍ട്ട്‌സിനെ കാണും ഓസീസ് ടീമുകള്‍.
നിലവില്‍ ക്രിക്കറ്റ്, ഹോക്കി ഇനങ്ങളില്‍ അവരെ നമുക്ക് തോല്‍പ്പിക്കാന്‍ പറ്റും.
ഫുട്‌ബോളിലോ ? 2011 ഖത്തറില്‍ തന്നെ നടന്ന ഏഷ്യന്‍ കപ്പിലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയന്‍ ടീമിനോട് കളിക്കുന്നത്. 4-0 തോല്‍വിയായിരുന്നു ഫലം. സുബ്രതോ പാല്‍ സ്‌പൈഡര്‍മാന്‍ എന്ന പേര് വാങ്ങിയ ആ മത്സരത്തില്‍ ഇന്ത്യ ശരിക്കും പൊരുതുകയായിരുന്നു. അന്ന് ഇന്ത്യയില്‍ ഐ.എസ്എ.ല്‍ തുടങ്ങിയിട്ടില്ല. പ്രമുഖ കളിക്കാരെയും കോച്ചുമാരെയും നമ്മുടെ കളിക്കാര്‍ പ്രൊഫഷണല്‍ ‘ലവലിന്‍ ‘ സന്ധിച്ചിട്ടില്ല. അവരുമായുള്ള ഡ്രസിംഗ് റൂം ബന്ധങ്ങള്‍ ഇല്ല. ഓരോ കളിക്കാരനും സ്വന്തമായി ആര്‍ജ്ജിച്ച ‘ ആവേശം ‘ മാത്രമാണ് അന്ന് തോല്‍വി നാലില്‍ ഒതുക്കിയത്.
അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിന്റെ പാതിപോലും ഇന്നില്ല. പ്രീമിയര്‍ ലീഗ് സ്റ്റാറുകള്‍ കാഹിലും കീവിലുമൊക്കെ അന്ന് മഞ്ഞക്കുപ്പായത്തില്‍ ഉണ്ട്. നിലവിലെ ഓസ്‌ട്രേലിയന്‍ ടീം ഒരു തലമുറമാറ്റത്തില്‍ ആണ്. ടോം റോജിക്ക്, അറോണ്‍ മൂണി, ലാഞ്ചോ തുടങ്ങിയവരോക്കെ ബൂട്ടഴിച്ചു. മാറ്റ് ലക്കി ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ണമെന്റിന് വന്നിട്ടുമില്ല.
2023(4) ഖത്തര്‍ ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ഏറ്റവും ശക്തരെ കിട്ടിയത് ഇന്ത്യക്ക് ഒരു നിലയില്‍ ഗുണമാണ് എന്ന് പറയാം. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് വരെ മുന്നോട്ട് പോകാന്‍ സാധ്യത ഉണ്ടെന്നിരിക്കെ രണ്ട് ഗോള്‍ തോല്‍വി പോലും ഇന്ത്യക്ക് വിജയ തുല്യമാവും. അതുക്കും മേലെ നേടാന്‍ കഴിഞ്ഞാല്‍ അതിനെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച എന്ന് ഉറക്കെ വിളിച്ചുപറയാം. പിന്നീട് ഉസ്ബക്, സിറിയ ടീമുകളെ പഠിച്ചുനേരിടാനും അടുത്ത റൗണ്ടിലേക്ക് കയറാനും ഇന്ത്യക്ക് സാധ്യതയുണ്ടാവും.
വേഗതയും മസിലും വെച്ച് കളിക്കുന്ന ഓസ്‌ട്രേലിയയെ മുട്ടാന്‍ 10 വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനുഭവം നമ്മുടെ കളിക്കാരെ പഠിപ്പിച്ചിട്ടില്ല എങ്കില്‍ നമ്മള്‍ പിന്നോട്ടാണ് എന്ന് പറയേണ്ടിവരും.
ഇന്ന് സന്ധു സുബ്രതോ പാല്‍ ആവുമോ ജിംഗാന്‍ മഹേഷ് ഗാവലി ആവുമോ എന്ന് അറിയില്ല. റെനഡി സിംഗ് പോലെ മധ്യനിര ഭരിക്കാന്‍ കാലുറപ്പുള്ള ഒരാളും ഇനിയും ഈ ടീമില്‍ ഇല്ലെ എന്നും ചോദിക്കാം. സുനില്‍ ഛേത്രി നാല്പതാം വയസിലും ഇന്ത്യന്‍ ടീമില്‍ തുടരുന്നത് നമ്മുടെ പ്രതിഭാദാരിദ്ര്യം അല്ലേ കാണിക്കുന്നത് എന്നും ഊക്കോടെ ചോദ്യം വരും.
ശരാശരിക്കാര്‍ക്ക് ‘ പ്രതിഭാപട്ടം ‘ ഓണ്‍ലൈനില്‍ കോടികണക്കിന് ലൈക്കുള്ള പോസ്റ്റ് ഇട്ടാല്‍ ദേശീയ ടീം രക്ഷപ്പെടുമോ ? ഉത്തരം ഇന്ന് കിട്ടും
content highlights: About India Australia match in Asia Cup