മെയ് 3 നാണു അപ്പൂപ്പന്‍ത്താടി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ യാത്ര അറിയിപ്പ് വന്നത് . അപ്പൂപ്പന്‍താടി സ്ത്രീകള്‍ക്ക് വേണ്ടിയുള്ള യാത്ര ഗ്രൂപ്പ് ആണ് .പേര് അന്വര്‍ത്ഥമാക്കും വിധം വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകളെ പരിചയപ്പെടാനും അവരുമായി ഇടപഴകാനുമുള്ള ഒരു കിടിലന്‍ അവസരവുമാണ് ഈ ഗ്രൂപ്പ് വഴി ലഭിക്കുന്നത്.
ഈ ഗ്രൂപ്പുമായി സഹകരിച്ചുള്ള എന്റെ ഏഴാമത്തെയോ എട്ടാമത്തെയോ യാത്രയാണ് ഇത്. സുരക്ഷാ കാരണങ്ങളാലും അതുപോലെ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള മടി കാരണവും പലപ്പോഴും സ്ത്രീകള്‍ യാത്രകള്‍ ഒഴിവാക്കാറാണ് പതിവ്.
യാത്ര ആസ്വദിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.
നിലവില്‍ കേരളത്തില്‍ ഇത്തരം ഒട്ടനേകം സംഘങ്ങളുണ്ട്.പ്രധാനമായും സോഷ്യല്‍ മീഡിയ വഴിയാണ് ഇവരുടെ സേവനം നമുക്ക് ലഭ്യമാകുന്നത്.
അപ്പൂപ്പന്‍താടിയുടെ ഈ വര്‍ഷത്തെ ഹോണ്‍ബില്‍ ഫെസ്റ്റിവലിലേക്കുള്ള നാലാമത്തെ ഗ്രൂപ്പില്‍ ചേര്‍ന്നു, എനിക്ക് ആദ്യത്തെ മൂന്ന് ഗ്രൂപ്പുകളില്‍ ചേരാന്‍ കഴിഞ്ഞില്ല. കുറേ വര്‍ഷങ്ങളായുള്ള ആഗ്രഹം ആയതിനാല്‍ പൈസ അടച്ചു ഇതില്‍ അംഗമായി.
യാത്രയ്ക്കായി സൈന്‍ അപ്പ് ചെയ്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച് യാത്രയുടെ വിശദാംശങ്ങള്‍ പങ്കിടുക എന്നതാണ് ആദ്യ ഘട്ടം. ഒരു യാത്രികനെ സംബന്ധിച്ച് യാത്രക്ക് മുന്നേയുള്ള ആശങ്കകള്‍ ഒഴിവാക്കാനും അതുപോലെ മുന്നൊരുക്കങ്ങള്‍ നടത്താനും ഇത് ഏറെ പ്രയോജനകരമാണ്.
ഗ്രൂപ്പില്‍ നമുക്ക് സ്വയം പരിചയപ്പെടുത്താം. വളരെ ചുരുക്കം ആളുകള്‍ മുന്നേ പരിചയമുള്ളവരായിരിക്കും. ഞങ്ങളുടെ ഈ സംഘത്തില്‍ 23 പേരുണ്ടായിരുന്നു. ഡിസംബര്‍ 7 നു തുടങ്ങി 10 നു അവസാനിക്കുന്ന യാത്ര. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍.
ഡിസംബര്‍ 7-ന് എത്തിച്ചേരുന്ന സ്ഥലവും സമയവും ഡിസംബര്‍ 10-ന് റിട്ടേണ്‍ ബുക്കിംഗ് സമയവും ഡ്രോപ്പ് ഓഫ് ലൊക്കേഷനും മുന്‍കൂട്ടി അറിയിക്കും. ഞങ്ങളുടെ യാത്രയ്ക്കായി രണ്ട് മീറ്റിംഗ് പോയിന്റുകള്‍ നിശ്ചയിച്ചിരുന്നു. അതിലൊന്നാണ് ദിമാപൂര്‍ വിമാനത്താവളം. മറ്റേതു (സ്ഥലം ) റെയില്‍വേ സ്റ്റേഷനും. ഉച്ചക്ക് 2 മണിവരെയാണ് പിക്ക് അപ്പ് ടൈം തീരുമാനിച്ചിരുന്നത്. അതുപോലെ, ഡിസംബര്‍ 10 ന് ഉച്ചയ്ക്ക് ശേഷം തിരിച്ച് പോകുന്നതിനായുള്ള വിമാനമോ ട്രെയിനോ ബുക്ക് ചെയ്യാം.
നാഗാലാന്‍ഡ് സര്‍ക്കാരാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് ഈ ഉത്സവം നടക്കുന്നത്. നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് ഈ ചരിത്ര ഗ്രാമം.
നാഗാലാന്‍ഡിലെ വിവിധ ഗോത്രങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. വടക്കുകിഴക്കന്‍ ഇന്ത്യയും അതിന്റെ ഗോത്ര പാരമ്പര്യവും സംസ്‌കാരവും മനസ്സിലാക്കാനും അനുഭവിക്കാനും യാത്രക്കാര്‍ക്ക് ഇതിലും മികച്ച അവസരമില്ല.
നാഗാലാന്‍ഡിന്റെ പാരമ്പര്യങ്ങള്‍, സംസ്‌കാരം, സംഗീതം, രുചികള്‍, കരകൗശല വസ്തുക്കള്‍ എന്നിവ പഠിക്കാനും ആസ്വദിക്കാനുമുള്ള മികച്ച അവസരമാണിത്. സായാഹ്ന സംഗീതോത്സവം സംഗീത പ്രേമികള്‍ക്ക് ഒരു യഥാര്‍ത്ഥ വിരുന്നാണ്. സ്വദേശീയരും വിദേശികളുമായ സംഗീതജ്ഞര്‍ പരിപാടിയില്‍ പങ്കെടുക്കും.
ധൈര്യത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു പക്ഷിയാണ് വേഴാമ്പല്‍. നാഗ ഗോത്രങ്ങള്‍ക്കിടയില്‍ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായും വേഴാമ്പല്‍ കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് വേഴാമ്പലിന്റെ പേരു തന്നെ ഈ ആഘോഷത്തിന് നല്‍കിയിരിക്കുന്നത്. ഇവിടുത്തെ നാടോടി കഥകളിലും പാരമ്പര്യങ്ങളിലുമെല്ലാം വേഴാമ്പലുകളെ ഒഴിവാക്കി നിര്‍ത്താന്‍ കഴിയില്ല.
16 ഗോത്രങ്ങള്‍ ഉത്സവത്തില്‍ പങ്കെടുത്തു. 2000-ലാണ് ആദ്യത്തെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടന്നത്. നാഗാലാന്‍ഡിന്റെ വിനോദസഞ്ചാരവും ഗോത്രവര്‍ഗ സംസ്‌കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ചതാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍.
അടുത്ത വര്‍ഷം ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ 25-ാം വാര്‍ഷികമാണ്.
വിനോദസഞ്ചാരികള്‍ക്ക് നാഗാലാന്‍ഡിലേക്ക് പോകുന്നതിന് ആഭ്യന്തര യാത്രാനുമതി ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ) ആവശ്യമാണ്. അതുപോലെ നാഗാലാന്‍ഡ് , അരുണാചല്‍ പ്രദേശ് , മിസോറം , മണിപ്പൂര്‍ എന്നീ വടക്കുകിഴക്കാന്‍ സംസ്ഥാങ്ങളിലേക്ക് യാത്ര ചെയ്യാനും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ് . ഐഡി പതിപ്പും ഫോട്ടോയും നല്‍കി നാഗാലാന്‍ഡ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇതിനായി അപേക്ഷിക്കാം. ഞങ്ങളുടെ ടൂര്‍ ഗ്രൂപ്പാണ് ഇത് സംഘടിപ്പിച്ചത്.
യാത്ര ഉറപ്പിച്ചതിന് ശേഷം ദിമാപുരിലേക്കും തിരിച്ചും ഉള്ള വിമാന ടിക്കറ്റും ബുക്ക് ചെയ്തു. ടൂര്‍ ഗ്രൂപ്പുകള്‍ അവരുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനാല്‍ ചെറിയ തുകയ്ക്ക് അവിടേയ്ക്കും തിരിച്ചും യാത്ര ചെയ്യാം. ഇന്‍ഡിഗോയുടെ ഡല്‍ഹി ദിമാപുര്‍ ഡയറക്റ്റ് ഫ്‌ലൈ ബുക്ക് ചെയ്തു. എന്നാല്‍ നവംബര്‍ അവസാനം വിമാനം റദ്ദാക്കിയതായും പുതിയ വിമാനം പ്ലാന്‍ ചെയ്തതായും ഇന്‍ഡിഗോയില്‍ നിന്ന് സന്ദേശം വന്നു. പിന്നീട് നോക്കിയപ്പോള്‍ നേരിട്ടുള്ള വിമാനം ഒന്നും തന്നെ ഇല്ല. അതിനാല്‍, ഡിസംബര്‍ 7 ന് രാവിലെ 6 .25 നു ഡല്‍ഹി-ഡിബ്രൂഗിലേക്ക് പുറപ്പെട്ടു. അടുത്ത ഫ്‌ലൈറ്റില്‍ ദിമാപൂരിലേക്കും യാത്ര തിരിച്ചു.
ദിമാപൂര്‍ വളരെ ചെറിയ വിമാനത്താവളമാണ്. ഉച്ചയോടെ ദിമാപുര്‍ എയര്‍പോര്‍ട്ടില്‍ എത്തി. തകര്‍ത്തു പെയ്യുന്ന മഴ . ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വഴിയിലുള്ള ഒരു റെസ്റ്റോറന്റില്‍ ഇറങ്ങി . വെജിറ്റേറിയന്‌സിനും നോണ്‍വെജിറ്റെറിയന്‍സിനും വെവ്വേറെ ഹോട്ടല്‍ ആണ്. ഞങ്ങള്‍ 3 പേരാണ് ആ സമയത്തു നോണ്‍ വെജ് കഴിക്കാനായി കയറിയത്.
ചിക്കന്‍ നൂഡില്‌സിനും ഫ്രൈഡ് റൈസിനും ഓര്‍ഡര്‍ ചെയ്തു ഫുഡ് വരാനായി വെയിറ്റ് ചെയ്യുന്ന സമയത്താണ് നാഗാലാന്‍ഡ് ചീഫ് മിനിസ്റ്റര്‍ Neiphiu Rio അവിടെ എത്തിയത്. അദ്ദേഹം ഞങ്ങളെ വിഷ് ചെയ്തു. നാഗാലാന്‍ഡ് ജനങ്ങള്‍ വളരെ എളിമയുള്ളവരായി തോന്നി. 5 മണിയോടെ താമസം ഏര്‍പ്പാടാക്കിയിട്ടുള്ള ഹോംസ്‌റ്റേയില്‍ എത്തി. ഹോംസ്റ്റേ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വില്ലേജില്‍നിന്നും ഏകദേശം 1 കിലോമീറ്റര്‍ അകലെയാണ് . ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു സുഹൃത്തും ഈ യാത്രയുടെ ഭാഗമായിരുന്നു.
‘ബഡീസ്’ എന്ന് വിളിക്കപ്പെടുന്ന അപ്പൂപ്പന്‍താടി കോര്‍ഡിനേറ്റര്‍മാര്‍ എല്ലാ യാത്രകളിലും ഞങ്ങളെ അനുഗമിക്കും. ഈ യാത്രയുടെ ബഡി അമൃത ആയിരുന്നു. ലഡാക്ക്, ഹൈദരാബാദ് യാത്രകളിലെ ബഡിയും അമൃതതന്നെ ആയിരുന്നു. നാഗാലാന്‍ഡില്‍ നിന്നുള്ള ഞങ്ങളുടെ ഗൈഡ്, ക്രിസിനോ ഗാകു (ക്രിസ്) കൂടെ ഉണ്ടായിരുന്നു. ക്രിസ് ഓരോ സ്ഥലത്തെക്കുറിച്ചും വിശദമായി വിവരിച്ചു.
അടുത്ത ദിവസമായിട്ടും മഴയ്ക്ക് ഒരു ശമനവുമുണ്ടായില്ല. കുറച്ചു പേരൊക്കെ കുടകളും മഴക്കോട്ടുകളും കൊണ്ടുവന്നിരുന്നു. ഞങ്ങളില്‍ ചിലര്‍ മഴക്കോട്ട് വാങ്ങാനായി ഇറങ്ങി. ഒന്ന് രണ്ടു കടകളില്‍ കയറിയപ്പോള്‍ കോട്ട് കിട്ടി.
രണ്ടാം ദിവസം രാവിലെ ഞങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. പുഴുക്കള്‍, എലി, ഒച്ച്, ജൈവ പച്ചക്കറി തുടങ്ങി ഉണക്കമീനുകളും ഇവിടെ വിലപ്പനയ്ക്കുണ്ട്. നാഗ ഭക്ഷണം മനസ്സിലാക്കാന്‍ ഈ മാര്‍ക്കറ്റ് സഹായിച്ചു. നാഗാലാന്‍ഡിലേക്ക് പോകുന്ന ആരും ഈ മാര്‍ക്കറ്റ് സന്ദര്‍ശിക്കാതിരിക്കരുത്.
അടുത്തതായി പോയത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ ആക്രമണത്തില്‍ മരിച്ച സൈനികര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന യുദ്ധ സെമിത്തേരിയിലേക്കാണ്. 1944 ലെ യുദ്ധത്തില്‍ അവിടെ 2340 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. അവരോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിച്ച ശിലാ സ്മാരകങ്ങളാണ് വാര്‍ മെമ്മോറിയല്‍. അതില്‍ ഒരു സ്ത്രീയുടെ സ്മാരകവും ഉണ്ടായിരുന്നു. ഗൈഡിനോട് ചോദിച്ചപ്പോള്‍ ഒരു സ്ത്രീ മാത്രമേ യുദ്ധത്തില്‍ മരിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കി.
ഏകദേശം 12 മണിയോടുകൂടി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ മൈതാനത്ത് എത്തിച്ചേര്‍ന്നു. ഉത്സവസ്ഥലത്തെ ഫുഡ് സ്റ്റാളില്‍ നിന്ന് റൈസ് ബിയര്‍ , സ്‌മോക്ഡ് പോര്‍ക്ക് , പോര്‍ക്ക് മോമോസ് ഇവയൊക്കെയാണ് ഉച്ചക്ക് കഴിച്ചത്. മിക്ക സ്റ്റാളുകളിലും വൈനുകളുടെ വലിയ നിര തന്നെയുണ്ട്. ഒരു ഷോട്ടിന് 50 രൂപ. റെഡ്റൈസ് വൈന്‍, പൈനാപ്പിള്‍ വൈന്‍, അങ്ങിനെ ഒന്ന് രണ്ടു വൈനുകള്‍ രുചിച്ചു നോക്കി.
10 ദിവസത്തെ ആഘോഷത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ നൃത്തം, സംഗീതം, സംസ്‌കാരം, എന്നിവ പ്രദര്‍ശിപ്പിക്കാന്‍ അവിടെ ഒത്തുകൂടുന്നു. മഴ പെയ്തതിനാല്‍ പരിപാടികള്‍ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞില്ല . ഇത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടായി. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാനെത്തിയവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. വൈകീട്ട് നടന്ന സംഗീതോത്സവം ഗംഭീരമായി. 8 മണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചു.
യാത്രയുടെ ഭാഗമായി അവിടുത്തുകാരോട് സംസാരിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞങ്ങളുടെ കാറിന്റെ ഡ്രൈവര്‍ മുതല്‍ മാര്‍ക്കറ്റിലും ഉത്സവപ്പറമ്പുകളിലും ഉള്ള സാധാരണക്കാര്‍ വരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് എനിക്ക് അത്ഭുതമായിരുന്നു.
നാഗാലാന്‍ഡിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
മൂന്നാം ദിവസം രാവിലെ ഞങ്ങള്‍ കൊനോമ ഗ്രാമത്തിലേക്ക് തിരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമമാണ് കൊനോമ. കൊഹിമയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. കൊനോമ ഗ്രാമത്തിലേക്കുള്ള യാത്രക്കിടയില്‍ നിങ്ങള്‍ക്ക് ആല്‍ഡര്‍ മരങ്ങള്‍ കാണാന്‍ സാധിക്കും. ആല്‍ഡര്‍ മരങ്ങള്‍ മണ്ണിന്റെ ജൈവഗുണം കൂട്ടുന്നു എന്നാണ് പ്രമാണം.
ഗ്രാമത്തിനടുത്തായി പുതുതായി പണികഴിപ്പിച്ച ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടു. ഗ്രാമത്തില്‍ പലയിടത്തായി ഒന്നോ രണ്ടോ ചെറിയ കടകളുണ്ട്. മില്ലറ്റ് കേക്കുകള്‍ കൂടാതെ ഉണക്ക ബീഫ്, ബീഫ് അച്ചാര്‍, ഉണക്കിയ പഴങ്ങള്‍ , റോസെല്ല ടീ ഇവയൊക്കെ ഇവിടെ ലഭ്യമാണ്. ഖോനോമ വില്ലജ് കണ്ടതിനുശേഷം അതിനടുത്തു നിന്ന് തന്നെ ഉച്ചഭക്ഷണം കഴിച്ചു. വ്യത്യസ്ത തരം വൈനുകള്‍ ഇവിടെ ലഭ്യമാണ് . അതിലൊന്ന് രുചിച്ചു നോക്കി.തുടര്‍ന്ന് പുരാതന കാലത്തെ നാഗാ ജീവിതശൈലിയെക്കുറിച്ച് ഞങ്ങളുടെ ഗൈഡ് സംസാരിച്ചു. അവരുടെ പരമ്പരാഗത നാഗനൃത്തം കാണാനും ഞങ്ങള്‍ക്ക് അവസരമുണ്ടായി.
ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഡിസംബര്‍ 10 ന് രാവിലെ രണ്ട് ഗ്രാമങ്ങള്‍ കൂടെ കണ്ട് ഫെസ്റ്റിവല്‍ ഗ്രാമത്തിലേക്ക് പോകാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ രാവിലെ 8 മണിയോടെ എല്ലാവരും തയ്യാറായി ഇറങ്ങി. ആദ്യം സന്ദര്‍ശിച്ച Jakhama വില്ലേജ് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകര്‍ഷിക്കും.
പിന്നീട് പോയത് കിഗ്വേമ ഗ്രാമത്തിലേക്കായിരുന്നു. അംഗമി നാഗ ഗ്രാമങ്ങളിലെ ഏറ്റവും പഴയ ഗ്രാമങ്ങളിലൊന്നാണ് കിഗ്വേമ. നാഗാലാന്‍ഡിലെ മറ്റുള്ള ഗ്രാമങ്ങള്‍ രൂപപ്പെട്ടത് കിഗ്വേമ ഗ്രാമത്തില്‍ നിന്നാണെന്നു പറയപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്ത് കിഗ്വേമയില്‍ താമസിച്ചിരുന്ന ഒരു ജാപ്പനീസ് കമാന്‍ഡറുടെ ( ജനറല്‍ കൊട്ടോകു സാറ്റോ) വീട് ഇപ്പോഴും അവിടെയുണ്ട്. ഒരു പ്രാദേശിക അംഗാമി കുടുംബമാണ് ഇപ്പോഴത്തെ അന്തേവാസികള്‍.
മിക്ക വീടുകളുടെയും മുന്നില്‍ പരസ്യമായി നട്ടുവളര്‍ത്തുന്ന കഞ്ചാവ് ചെടികള്‍ അവിടുത്തെ ഒരു പ്രത്യേകതയായി തോന്നി.
രണ്ടു ഗ്രാമങ്ങളും സന്ദര്‍ശിച്ചശേഷം ഞങ്ങള്‍ രാവിലെ 11 മണിയോടെ ഉത്സവ ഗ്രാമത്തിലേക്ക് മടങ്ങി. നാഗ ട്രൈബല്‍ ഡാന്‍സ് , അതിന് പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷണവും വൈനും ആസ്വദിച്ച് രാത്രി എട്ടുമണിയോടെ ഹോംസ്റ്റേയിലേക്ക് മടങ്ങി. ആദ്യദിവസങ്ങളില്‍നിന്നും വ്യത്യസ്തമായി എല്ലാവരും പൂരിബാജി, ബിരിയാണി എന്നീ ഇനങ്ങളിലേക്കു മാറുന്ന കാഴ്ചയാണ് അവസാന ദിവസം കണ്ടത്.
ചില സ്റ്റാളുകളില്‍ ഗ്രാസ്‌ഹോപ്പര്‍ ഫ്രൈ, സില്‍ക് വോം ഫ്രൈ ഇവയൊക്കെ വില്‍പ്പനക്കുണ്ടായിരുന്നു. ഗ്രാസ്‌ഹോപ്പര്‍ ഫ്രൈ രുചിച്ചു നോക്കി. ഏകദേശം ഉണക്ക ചെമ്മീന്‍ ഫ്രൈക്ക് സമാനമായ രുചി തന്നെ . മനസ്സുകൊണ്ട് അല്പം സങ്കോചം ഉണ്ടായെങ്കിലും ഓരോ സ്ഥലത്തെയും ഭക്ഷണരീതി രുചിച്ചു നോക്കി മനസ്സിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് തോന്നുന്നു. അന്നത്തെ ദിവസം ട്രൈബല്‍ ഡാന്‍സും കലാപരിപാടികളും നന്നായി അസ്വദിച്ചു.
ആഭ്യന്തര വിനോദ സഞ്ചാരികളും വിദേശികളുമായി പതിനായിരങ്ങളാണ് സമാപന ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ പറഞ്ഞതുപോലെ 4 മണിക്ക് തന്നെ സമാപന ചടങ് ആരംഭിച്ചു. ചടങ്ങില്‍ അതിഥികളായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൗണ്‍സില്‍ ജനറല്‍ മെലിൻഡ പാവക്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ ആന്‍ഡ്രൂ ഫ്‌ലെമിംഗ് , കൂടാതെ നാഗാലാന്‍ഡ് ടൂറിസം മന്ത്രിയായ ടെംജെന്‍ ഇംന അലോങ്, മിസ് നാഗാലാന്‍ഡ് 2023 വിജയികള്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാവരും ചേര്‍ന്ന് ബോണ്‍ഫയറിനു തിരികൊളുത്തി, എല്ലാവരും കൂടെയുള്ള നൃത്തത്തോടെ ഹോണ്‍ബില്‍ ഫെസ്റ്റിവലിന് സമാപനമായി.
നാഗ ട്രൈബല്‍ ഡാന്‍സ് , പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷണവും വൈനും ആസ്വദിച് രാത്രി എട്ടുമണിയോടെ ഞങ്ങളെല്ലാവരും ഹോംസ്റ്റേയിലേക്ക് മടങ്ങി.
സുക്കോ വാലി (Dzukou Valley ) ആണ് അവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിങ്ങ് പോയിന്റ്. ഞങ്ങളുടെ ഇറ്റിനറിയില്‍ ഇല്ലാത്തതുകൊണ്ട് അവിടെ പോയില്ല. അടുത്ത തവണ സുക്കോ വാലി സന്ദര്‍ശിക്കണം ഒരു അറേഞ്ച്ഡ് ടൂര്‍ ഗ്രൂപ്പിന്റെ പരിമിതികള്‍ ഇത്തരം യാത്രയില്‍ ഉണ്ടാകും. ഒരു ഗ്രൂപ്പിന്റെ താല്പര്യമനുസരിച് നിശ്ചിത സമയത്തിനകത്ത് നിശ്ചിത സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കണം.
എങ്ങനെയായാലുംഈ നാല് ദിനങ്ങള്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്തു എന്നതില്‍ തര്‍ക്കമില്ല. നമ്മളെല്ലാവരും കുടുംബത്തോടൊപ്പം യാത്രകള്‍ ആസ്വദിക്കുന്നവരാണ് എങ്കിലും ഇത്തരം പെണ്‍യാത്രകള്‍ നല്‍കുന്ന അനുഭവസമ്പത്ത് ഏറെയാണ്.
ജോലിഭാരത്താലും മറ്റ് മാനസിക പിരിമുറുക്കങ്ങളാലും വൈഷമ്യങ്ങള്‍ നേരിടുമ്പോള്‍ ഒരു ചെറിയ യാത്ര എന്നും മനസ്സിന് ആനന്ദകരമായിരിക്കും, കൈത്താങ്ങായിരിക്കും.
അപ്പൂപ്പന്‍ താടി പോലുള്ള യാത്രാ ഗ്രൂപ്പുകള്‍ ഇനിയും സോഷ്യല്‍ മീഡിയകളില്‍ സജീവമാകട്ടെ, നിരവധി അനവധി പെണ്‍യാത്രകള്‍ക്ക് പ്രചോദനം ആകട്ടെ. പൊതുവെ കാണപ്പെടുന്ന സംശയം കുട്ടികളെ വീട്ടിലാക്കി എങ്ങിനെ പോകുന്നു എന്നുള്ളതാണ്. അവരെ സ്വയം പ്രാപ്തരാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നാണെന്റെ അനുഭവവും അഭിപ്രായവും.
content highlights: About Hornbill Festival in Nagaland