| Sunday, 14th January 2024, 9:11 am

ഗാന്ധി വന്ന വയനാടിന് തൊണ്ണൂറാണ്ട്

ഡോ. ബാവ കെ. പാലുകുന്ന്‌

ദേശീയപ്രസ്ഥാനത്തിന്റെയും, സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രത്തില്‍ വയനാടന്‍ മണ്ണിനും ജ്വലിക്കുന്ന ചില സ്മരണകളുണ്ട്. 1934 ജനുവരി 14 ന് നടന്ന ഗാന്ധിജിയുടെ വയനാട് സന്ദര്‍ശനം അതില്‍ വേറിട്ടു നില്‍ക്കുന്നു. അതിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് തൊണ്ണൂറാണ്ട് തികയുന്നു.

മലബാറിലെ ഇതരപ്രദേശങ്ങളില്‍, സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ച വേളയില്‍പ്പോലും വയനാട്ടില്‍ അത് ചുരുക്കം ചില വ്യക്തികളുടെ കര്‍മമണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയായിരുന്നു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഗതാഗതവാര്‍ത്താവിനിമയ സൗകര്യങ്ങളുടെ പരിമിതികള്‍, പ്രതികൂലകാലാവസ്ഥ എന്നിവയെല്ലാം സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചൂടും ചൂരും വയനാട്ടില്‍ വ്യാപിക്കുന്നതിന് തടസ്സമായിനിന്നു എന്നു പറയാം.

ഗാന്ധിജിയുടെ സന്ദര്‍ശനത്തിനുമുമ്പ് ദേശീയതലത്തില്‍ അറിയപ്പെടുന്ന അപൂര്‍വ്വം നേതാക്കള്‍ മാത്രമാണ് വയനാട്ടില്‍ വന്നിട്ടുള്ളത്. മൗലാനാം ഷൗക്കത്തലിയുടെയും മുഹമ്മദ് അബ്ദുറഹിമാന്റെയുമെല്ലാം പേരുകളാണ് ആ ഗണത്തിലുള്ളത്. അബ്ദുറഹിമാന്‍ സാഹിബ് നിരവധി തവണ ഇവിടെ വരി കയും സമരത്തിന്റെ മുന്‍നിര പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ തന്നെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍അമീന്‍’ പത്രത്തിന്റെ ഓഹരിയുടമ ആയങ്കി കുഞ്ഞബ്ദുള്ള ഹാജി അഞ്ചുകുന്ന് സ്വദേശിയായിരുന്നു. കുഞ്ഞബ്ദുള്ള ഹാജിയുമായുള്ള ആത്മബന്ധമാണ് സാഹിബിനെ ഇങ്ങോട്ടേയ്ക്കാകര്‍ഷിച്ചിരുന്നത്. വയനാട്ടിലെ സ്വാതന്ത്ര്യസമര സേനാനികളിലൊരാളായ ആയങ്കി ഇബ്രാഹിം ഹാജി ഇദ്ദേഹത്തിന്റെ പുത്രനാണ്.

ഗാന്ധിജി വയനാട്ടിലെത്തുന്നത് അദ്ദേഹത്തിന്റെ നാലാമത്തെ കേരളസന്ദര്‍ശനവേളയിലായിരുന്നു.

എം.എ. ധര്‍മ്മരാജയ്യര്‍, മുണ്ടേരി സുന്ദരയ്യര്‍, കല്ലങ്കോടന്‍ മൊയ്തീന്‍ഹാജി എന്നിവരുടെ ആത്മാര്‍ത്ഥശ്രമം അതിനു പിന്നിലുണ്ടായിരുന്നു. വയനാട്ടിലെ ദേശീയപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ മൂവരും. ഇവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കിയിരുന്ന മണിയങ്കോട് കൃഷ്ണഗൗഡറുടേയും, ടി.വി. സുബ്ബയ്യ ഗൗഡറുടേയും ദേഹവിയോഗം മഹാത്മജിയുടെ സന്ദര്‍ശനത്തിന്റെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാത്രമായിരുന്നു.

ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പുഴമുടി കേളുക്കുട്ടി നായര്‍ക്ക് ടി.എ. സുന്ദരയ്യര്‍ അയച്ച കത്ത്

അയിത്തനിര്‍മ്മാര്‍ജനത്തിന്റെയും, ഹരിജനോദ്ധാരണത്തിന്റെയും സന്ദേശവുമായി ഭാരതം മുഴുവന്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായി ഗാന്ധിജി മലബാറിലെത്തുന്ന വിവരം ധര്‍മ്മരാജയ്യരും സുഹൃത്തുക്കളുമറിഞ്ഞു. അവര്‍ കോഴിക്കോടുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. ഗാന്ധിജി വയനാട്ടില്‍വരുന്ന പക്ഷം, അദ്ദേഹത്തിന്റെ ഹരിജനക്ഷേമനിധിയിലേക്ക് 500 രൂപയില്‍ കുറയാത്ത തുക സമാഹരിച്ചു നല്‍കാമെന്ന ഉറപ്പും നല്‍കി. ഈ വാഗ്ദാനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ കേരളസന്ദര്‍ശനത്തില്‍ വയനാടുകൂടി ഉള്‍പ്പെടു ത്താന്‍ അദ്ദേഹം സന്നദ്ധനായി.

മഹാത്മാവിന്റെ വയനാട് യാത്രയ്ക്ക് പിന്നില്‍ മറ്റൊരു പ്രേരണയുമുണ്ടായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഹരിജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്ന തിരുനെല്ലി ടി.വി. സുബ്ബയ്യ ഗൗഡറുടെ മരണപത്രത്തിലെ നിര്‍ദ്ദേശമായിരുന്നു അത്.

ടി.വി. സുബ്ബയ്യ ഗൗഡര്‍

മടക്കിമലയില്‍നിന്നും ഒരു കിലോമീറ്റര്‍ കിഴക്കായി മുട്ടില്‍ അംശത്തില്‍ ഉള്‍പ്പെട്ടിരുന്ന തിരുനെല്ലിയിലായിരുന്നു സുബ്ബയ്യഗൗഡറുടെ വസതി. (അത് മാനന്തവാടി താലൂക്കിലെ തിരുനെല്ലിയിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്) തന്റെ മരണാനന്തരം ബാധ്യകളെല്ലാം തീര്‍ത്തശേഷം, അവശേഷിക്കുന്ന സമ്പത്ത് പൂര്‍ണമായും ഹരിജനങ്ങളുടെ പുരോഗതിയ്ക്കായി വിനിയോഗിക്കണം എന്ന നിര്‍ദ്ദേശമായിരുന്നു വില്‍പത്രത്തില്‍ ഗൗഡര്‍ മുന്നോട്ടുവച്ചിരുന്നത്. ഹരിജനോദ്ധാരണം ലക്ഷ്യമാക്കി മലബാറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും സംഘത്തെയോ, അഥവാ വയനാട്ടില്‍തന്നെ ഈ ഉദ്ദേശ്യാര്‍ത്ഥം രൂപം നല്‍കുന്ന പ്രസ്ഥാനത്തെയോ തുക ഏല്‍പ്പിക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു.

1933-ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍, ഈ അന്ത്യാഭിലാഷം സഫലമാക്കുന്നതിനായി ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘സമുദായ സേവാസംഘം’ എന്ന പേരില്‍ ഒരു ഹരിജനക്ഷേമകേന്ദ്രം രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ തുടക്കംകുറിച്ച കര്‍ഷകാലയത്തിന്റെ ഉദ്ഘാടനം ഗാന്ധിജിയുടെ കരങ്ങളാല്‍തന്നെ നിര്‍വ്വഹിക്കപ്പെടണം, എന്ന നാട്ടുകാരുടെ ആഗ്രഹം മനസ്സിലാക്കിയതുകൊണ്ടുകൂടിയാണ് മഹാത്മാവ് വയനാട്ടിലേക്കു വരാന്‍ നിശ്ചയിച്ചത്.

ജനുവരി 14 ന് രാവിലെ 7 മണിയ്ക്ക് കോഴിക്കോട് നിന്നാണ് ഗാന്ധിജിയും സംഘവും ഇങ്ങോട്ടു പുറപ്പെടുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളായ കെ. കേളപ്പന്‍, കെ. മാധവമേനോന്‍, യു. ഗോപാലമേനോന്‍, ശ്യാംജി സുന്ദര്‍ദാസ് മുതലായവരോടൊപ്പം ദേശബന്ധു ചിത്തരഞ്ജന്‍ദാസിന്റെ സഹോദരിയും, വിദേശത്തുനിന്നും ഇന്ത്യയിലെത്തി ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിച്ച മിസ്ലഡ് എന്ന വനിതയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

പുളിയാര്‍മലയില്‍ ഗാന്ധി വിശ്രമിച്ച സ്ഥലം

യാത്രയില്‍ കണ്ട വയനാട് ചുരത്തിലെ ദൃശ്യങ്ങള്‍ ഗാന്ധിജിയ്ക്കു ഹൃദയഹാരിയായ അനുഭവമായിരുന്നു. ഇടയ്ക്ക് കാറില്‍ നിന്നിറങ്ങി ഏതാനും വാര നടന്നുകയറാനും അദ്ദേഹം മറന്നില്ല. വയനാട്ടില്‍നിന്നും മടങ്ങിയ ശേഷം കോഴിക്കോട് നടത്തിയ പ്രസംഗ ത്തില്‍ ഇവിടത്തെ പ്രകൃതിഭംഗിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട്. ‘മലബാറിലെ ഏറ്റവും മനോഹരമായ ഇടം’ എന്നാണ് വയനാടിനെ വിശേഷിപ്പിക്കുന്നത്.

കല്‍പ്പറ്റയ്ക്കടുത്ത മടക്കിമലയില്‍ ഇറങ്ങിയശേഷം പ്രത്യേകം സജ്ജീകരിച്ച കാളവണ്ടിയിലാണ് ഗാന്ധിജി തിരുനെല്ലിയിലെത്തുന്നത്. കൊടുംതണുപ്പും മഞ്ഞും വകവയ്ക്കാതെ തലേന്നു രാത്രി മുഴുവന്‍ നടന്നും കാളവണ്ടിയില്‍ സഞ്ചരിച്ചും എത്തിച്ചേര്‍ന്ന വന്‍ജനാവലിയാണ് തിരുനെല്ലിയില്‍ അദ്ദേഹത്തെ വരവേറ്റത്.

സംഘാടകര്‍ പ്രത്യേകതാല്‍പര്യമെടുത്തിരുന്നതിനാല്‍ കുറിച്യര്‍, പണിയര്‍, കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള അനേകം സ്ത്രീ-പുരുഷന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആടിയും പാടിയും അവര്‍ മഹാത്മാവിന് ഊഷ്മള വരവേല്‍പ്പ് നല്‍കി. ധര്‍മ്മരാജയ്യരും, കൂട്ടുകാരും വയനാട്ടിലെ പൗരപ്രമുഖരേയും, ജന്മിമാരേയും, നേരില്‍ക്കണ്ടും, കത്തുകളയച്ചും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഗാന്ധിജിയുടെ ഹരിജനക്ഷേമനിധി യിലേക്കു സംഭാവനയുമായി എത്തിച്ചേരണം എന്നായിരുന്നു എല്ലാവരോടും ആവശ്യപ്പെട്ടിരുന്നത്.

പുളിയാര്‍ മലയിലെ മഹാത്മാഗാന്ധി മ്യൂസിയം

ഒന്നരമണിക്കൂര്‍ നീണ്ട ചടങ്ങിനുശേഷം മഹാത്മാവും സംഘവും പുളിയാര്‍മലയിലെ ഇന്നത്തെ കൃഷ്ണഗൗഡര്‍ ഹാളിന് സമീപത്തുള്ള കെട്ടിടത്തിലെത്തിച്ചേര്‍ന്നു. അവിടെ തന്നെകാണാന്‍ വന്നവരോട് താന്‍ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഗാന്ധിജി അഭ്യര്‍ത്ഥിച്ചു. സ്ത്രീകളും കുട്ടികളും തങ്ങള്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് കൈമാറി.

സുബ്ബയ്യ ഗൗഡറുടെ പത്‌നിയും, യു. ഗോപാലമേനോന്റെ മകളും സംഭാവന നല്‍കിയവരിലുള്‍പ്പെട്ടിരുന്നു. ആഭരണ ങ്ങളും, തനിക്കു ലഭിച്ച മംഗളപത്രവും അവിടെ വച്ചുതന്നെ ലേലം ചെയ്ത് 62 രൂപ സമാഹരിച്ചു. നേരത്തെ പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച 501 രൂപ കര്‍ഷകാലയത്തിന്റെ ഉദ്ഘാടനചടങ്ങില്‍വച്ച് സംഘാടകര്‍ ഗാന്ധിജിക്ക് കൈമാറിയിരുന്നു.

ഉച്ചയ്ക്കുശേഷം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട മഹാത്മജിയെ സ്വീകരിക്കാന്‍ കടപ്പുറത്തെ യോഗസ്ഥലത്തേക്കും ജനക്കൂട്ടം ഒഴുകിയെത്തിയിരുന്നു. താന്‍ വയനാട്ടില്‍ കണ്ട കാഴ്ചകള്‍ അനുസ്മരിച്ചുകൊണ്ടും അയിത്താചരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും ഗാന്ധിജി അവിടെ നടത്തിയ പ്രഭാഷണം സദസ്സ് ഹൃദയത്തിലേറ്റു വാങ്ങുന്ന പ്രതീതിയാണുളവായത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുക:‘ഇന്ത്യയിലൊട്ടാകെയുള്ള അയിത്തത്തിന്റെ ഒരു ഭൂപടം വരയ്ക്കുകയാണെങ്കില്‍ അതിലെ ഏറ്റവും കറുത്ത സ്ഥലമായി രേഖപ്പെടുത്തുന്നത് മലബാറിനെയായിരിക്കും. ഇവിടെനിന്നും ഉപജീവനം തേടുകയോ, ധനമാര്‍ജ്ജിക്കുകയോ ചെയ്യുന്ന സകലജനങ്ങളും ഒരു സംഗതിയറിഞ്ഞിരിക്കണം. അവര്‍ സമ്പാദിക്കുന്ന ഓരോ പൈസയും അയിത്തമാകുന്ന പാപംകൊണ്ട് പങ്കിലമായിട്ടുള്ളതാകുന്നു.

മലബാറിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലത്തേക്ക് ഇന്നുരാവിലെ എന്നെ ആനയിക്കുകയുണ്ടായി. കല്‍പ്പറ്റ എന്ന ഗ്രാമത്തിലെ ഭാവനാമനോഹരമായ ഒരു കുന്നിന്‍മുകളിലേക്ക് അവര്‍ എന്നെ കൊണ്ടുപോയി. അവിടെ കണ്ട കാഴ്ചകള്‍ ബിഷപ്പ് ഹിബര്‍ എന്ന കവിയുടെ വാക്കുകളാണ് ഓര്‍മ്മിപ്പിക്കുന്നത്: രമണീയം കണ്ടതെല്ലാം, നരന്‍മാത്രം ദുഷിച്ചുപോയ്… പച്ചവില്ലീസു വിരിച്ച ശാദ്വലസ്ഥലങ്ങള്‍, തിരമാലകളില്‍ കൂടി, സുഗന്ധം വീശിക്കൊണ്ടു വരുന്ന കുളിര്‍മരുത്തുകള്‍…

ഇവയെല്ലാം കൊണ്ട് ഏറ്റവും മോഹനമായ സ്ഥല മാണ് മലബാര്‍. എന്നാലും മനുഷ്യരായ നാം പ്രകൃതിയെ വികൃതമാക്കിക്കളഞ്ഞിരിക്കുന്നു. ഈശ്വരന്റെ ശക്തിമത്തായ സൃഷ്ടികളിലൊന്നിനെ-മനുഷ്യനെ, വിരൂപമാക്കാന്‍ നാം ശ്രമിച്ചുകളഞ്ഞു! പ്രകൃതി വസ്തുക്കള്‍ക്കൊന്നും അതിശയിക്കാന്‍ കഴിയാത്ത ഒരു ഗരിമ മനുഷ്യന്റെ ആത്മാവിനുണ്ട്. എന്നാല്‍ സവര്‍ണര്‍ എന്നു പറയുന്നവര്‍ ഹിന്ദുമനുഷ്യത്വത്തെ വിഭജിക്കുന്നതിനുള്ള അധികാരം ഏറ്റെടുത്തിരി ക്കുന്നു. അവരുടെ ശ്രമം വ്യര്‍ത്ഥമാകുമെന്ന് കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ നമുക്ക് കാണാനാകും. വാരിക്കോരിച്ചൊരിയുന്ന പ്രകൃതിസൗന്ദര്യത്തിന്റെ മധ്യത്തിലും, കല്‍പ്പറ്റയില്‍ കണ്ട കാഴ്ച ബിഷപ്പ് ഹിബറിന്റെ ഈരടിയെ അനുസ്മരിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞതിന്റെ പൊരുളിതാണ്.’

കോഴിക്കോട് കടപ്പുറത്ത് നടത്തിയ സുദീര്‍ഘഭാഷണത്തിന്റെ ഒരു സംക്ഷിപ്തരൂപം തന്നെയായിരുന്നു അന്നു രാവിലെ അദ്ദേഹം തിരുനെല്ലിയിലും നടത്തിയിരുന്നത്. സദസ്സിലെ ഗോത്രവിഭാഗങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞത് ഇങ്ങനെയായിരുന്നു:ഇവരുടെ ആട്ടത്തിലും, പാട്ടിലും കലാപരമായ ഗുണങ്ങള്‍ ഇല്ലെന്ന് പരിഷ്‌കൃതര്‍ക്ക് തോന്നിയേക്കാം. ഈ സാധുക്കള്‍ക്ക് ദിവസവും കുളിക്കുന്ന ശീലമില്ല. അരയില്‍ ചുറ്റിയ തുണിത്തുണ്ട് തനിയെ കീറിപ്പോകുംവരെ, അവര്‍ മാറ്റാറുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ വൃത്തികേടായും ദാരിദ്ര്യത്തിലാണ്ടും ജീവിക്കുന്ന ഇവരുടെ സ്ഥിതിക്ക് സവര്‍ണരാണ് ഉത്തരവാദികള്‍! അതിന് പ്രായശ്ചിത്തം ചെയ്ത് അവരുടെ സ്ഥിതി ഉയര്‍ത്താന്‍ നാം ശ്രമിക്കണം.’

മഹാത്മജിയുടെ വയനാട് സന്ദര്‍ശനം സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നതിന് വലിയ തോതില്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു. മാനന്തവാടിയിലും കല്‍പ്പറ്റയിലുമായി നിരവധി യോഗങ്ങള്‍ അതിന്റെ തുടര്‍ച്ചയായി നടക്കുന്നുണ്ട്. മാനന്തവാടിയിലെ മദ്യഷാപ്പ്പിക്കറ്റിംഗും കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ നടന്ന സമരത്തില്‍ പങ്കെടുക്കുന്നതിനായി വയനാട്ടിലെ സന്നദ്ധഭടന്മാരുടെ സംഘം നടത്തിയ മാര്‍ച്ചും ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു.


  • അവലംബം
    1. മാതൃഭൂമി ദിനപത്രം. 16-01-1934.
    2. ഗാന്ധിജിയുടെ തിരുനെല്ലി സന്ദര്‍ശനം (ലേഖനം). എം.എ. ധര്‍മരാജയ്യര്‍, മാതൃഭൂമി, 29-06-1969.
    3. അഭിമുഖം : ആയങ്കി ഇബ്രാഹിം ഹാജി, 10-04-2014

content highlights: About Gandhi’s visit to Wayanad

ഡോ. ബാവ കെ. പാലുകുന്ന്‌

We use cookies to give you the best possible experience. Learn more