നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദി അവര്‍ തന്നെയാണോ. പലപ്പോഴും അങ്ങനെയാക്കി തീര്‍ക്കുകയാണ് നമ്മുടെ സമൂഹം. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതെയാക്കാന്‍ അവരെ കൂട്ടിലടച്ചിടുന്ന കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ‘ആവശ്യത്തിനുമാത്രം ഫ്രീഡം കൊടുക്കുന്ന മോഡേണ്‍ ഫാമിലി’ ആണല്ലോ നമ്മുടെ നാട്ടില്‍ കൂടുതല്‍.
ഇത്തരം സംഭവങ്ങളുടെ ഒക്കെ നേര്‍ക്കാഴ്ചയാണ് ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ജനുവരി ആറിന് തിയേറ്ററുകളിലെത്തിയ ‘എന്നാലും ന്റെളിയാ’ എന്ന സിനിമ. സിനിമയില്‍ ലെന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം, ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൂട്ടിലടച്ചു വളര്‍ത്തുന്ന നിരവധി അമ്മമാരുടെ ഉദാഹരണമാണ്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ മക്കളുടെ ജീവിതത്തിലേക്കും അവരുടെ ഫോണിലേക്കുമൊക്കെ കണ്ണും നട്ടിരിക്കുന്ന മാതാപിതാക്കള്‍ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച തന്നെയാണ്. അതിനെയൊക്കെ കൃത്യമായി ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ഒരു ഘട്ടത്തില്‍ ലെനയുടെ കഥാപാത്രം തന്റെ മകളുടെ ഫോണെടുത്ത് ചെക്ക് ചെയ്യുന്ന രംഗവും കാണിക്കുന്നുണ്ട്. ഇതൊക്കെ പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള അല്ലെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.
മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് പ്രണയമുണ്ടോ, അവളുടെ സുഹൃത്തുക്കള്‍ എങ്ങനെയുള്ളവരാണ്, സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ തുടങ്ങി പെണ്‍മക്കളുടെ കാര്യത്തില്‍ നിരന്തരം ആശയക്കുഴപ്പത്തിലാകുന്ന അമ്മമാര്‍ നിരവധിയാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ പേഴ്‌സണല്‍ സ്‌പെയ്‌സിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത് എന്നുപോലുമുള്ള തിരിച്ചറിവ് ഇത്തരക്കാര്‍ക്കില്ല. അത്തരം കാര്യങ്ങളെയൊക്കെ ഈ സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കള്‍ തന്റെ മക്കളിലേക്ക് എങ്ങനെയാണ് ജാതിയും മതവും അടിച്ചേല്‍പ്പിച്ച് കൊടുക്കുന്നത് എന്ന് കൃത്യമായി സിനിമയില്‍ പറയുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്തിലേക്ക് വരുമ്പോള്‍ ലെന പറയുന്ന ചില ഡയലോഗുകള്‍ എത്രയോ തവണ പലരും ജീവിതത്തില്‍ കേട്ടിട്ടുള്ളതാണ്.
സിനിമയില്‍, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നെത് എന്ന ചോദ്യത്തിന് അമ്മയുടെ പക്കല്‍ കൃത്യമായ മറുപടിയുമുണ്ട്. ലോകത്തിലുള്ള എല്ലാ അമ്മമാരും പറയുന്നതുപോലെ ‘ഇതൊക്കെ മകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്’ എന്നാണ് ഇവിടുത്തെയും മറുപടി. മക്കളുടെ ജീവിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്ത്, മക്കള്‍ തങ്ങളുടെ സ്വത്താണെന്ന് പറഞ്ഞ് നടക്കുന്ന മാതാപിതാക്കള്‍ എന്ത് സുരക്ഷയാണ് മക്കള്‍ക്കൊരുക്കുന്നത് എന്ന ചോദ്യമാണ് വീണ്ടും ബാക്കിയാകുന്നത്.
content highlight: about ennalum entalya new movie