2017 കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഗ്രൂപ്പ് അ യില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ റഷ്യക്കുമേല്‍ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ കളിയുടെ എല്ലാ മേഖലകളും പരിശോധിച്ചാല്‍ ഇതിലും കൂടിയ മാര്‍ജിനില്‍ പോര്‍ചുഗല്‍ വിജയം അര്‍ഹിച്ചിരുന്നു.
ആതിഥേയര്‍ 3-4-3 എന്ന ഫോര്‍മേഷനില്‍ മത്സരം ആരംഭിച്ചപ്പോള്‍, പോര്‍ച്ചുഗല്‍ 4-4-2 ആണ് സ്വീകരിച്ചത്. ആദ്യ പകുതിയില്‍ പോര്‍ച്ചുഗലിന് വ്യക്തമായ ആധിപത്യം നേടാനായതിന്റെ മുഴുവന്‍ ക്രെഡിറ്റും അവരുടെ നാല് മിഡ്ഫീല്‍ഡേഴ്സിന്റെതാണ്. മുഴുവന്‍ സമയവും അവര്‍ കളി നിയന്ത്രിച്ചു. വില്യം കാര്‍വാല്യോയെന്ന 6 അടി 2 ഇഞ്ചുകാരന്‍ ഡിഫെന്‍സിനു നല്‍കിയ സപ്പോര്‍ട്ടും ടീമിന് നല്‍കിയ സന്തുലിതയും എടുത്തു പറയേണ്ടതാണ്.
റഷ്യന്‍ മുന്നേറ്റ നിര എപ്പോഴെല്ലാം അപകടകരമാം വിധം പ്രെസ്സ് ചെയ്തുവോ അപ്പോഴെല്ലാം മൂന്നുപേരെയെങ്കിലും ഡിഫെന്‍സ് ലൈനില്‍ കൊണ്ടുവന്നു പന്ത് ക്ലിയര്‍ ചെയ്യുന്നതിന് പകരം ബില്‍ഡ് അപ്പ് നടത്തുക എന്ന രീതിയാണ് പോര്‍ച്ചുഗല്‍ സ്വീകരിച്ചത്. ഇതിനു വില്യം കാര്‍വാല്യോ വളരെയധികം സഹായിച്ചു. ഫുള്‍ബാക്കുകള്‍ രണ്ടും ഡിഫെന്‍സില്‍ ഇല്ലാതിരുന്ന സമയത്തെല്ലാം അദ്ദേഹം മൂന്നാമനായി സെന്റര്‍ ബാക്കുകളോടൊപ്പം ഡിഫെന്‍സ് ലൈനില്‍ ചേര്‍ന്നു. മറിച്ചു സെന്റര്‍ബാക്കുകളോടൊപ്പം ഏതെങ്കിലും ഒരു ഫുള്‍ബാക്ക് ഉണ്ടായിരുന്നപ്പോള്‍ അവരില്‍ നിന്ന് പാസ് സ്വീകരിക്കാനായി സ്പേസുകള്‍ കണ്ടെത്തി. പന്ത് കിട്ടിയ ഉടനെ തന്നെ പാസ് വൈകിപ്പിക്കാതെ വളരെ ഉയര്‍ന്ന പാസിംഗ് അക്ക്യൂറസിയോടെ അദ്ദേഹം കളി മുഴുവിപ്പിച്ചു.
കളിയില്‍ മൊത്തം അദ്ദേഹത്തിന് പിഴച്ചത് ഒന്നോ രണ്ടോ പാസ്സുകളാണ്. ഒരു സവിശേഷത എന്തെന്നാല്‍ വളരെ സിമ്പിള്‍ പാസുകള്‍ ഗ്രൗണ്ടിന്റെ എല്ലാ ദിശകളിലേക്കും അദ്ദേഹത്തിന് നല്‍കാനായി. ക്രൈഫ് പറഞ്ഞതുപോലെ ( Playing football is very simple, but playing simple football is the hardest thing there is ) സമ്മര്‍ദത്തിന് വഴങ്ങാതെ മിനിമം ടച്ചുകള്‍കൊണ്ട് സിമ്പിള്‍ പാസുകള്‍ വഴി ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും പന്തെത്തിക്കുക, കളിയുടെ ടെമ്പോ സെറ്റ് ചെയ്യുക, ഡിഫെന്‍സിനെ കഴിയുവാത്തും സമ്മര്‍ദ്ദത്തിലാക്കാതെ അവരെ സപ്പോര്‍ട്ട് ചെയ്യുക എന്നീ കര്‍ത്തവ്യങ്ങളാണ് ഒരു നല്ല ഡിഫന്‍സീവ് മിഡ്ഫീല്‍ഡറിന്റെ കടമ. അതല്ലാതെ കുറെ ടാക്കിളുകള്‍ ചെയ്യുന്നതുകൊണ്ട് മാത്രം ഒരാള്‍ മികച്ച സി.ഡി.എം ആവില്ല.
കളി വായിക്കാനുള്ള കഴിവാണ് അയാളെ വ്യത്യസ്തനാക്കുന്നത്. ഏറ്റവും മികച്ച ഉദാഹരണം സെര്‍ജിയോ ബുസ്‌കെറ്റ്സ് ആണ്. അദ്ദേഹത്തോളമൊന്നും വരില്ലെങ്കിലും വളരെ നല്ലൊരു പ്രകടനം തന്നെ വില്ല്യം നടത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും പുതിയ സൈനിംഗുകളില്‍ ഒരാളായ ബെര്‍നാന്‍ഡോ സില്‍വ , തന്റെ ട്രാന്‍സ്ഫര്‍ ഫീസിനെ ന്യായീകരിക്കുന്ന പ്രകടനമാണ് നടത്തിയത്. നിലവില്‍ പോര്‍ച്ചുഗല്‍ നിരയില്‍ ഏറ്റവും മികച്ച ഡ്രിബ്ലര്‍ , മനോഹരമായ ഫൂട്ട് വര്‍ക്ക് , ഡിഫെന്‍സ് സ്പ്ലിറ്റിങ് പാസുകള്‍ നല്‍കാനുള്ള ക്രീയേറ്റിവിറ്റി, കൂടാതെ വൈഡ് പൊസിഷനുകളില്‍ നിന്ന് കട്ട് ഇന്‍ ചെയ്തു ഉള്ളില്‍ വരാന്‍ ഉള്ള കഴിവ് റഷ്യന്‍ വിംഗ് ബാക്ക്സിന് തലവേദന സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വേഗത കൗണ്ടര്‍ അറ്റാക്കുകളിലും സഹായകമായി.
മറുവശത്തു കളിച്ചിരുന്ന ആന്ദ്രെസ് ഗോമസ് ഒറ്റ നോട്ടത്തില്‍ അത്ര നന്നായി കളിച്ചില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. ഇത്രയും മികച്ച പൊസിഷന്‍ സെന്‍സുള്ള ഒരു 23 വയസ്സുകാരനെ കണ്ടെത്തുക വളരെ പ്രയാസമാണ്. തന്റെ പൊസിഷന്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍, സെന്റര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്നിവയാണെന്നിരിക്കെ തനിക്കു കിട്ടിയ വൈഡ് പൊസിഷന്‍ അദ്ദേഹം വളരെ മനോഹരമായി കളിച്ചു. അല്ല, ബാഴ്സക്ക് വേണ്ടി ഇത്തവണ വിംഗ് ബാക്കായും ഫുള്‍ബാക്കായും വരെ കളിച്ചിട്ടുള്ള അയാളില്‍ നിന്ന് ഇതൊരു അത്ഭുതമല്ല.
സില്‍വയുമായി ഇടയ്ക്കിടയ്ക്ക് വശങ്ങള്‍ മാറി കൊണ്ടിരുന്നു. ഒരു കാര്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹം കളിച്ച വശങ്ങളില്‍ എല്ലാം ഫുള്‍ബാക്കുകള്‍ക്ക് ആക്രമണങ്ങളില്‍ കൂടുതല്‍ സംഭാവന നല്‍കാനും, കൂടുതല്‍ സ്വാതന്ത്ര്യമുള്ളതുമായി തോന്നി. അവരെപ്പോഴെല്ലാം ഔട്ട് ഓഫ് പൊസിഷന്‍ പിടിക്കപ്പെട്ടപ്പോളും ഗോമസ് ആ അഭാവം നികത്താന്‍ സഹായിച്ചു. കൂടാതെ എപ്പോഴല്ലാം ഡിഫെന്‍സിനു ഒരു അധിക സഹായം വേണ്ടിവന്നപ്പോഴും അവിടെയുണ്ടായിരുന്നു. ചില നല്ല ഡ്രിബ്ളുകള്‍ നടത്തുകയും ചെയ്തു. പാസിംഗ് അക്ക്യൂറസി താരതമ്യേന കുറയാന്‍ കാരണം അദ്ദേഹം കൂടുതല്‍ ത്രൂ ബോളുകള്‍ നല്കാന്‍ ശ്രമിച്ചതിനാലാണ്. പിന്നെ അല്പം മോശമായി തോന്നിയത് അദ്ദേഹം നല്‍കുന്ന പാസ്സുകള്‍ക്കു അല്പം വെയ്റ്റ് കൂടുതല്‍ ആണ് എന്നുള്ളതാണ്. പിന്നെ അതൊന്നും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളും അല്ല.
പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച പ്ലയെര്‍ എന്ന് തോന്നിയത് അവരുടെ മിഡ്ഫീല്‍ഡേഴ്സില്‍ നാലാമനായ സില്‍വയെ ആണ്. ഗ്രൗണ്ടിന്റെ എല്ലായിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കളം നിറഞ്ഞു കളിച്ചെന്നു തന്നെ പറയാം. വില്യം ആവശ്യപ്പെട്ടപ്പോഴെല്ലാം സപ്പോര്‍ട്ട് നല്‍കുകയും അല്ലാത്തപ്പോള്‍ അദ്ദേഹത്തിന് മുന്‍പിലായി കളിച്ചു അറ്റാക്കര്‍സിന് പന്തെത്തിക്കുന്നതിനും സഹായിച്ചു. പോര്‍ച്ചുഗല്‍ മധ്യനിരക്കാര്‍ തമ്മില്‍ മികച്ച ധാരണയുണ്ടായിരുന്നു. അവരുടെ നീക്കങ്ങള്‍ വളരെ ഫ്‌ളൂയിടും ആയിരുന്നു.
അവരെപ്പോലെ തന്നെ ഫുള്‍ബാക്കുകളും ഊര്‍ജ്ജസ്വലതയോടെ കളിച്ചു.മധ്യനിരക്കാര്‍ ക്രിയേറ്റീവ് ആയതിനാലും ഫുള്‍ബാക്കുകള്‍ നിരന്തരം മുന്നോട്ടുകയറി കാലിച്ചതിനാലും വൈഡ് ആയും സെന്‍ട്രല്‍ ആയും പൊച്ചുഗലിന് ആക്രമിക്കാനും റഷ്യയുടെ ഡിഫെന്‍സിനെ സ്ട്രെച്ച് ചെയ്യാനുമായി. അറ്റാക്കില്‍ ക്രിസ്റ്റിയാനോക്കു മികച്ച പങ്കാളിയായി സില്‍വ . ക്രിസ്റ്റിയാനോ ഒരു തികഞ്ഞ ഗോള്‍സ്‌കോറെര്‍ (ുീമരവലൃ ) ആയി എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണവും കാണാനായി.
ഫുള്‍ബാക്സ് ക്രോസിങ് പൊസിഷനില്‍ എത്തിയപ്പോഴെല്ലാം തന്നെ ഫാര്‍ പോസ്റ്റില്‍ അദ്ദേഹം എത്തി. ഇങ്ങനെയൊരു നീക്കമാണ് ഗോളില്‍ കലാശിച്ചതും. മത്സരത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അറിഞ്ഞപ്പോളെല്ലാം തന്നെ റഷ്യന്‍ ഗോള്‍മുഖം വിറകൊണ്ടു. ചാന്‍സുകള്‍ സൃഷ്ടിക്കുന്ന ക്രിസ്റ്റിയാനോ അല്ല, അവ മുതലെടുക്കുന്ന ക്രിസ്റ്റിയാനോ ആണ് ഇനിയങ്ങോട്ട്. ആന്ദ്രേ സില്‍വ അദ്ദേഹത്തിന് പറ്റിയ കൂട്ടാളിയായി. ഗെയിം കണ്‍സ്ട്രക്ഷനിലും പങ്കാളിയായി. അല്പം കൂടുതല്‍ ടച് എടുക്കുന്നതിനാല്‍ എതിരാളികള്‍ക്ക് അദ്ദേഹത്തെ ക്ലോസ് ഡൌണ്‍ ചെയ്യാനായി. എന്തിരുന്നാലും മൂവ്മെന്റ് എതിര്‍ പ്രതിരോധത്തെ അസ്വസ്ഥമാക്കുകയും ക്രിസ്റ്റ്യാനോക്കു സ്പേസ് നല്‍കുന്നതിനും സഹായിച്ചു. പോര്‍ച്ചുഗലിന്റെ ഡിഫെന്‍സിവ് യൂണിറ്റിന്റെ പരിചയസമ്പത്തും ടീമിന് സഹായകമായി.
എന്നാല്‍ ആതിഥേയരായ റഷ്യ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 3-4-3 കളിക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ അപകടം വിങ്ങുകളില്‍ ഒരാള്‍ മാത്രമേ ഉള്ളു എന്നതാണ്. ആയതിനാല്‍ എപ്പോഴക്കെ വിങ്ബാക്കുകള്‍ ആക്രമണത്തിനായി പോവുമ്പോഴും എതിരാളികള്‍ക്ക് അത്രയും സ്പേസ് തുറന്നു കിട്ടും. ആയതിനാല്‍ തന്നെ വളരെ അച്ചടക്കമുള്ള വിങ്ബാക്കുകള്‍ ഈ ഫോര്‍മേഷന് അനിവാര്യമാണ്. കൂടാതെ കഴിയുവതും വിങ്ബാക്കുകളെ മാത്രം ആക്രമണങ്ങളുടെ ചുമതല ഏല്പിക്കാതിരിക്കുക.
ഇതൊന്നും തന്നെ കണക്കിലെടുക്കാതെയാണ് ആദ്യ പകുതിയും പിന്നീടുള്ള കുറച്ചു സമയവും റഷ്യ കളിച്ചത്. ഒരു വ്യക്തമായ ഗെയിം പ്ലാന്‍ ഇല്ലാതെയാണ് അവര്‍ മത്സരം ആരംഭിച്ചത്. മധ്യനിര എപ്പോഴൊക്കെ പന്ത് ലഭിച്ചുവോ അപ്പോഴൊക്കെ പന്ത് വിങ്ബാക്കസിനു നല്‍കുകയാണ് ചെയ്തത്. ഒരിക്കല്‍ പോലും പന്ത് റൊട്ടേറ്റ് ചെയ്യാനോ ഫ്ലാങ്ക് മാറ്റാനോ ശ്രമിച്ചില്ല. ആയതിനാല്‍ പോര്‍ച്ചുഗല്‍ ഡിഫെന്‍സ് ഒരിക്കല്‍ പോലും സ്ട്രെച്ച് ആയില്ല. ഗ്രൗണ്ടിനുമധ്യത്തിലൂടെ ഒരാക്രമണത്തിനും അവര്‍ തയ്യാറായില്ല. ഒരിക്കല്‍ പോലും മറ്റൊരു മാര്‍ഗ്ഗത്തിനു മുതിര്‍ന്നതുമില്ല. ആയതിനാല്‍ ആക്രമണങ്ങള്‍ തടയാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
റഷ്യയുടെ മധ്യനിരക്കാര്‍ മിക്കസമയങ്ങളിലും അനാഥപ്രേതങ്ങളെ പോലെ അലഞ്ഞു നടന്നു. ഡിഫന്‍ഡ് ചെയ്യാനല്ലാതെ പന്ത് ലഭിച്ചപ്പോഴെല്ലാം അവര്‍ ആശയദാരിദ്ര്യം നേരിട്ടു. ഒരിക്കല്‍ പോലും ഡിഫന്‍സില്‍ നിന്ന് പന്ത് ആക്രമണനിരയിലേക്ക്എത്തിക്കാന്‍ അവര്‍ക്കായില്ല. മുന്നേറ്റനിരയില്‍ മെയിന്‍ സ്‌ട്രൈക്കറിന് കൂടെ കളിക്കുന്ന രണ്ടുപേര്‍ ഒരിക്കല്‍ പോലും മധ്യനിരയിലേക്കു വലിഞ്ഞു സഹായിക്കാന്‍ ശ്രമിച്ചില്ല. റഷ്യയുടെ സ്‌ട്രൈക്കര്‍ വളരെ നിരാശപ്പെടുത്തി. ആദ്യ പകുതിയില്‍ ബോള്‍ നന്നായി റിസീവ് ചെയ്യാന്‍ പോലും ആയില്ല.
റഷ്യയുടെ സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സിനിടയിലും ആശയക്കുഴപ്പം പ്രകടമായിരുന്നു. ഒരിക്കല്‍ പോലും മുന്നേറ്റനിരയിലേക്കു എയര്‍ ബോള്‍ കളിക്കാനും ശ്രമിച്ചില്ല. 60 ആം മിനുട്ടില്‍ അവര്‍ ആദ്യമായി പെനാല്‍റ്റിബോക്സിനു മുന്നിലൂടെ പന്ത് റൊട്ടേറ്റ് ചെയ്തപ്പോഴാണ് നല്ലൊരു അവസരം അവര്‍ക്കു സംജാതമായത്. പിന്നീട് അവസാന നിമിഷങ്ങളില്‍ അവര്‍ കൂടുതല്‍ ആക്രമണ തന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും വൈകിയിരുന്നു. അപ്പോഴേക്കും പോര്‍ച്ചുഗല്‍ പ്രതിരോധിക്കാന്‍ തയ്യാറായി ഇരുന്നതിനാല്‍ അവര്‍ക്കു പെനാല്‍റ്റി ബോക്സ് വരെ എത്താനായി. അവസാന മിനുട്ടുകള്‍ മാറ്റി നിറുത്തിയാല്‍ റഷ്യ വളരെ നിരാശപ്പെടുത്തി.