മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് ജനുവരി 26ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് എലോണ്‍. കൊവിഡും അതിനെ തുടര്‍ന്നു വന്ന ലോക് ഡൗണിലും ഫ്‌ളാറ്റിനുള്ളില്‍ ഒറ്റക്ക് പെട്ടുപോകുന്ന കാളിദാസന്‍ എന്ന വ്യക്തിയിലൂടെയാണ് എലോണ്‍ സിനിമ സഞ്ചരിക്കുന്നത്. അവിടെ നടക്കുന്ന അസ്വഭാവികമായ ചില സംഭവങ്ങളുമോക്കെയാണ് സിനിമയുടെ പ്രമേയം.
സിനിമ കുറച്ചുകൂടി മുമ്പോട്ട് പോകുമ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന രീതിയിലൊക്കെ പരിണമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ഇംപാക്ട് സൃഷ്ടിക്കുന്നില്ല എന്നതാണ് സിനിമ നേരിടുന്ന പ്രധാന പ്രശ്‌നം. അതിന്റെ പ്രധാന കാരണം തിരക്കഥ തന്നെയാണ്. രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ വേഗത കുറഞ്ഞ് സഞ്ചരിക്കുന്ന തിരക്കഥ ചിലപ്പോഴെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു പരീക്ഷണം രാജേഷ് മുമ്പും നടത്തിയിട്ടുണ്ട്. നിത്യ മേനോനെ നായികയാക്കി രാജേഷ് തിരക്കഥ ഒരുക്കിയ ‘പ്രാണ’യും ഇത്തരത്തിലൊരു പരീക്ഷണ ചിത്രം തന്നെയാണ്. അവിടെയും ഒരു കഥാപാത്രം മാത്രമാണ് വരുന്നത്. പ്രാണ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന പല എലമെന്റ്‌സും എലോണിലും കാണാന്‍ കഴിയും . അതൊരു ആവര്‍ത്തനവിരസത തന്നെയാണ്.
പശുവും ചത്ത് മോരിലെ പുളിയും പോയി കഴിഞ്ഞിട്ട് അതിനെക്കുറിച്ച് പറഞ്ഞിട്ടെന്ത് കാര്യം. അതുപോലെയാണ് എലോണ്‍ സിനിമയുടെ കഥ. കൊവിഡും കഴിഞ്ഞ്, കൊറോണയും അതിനെ തുടര്‍ന്ന് വരുന്ന പ്രശ്‌നങ്ങളും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് ലോക്ക് ഡൗണില്‍ അടച്ചിട്ട കഥയൊക്കെ പറഞ്ഞുവരുന്നത് കുറച്ച് എടുത്തുചാട്ടം തന്നെയല്ലേ. കാരണം ഇക്കാലയളവിനുള്ളില്‍ തന്നെ അത്തരമൊരു കഥ വളരെ പഴകിപ്പോയി കഴിഞ്ഞു.
സിനിമ ഷൂട്ട് ചെയ്തത് കൊവിഡ് കാലത്തായിരുന്നെങ്കില്‍ പോലും അവിടെനിന്നും ഒരുപാട് സഞ്ചരിച്ച പ്രേക്ഷകരിലേക്ക് അത്തരമൊരു കഥ കൊണ്ടുവക്കുന്നത് കുറച്ച് അപകടം തന്നെയാണ്. അതുകൊണ്ടുതന്നെ എലോണ്‍ കാലം തെറ്റി ഇറങ്ങിയ ഒരു സിനിമയാണെന്ന് പറയാം. ഈ സിനിമ ഒരു രണ്ടുവര്‍ഷം മുമ്പിറങ്ങിയിരുന്നെങ്കില്‍ കുറച്ചുകൂടി ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.
ഒരു സ്ഥിരതയും ഇല്ലാത്ത തിരക്കഥയും അനാവശ്യമായ ബി.ജി.എമ്മും അപക്വമായ ആനിമേഷനുക്കെ സിനിമയുടെ മറ്റ് നെഗറ്റീവ് വശങ്ങളാണ്. ഓരോ കഥക്കും അത് പറയാന്‍ അതിന്റേതായ കാലമുണ്ട്. കാലം തെറ്റി ഇറങ്ങുന്ന സിനിമകളും കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന സിനിമകളും പലപ്പോഴും തിയേറ്ററില്‍ പരാജയപ്പെടുന്ന കാഴ്ച നേരത്തെയും നമ്മള്‍ കണ്ടിട്ടുണ്ട്.
അത്തരത്തില്‍ കാലം തെറ്റി ഇറങ്ങുന്ന സിനിമകള്‍ പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. എന്നാല്‍ എ ലോണിലേക്ക് വരുമ്പോള്‍ അതിനുള്ള സാധ്യത പോലും കാണുന്നില്ല.
content highlight: about alone movie script