നാപിഡോ: മ്യാന്മറിലെ സൈന്യവും രാജ്യത്തെ സായുധ സംഘവും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 90,000ത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ.
‘നവംബർ ഒമ്പതിലെ കണക്ക് പ്രകാരം വടക്കൻ ഷാനിലെ 50,000 പേർ നിർബന്ധിത പലായനത്തിന് വിധേയരായി,’ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) പറഞ്ഞു.
ഈ മാസം തുടക്കത്തിൽ സഗയിങ് പ്രദേശത്തെയും കച്ചിനിലെയും എതിരാളികളുമായുമുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലിനെ തുടർന്ന് 40,000 ആളുകൾ കൂടി വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടുവെന്ന് ഒ.സി.എച്ച്.എ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മ്യാന്മറിലെ ശക്തമായ ഗോത്ര സായുധ സംഘമായ ത്രീ ബ്രദർഹുഡ് അലയൻസ് വടക്കൻ ഷാനിലെ സൈനിക ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം നടത്തിയിരുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിലെ ചിൻ ഷ്വെ ഹോ പട്ടണം ഇവർ പിടിച്ചെടുക്കുകയും ചെയ്തു.
2021 ഫെബ്രുവരിയിൽ ആങ് സാൻ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.
മ്യാന്മർ സൈനിക അധിനിവേശത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുമെന്നും സൈനിക സ്വേച്ഛാധിപത്യം അവസാനിപ്പിക്കുമെന്നും ത്രീ ബ്രദർഹുഡ് അലയൻസ് പ്രസ്താവനയിറക്കിയിരുന്നു.
അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യം പല ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന് അട്ടിമറിക്ക് ശേഷം മ്യാന്മർ പ്രസിഡന്റായി നിയമിതനായ മിന്റ് സ്വെ ദേശീയ സുരക്ഷാ യോഗത്തിൽ പറഞ്ഞിരുന്നു.
ഒക്ടോബർ 26ന് ആരംഭിച്ച സംഘർഷങ്ങളെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ജനങ്ങൾ വിവിധ മത കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്ന് ഒ.സി.എച്ച്.എ അറിയിച്ചു.
ഗതാഗതവും ആശയവിനിമയ സേവനങ്ങളും മുടങ്ങിയതോടെ മാനുഷിക സഹായം എത്തിക്കാൻ തടസമുണ്ടെന്നും ഒ.സി.എച്ച്.എ അറിയിച്ചു.
Content Highlight: About 90,000 people displaced by Myanmar conflict: UN