| Friday, 2nd November 2018, 10:21 am

ആറാം തിയ്യതി വരെ ശബരിമലയില്‍ 5000 പൊലീസുകാരെ വിന്യസിക്കും; തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: നാളെ മുതല്‍ ആറാം തിയ്യതി വരെ ശബരിമലയില്‍ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷയൊരുക്കാന്‍ തീരുമാനമായി. ചിത്തിര ആട്ടവിശേഷത്തിന് അഞ്ചാം തിയ്യതി നടതുറക്കുന്നതുമായി ബ്വന്ധപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

നട തുറക്കുന്നത് അഞ്ചാം തിയ്യതി വൈകീട്ട് അഞ്ചിനാണ്. ആറാം തിയ്യതി രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി വേണ്ടത്ര മുന്‍കരുതലെടുക്കാനാണ് രണ്ടുദിവസം മുന്‍പേ പൊലീസിനെ വിന്യസിക്കുന്നത്.


വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് പത്തനംതിട്ട പൊലീസ് മേധാവി അറിയിച്ചു.

ഐ.ജി പി വിജയനാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐ.ജി എം.ആര്‍ അജിത്കുമാറിനാണ് ചുമതല. ഐ.ജിമാര്‍ക്കൊപ്പം ഐ.പി.എസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാര്‍ക്കാണ് ചുമതല.

സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചിട്ടുണ്ട്.


അതേസമയം, ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികള്‍ അവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വാങ്ങുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍-വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്.

തൊഴിലാളികള്‍ ഈ രേഖകളുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. കൂടാതെ പൊലീസ്, സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

We use cookies to give you the best possible experience. Learn more