ജനീവ: വിവിധയിടങ്ങളിലായി 300 പേരുടെ മരണത്തിന് കാരണമായ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏഴ് മരുന്നുകളും മലിനമായ സിറപ്പുകളുമടക്കം നിരോധിച്ച് ലോകാരോഗ്യ സംഘടന.
ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമായുള്ള 20 സിറപ്പുകള്‍ നിരോധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിവിധ മരുന്നുകമ്പനികള്‍ നിര്‍മിച്ച വിറ്റാമിനുകളും കഫ് സിറപ്പുകളും പാരസെറ്റാമോളും നിരോധിക്കപ്പെട്ട മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
ഇരുരാജ്യങ്ങളിലെയും 15 ഇടങ്ങളില്‍ നിന്ന് നിര്‍മിച്ച ഉല്‍പ്പന്നങ്ങളാണിവയെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവായ ക്രിസ്റ്റിയന്‍ ലിന്‍ഡ്മിയെര്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിരവധി രാജ്യങ്ങളില്‍ മലിനമായ സിറപ്പുകള്‍ നല്‍കുന്നു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരം ലഭിക്കുന്നതിന് അനുസരിച്ച് മെഡിക്കല്‍ അലേര്‍ട്ട് പട്ടിക വിപുലപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ഉല്‍പ്പന്നം മലിനപ്പെട്ടുവെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമാണ് ലോകാരോഗ്യ സംഘടന മെഡിക്കല്‍ ജാഗ്രത നിര്‍ദേശിക്കുകയുള്ളൂ,’ ലിന്‍ഡ്മിയര്‍ പറഞ്ഞു.
നോയിഡയിലെ മാരിയണ്‍ ബയോടെക് (2), ഹരിയാനയിലെ മൈതാന്‍ ഫാര്‍മസ്യൂട്ടിക്കള്‍സ് (4), പഞ്ചാബിലെ ക്യു.പി ഫാര്‍മകെം (1) എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ നിന്ന നിരോധിച്ച് ഏഴ് മരുന്നുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബാക്കിയുള്ളത് മുഴുവന്‍ ഇന്തോനേഷ്യയില്‍ നിന്നുമാണ് ഉല്‍പ്പാദിപ്പിച്ചത്.
ഉസ്ബക്കിസ്ഥാന്‍, ഗാംബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന മരണങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് നിര്‍മിച്ച മരുന്നുകള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.
ഗാംബിയയിലെയും ഉസ്ബക്കിസ്ഥാനിലെയും 88 മരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്ക് ജാഗ്രത നല്‍കിയിരുന്നു. ഗാംബിയയിലെ 70 കുട്ടികളുടെ മരണത്തിന് കാരണം മെയ്ഡന്‍ ഫാര്‍മസ്യൂട്ടികള്‍ നിര്‍മിച്ച മലിനമായ മരുന്നുകളാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു.
ആഭ്യന്തര വില്‍പ്പന നടത്തിയ സിറപ്പുകള്‍ കാരണമുള്ള 200ലധികം കുട്ടികളുടെ മരണത്തില്‍ ഇന്തോനേഷ്യയ്ക്കും ലോകാരോഗ്യ സംഘടന ജാഗ്രത നല്‍കിയിരുന്നു.
ജൂണ്‍ ആദ്യം ഡൈഥിലീന്‍ ഗ്ലൈക്കോള്‍ അഥവാ എഥിനീന്‍ ഗ്ലൈക്കോള്‍ അടങ്ങിയ പാരാസെറ്റാമോള്‍ സിറപ്പ് ലൈബീരിയയില്‍ വിറ്റതിന് നൈജീരിയന്‍ ഡ്രഗ് കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് നടത്തുന്ന കമ്പനിയാണ് ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നത്.
അതേസമയം കയറ്റുമതിക്ക് മുമ്പ് തന്നെ എല്ലാ മരുന്നുകളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ സംവിധാനമുണ്ടെന്ന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വൃത്തങ്ങള്‍ പറഞ്ഞു.
CONTENT HIGHLIGHTS: About 300 people died; WHO bans 20 medicines in India and Indonesia