| Tuesday, 16th July 2013, 3:00 pm

രാജ്യത്ത് ഗര്‍ഭഛിദ്രം കൂടുന്നു: മുന്നില്‍ മുംബൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്കില്‍ വന്‍ ഉയര്‍ച്ച. മുംബൈ നഗരത്തില്‍ മാത്രം 27,256 അബോര്‍ഷനുകള്‍ ആണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത്. []

2010-2011 വര്‍ഷത്തില്‍ ഇത് 16,977 ആയിരുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് 1000ആണ്‍കുട്ടികള്‍ക്ക് 874 പെണ്‍കുട്ടികള്‍ എന്നാണ് മുംബൈ നഗരത്തിലെ ജനന നിരക്ക്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗര്‍ഭഛിദ്ര നിരക്കില്‍ മുംബൈയില്‍ മാത്രം 60 ശതമാനത്തിലേറെയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍  പൊതുജനാരോഗ്യ വിഭാഗം സമര്‍പിച്ച കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാല്‍ ഗര്‍ഭഛിദ്ര നിരക്കില്‍ വന്ന ഈ ഉയര്‍ച്ചയില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ദമ്പതികള്‍ക്കിടയിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും എന്ന വ്യത്യസ്ത ചിന്തയാണ് അബോര്‍ഷന്‍ നിരക്ക് കൂടുന്നതിന്റെ കാരണമെന്ന് ചിലര്‍ പറയുമ്പോഴും  ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് അല്ല ഈ അബോര്‍ഷനുകളെന്ന് പൊതുജനാരോഗ്യവകുപ്പ് മന്ത്രി സുരേഷ് ഷെട്ടി പ്രതികരിച്ചു.

കുഞ്ഞിന്റെ ലിംഗനിര്‍ണയും നിയവിരുദ്ധമായി നടത്തുകയും അതിന് ശേഷം ഗര്‍ഭഛിദ്രം നടത്താനും പല ദമ്പതികളും തയ്യാറാണ്ടെന്ന് അനുമാനിക്കാം എന്നാല്‍ പലരും ജീവിത സാഹചര്യം മുന്‍നിര്‍ത്തി അബോര്‍ഷനില്‍ താത്പര്യപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി അത് പെണ്‍കുട്ടിയാണെന്ന് അറിയുന്നപക്ഷം 20 ആഴ്ചക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് ഏറിവരികയാണെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

കൃത്യമായ പരിശോധന നടത്തുകയാണെങ്കില്‍ ഗര്‍ഭഛിദ്ര നിരക്കില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് ഷെട്ടി പറയുന്നു.

മഹാരാഷ്ടയിലും മുംബൈയിലും ഇത് നിയന്ത്രിക്കാനായി മാര്‍ഗങ്ങള്‍ കൊണ്ടുവന്നേ തീരൂ. ഒരു സ്ത്രീ ഗര്‍ഭിണിയായി ഡോക്ടറെ സമീപിക്കുന്ന അവസ്ഥയില്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്ത് സൂക്ഷിക്കണം.

അതിന് ശേഷം അവര്‍ ഡോക്ടറെ സമീപിക്കുന്നതും മറ്റും കൃത്യമായി പരിശോധിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് വഴി ഈ നിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more