| Monday, 24th September 2018, 8:34 pm

ഗര്‍ഭഛിദ്രങ്ങളും സ്ത്രീധനക്കൊലപാതകങ്ങളും കൂടുതല്‍ ഹിന്ദുക്കള്‍ക്കിടയിലെന്ന് ഒവൈസി; മുത്തലാഖ് ഓര്‍ഡിനന്‍സ് എടുത്തുമാറ്റണമെന്നും ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹിന്ദുമത വിശ്വാസികള്‍ക്കിടയിലാണ് കൂടുതല്‍ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെതിരെ സംസാരിക്കവേയായിരുന്നു ഒവൈസിയുടെ പ്രസ്താവന.

ആത്മഹത്യ ചെയ്യുന്ന വിവാഹിതരായ സ്ത്രീകളുടെ എണ്ണവും സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണവും ഹിന്ദുമതവിശ്വാസികള്‍ക്കിടയിലാണ് കൂടുതലെന്ന് 2001ലെ സെന്‍സസ് ഉദ്ധരിച്ചുകൊണ്ടാണ് ഒവൈസി പറയുന്നത്.

“ഏറ്റവുമധികം ഗര്‍ഭഛിദ്രം നടക്കുന്നത് ഹിന്ദുസ്ത്രീകള്‍ക്കിടയിലാണ്; വിവാഹിതരായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും, സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്നതും ഹിന്ദുക്കള്‍ക്കിടയിലാണ് കൂടുതല്‍; വിവാഹത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്ന, നിരാലംബരാകുന്ന സ്ത്രീകളുടെ എണ്ണവും ഏറെയുള്ളത് 2001ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദുക്കള്‍ക്കിടയിലാണ്” ഒവൈസിയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

Also Read: ഗുജറാത്ത് കലാപത്തില്‍ മോദി കാഴ്ചക്കാരനായിരുന്നുവെന്ന പരാമര്‍ശം: ആസ്സാമീസ് പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാക്കള്‍ക്കുമെതിരെ കേസ്

ഒവൈസിയുടെ മാനസികനില വെളിപ്പെട്ടിരിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകള്‍ പുറത്തുവന്നിരിക്കുന്നെന്നും പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ബി.ജെ.പി തെലങ്കാന വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.

“മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ നീക്കത്തെ അഭിനന്ദിക്കുന്നതിനു പകരം, മറ്റു മതങ്ങളിലെ സ്ത്രീകളുടെ അവസ്ഥയെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഒവൈസി. തന്റെ മതമൗലികവാദത്തെക്കുറിച്ച് അദ്ദേഹം ബോധവാനല്ല. ജനസംഖ്യയുടെ 84 ശതമാനം വരുന്ന സമൂഹത്തെ ബാധിക്കുന്ന കണക്കും 15 ശതമാനത്തില്‍ താഴെ മാത്രമുള്ള മറ്റൊരു വിഭാഗത്തെക്കുറിച്ചുള്ള കണക്കും തമ്മില്‍ എങ്ങിനെയാണ് താരതമ്യപ്പെടുത്തുക?” റാവു മാധ്യമങ്ങളോടു ചോദിച്ചു.

മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ നീക്കമാണെന്നും അവര്‍ക്കു നേരെയുള്ള അനീതിയുടെ ആക്കം കൂട്ടാനേ അതുപകരിക്കുകയുള്ളൂ എന്നുമായിരുന്നു ഒവൈസിയുടെ പക്ഷം. ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാനും നിയമം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more