ന്യൂദല്‍ഹി: ആധാര്‍ ഹാജരാക്കിയില്ലെന്ന കാരണത്താല്‍ അബോര്‍ഷന്‍ തടഞ്ഞു യുവതി അബോധാവസ്ഥയില്‍. ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍ ആശുപത്രിയിലാണ് സംഭവം.
നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെയാണ് 28 കാരിയായ യുവതി ഗര്‍ഭഛിദ്രത്തിനായി പി.ജി.ഐ.എം.ഇ.ആര്‍ ആശുപത്രിയെ സമീപച്ചത്. എന്നാല്‍ ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ യുവതിയെ മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന് ഒരു പ്രാദേശിക ആശുപത്രിയില്‍ ഗര്‍ഭഛിദ്രം ചെയ്‌തെങ്കിലും വേണ്ട മുന്‍കരുതലെടുക്കാത്തതിനാല്‍ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരക്ഷിതമായ ഗര്‍ഭഛിദ്ര മാര്‍ഗങ്ങളിലേക്ക് പൊതുജനങ്ങളെ നയിക്കുന്ന നടപടിയാണ് പി.ജി.ഐ.എം.ഇ.ആര്‍ ആശുപത്രയുടേതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ആരോഗ്യ-ക്ഷേമകാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോട് പറയാനുള്ളതെന്നും ആരോഗ്യസംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു. ആധാര്‍ ക്ഷേമകാര്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നത് മനുഷ്യാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാചക-വാതക സബ്‌സിഡി പോലുള്ള കാര്യങ്ങള്‍ക്കായിരിക്കണം ആധാര്‍ നിര്‍ബന്ധമാക്കേണ്ടതെന്നും ക്ഷേമകാര്യങ്ങളില്‍ ആധാറില്‍ കടുംപിടുത്തം പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാടെ അവഗണിക്കുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി നടക്കുന്നത്.
നേരത്തെ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ചത് വാര്‍ത്തയായിരുന്നു.