ദൈവരാജ്യത്തെ നരബലി
Daily News
ദൈവരാജ്യത്തെ നരബലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2012, 9:58 am

വേദനകൊണ്ട് പുളയുന്ന രോഗിക്കു മുന്നില്‍ ആശ്വാസത്തിന്റെ കൈത്തിരിയാവേണ്ടവര്‍ വിശ്വാസത്തിന്റെ പേരില്‍ സാത്താന്റെ കോട്ടുമണിഞ്ഞ് നില്‍ക്കുന്ന കാഴ്ച എത്രമാത്രം ഭയാനകമാണ്. ലോക ശാന്തിക്കും സമാധാനത്തിനും മണ്ണിലേക്കിറങ്ങിയ ദൈവപുത്രന്റെ കുഞ്ഞാടുകള്‍ സ്വന്തം വിശ്വാസത്തിന്റെ പേരില്‍ അവരെ മരണത്തിലേക്ക് വഴി നടത്തുകയല്ലേ ചെയ്തത്.


എസ്സേയ്‌സ് / സൂസന്‍ ഡാനി


അമ്മയുടെ വയറിന്റെ ഇളം ചൂടില്‍ വെച്ചുതന്നെ കൊത്തിനുറുക്കാന്‍ ദയാരഹിതമായി നീണ്ട ഡോക്ടറുടെ വിരലുകളിലൊന്നില്‍ ഒരു കേഴല്‍ എന്നോണം കടന്നു പിടിക്കുന്ന ഇളം കൈയുടെ ചിത്രം ഫേസ്ബുക്കിലെ വാളില്‍ നിങ്ങളില്‍ പലരും കണ്ടിരിക്കും. ഏതു പാറക്കല്ലിനെയും അലിയിച്ചു കളയുന്ന ഒരു കാഴ്ചയായിരുന്നു അത്.[]

ഒരു ഡോകട്‌റുടെ നേരനുഭവമായിരുന്നു അതെന്ന് ഒരിടത്ത് വായിച്ചറിഞ്ഞ ആ നിമിഷം മുതല്‍ ഗര്‍ഭഛിദ്രം എന്ന ഭീകരതയെ അത്യധികം വേദനയോടും അതിലേറെ വെറുപ്പോടെയും മാത്രമെ ഓര്‍ക്കാനായിരുന്നുള്ളു.

എന്നാല്‍ അതേയളവില്‍ ഹൃദയത്തെ കീറിമുറിക്കുന്ന ഒരു വാര്‍ത്തയായിരുന്നു രണ്ടു ദിവസം മുമ്പ് കാതിലലച്ചത്. മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലന്‍മാരായി പലരും പലപ്പോഴും ഉദ്ധരിക്കാറുള്ള സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലൊന്നായ അയര്‍ലന്റില്‍ നിന്നുള്ളതായിരുന്നു അത്.

നീതിയുടെയും മനുഷ്യാവകാശത്തിന്റെയും സകല അതിര്‍വരമ്പുകളും തകര്‍ത്തെറിഞ്ഞ ആ സംഭവത്തിനെതിരില്‍ ഇനിയും മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരുടെ ഇടയില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്  ഇതെക്കുറിച്ചന്വേഷിക്കാന്‍ ഐറിഷ് ആരോഗ്യ മന്ത്രാലയം തയ്യാറായത്. ഡബ്‌ളിനിലെ ഐറിഷ് പാര്‍ലമെന്റിനു മുന്നിലും തെരുവുകളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങളാണ് അണിനിരന്നത്. അയര്‍ലന്റില്‍ എഞ്ചിനീയറാണ് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍.

അയര്‍ലന്റില്‍ ദന്തഡോക്ടറായ സവിത ഹാലപ്പനവര്‍ എന്ന 31കാരി ഐറിഷ്  ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 28ന് മരണമടഞ്ഞതാണ് നടുക്കമുളവാക്കുന്ന ആ വാര്‍ത്ത. അസഹ്യമായ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് 17 ആഴ്ച ഗര്‍ഭിണിയായ സവിതയെ അയര്‍ലന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റിസമിയ (രക്തത്തിലുണ്ടാവുന്ന ഒരു തരം അണുബാധ)എന്ന അസുഖമായിരുന്നു അവരെ കീഴടക്കിയത്.

ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് ജീവന്‍ അപകടത്തിലായ അവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും “ഇത് കത്തോലിക്കാ രാജ്യമാണെന്നും ഇവിടെ ഗര്‍ഭ ഛിദ്രം  നിയമവിരുദ്ധമാണെന്നായിരുന്നു” അറുത്തുമുറിച്ച മറുപടി. കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞ മറ്റൊരു കാരണം.

വേദനയുടെ വന്‍ കടല്‍ താണ്ടാനാവാതെ വീണ്ടും വീണ്ടും അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ നീക്കാന്‍ അവര്‍ തയ്യാറായി. അപ്പോഴേക്കും സവിത ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കിടെ മരണം സംഭവിക്കുകയും ചെയ്തു.

രക്തത്തിലെ അണുബാധ മൂലം ഉണ്ടാവുന്ന ഈ  രോഗാവസ്ഥ അതിന്റെ മൂര്‍ധന്യതയില്‍ ശരീരമാകെ വ്യാപിക്കും. രക്തം, മൂത്രം, ശ്വാസകോശം, കോശകലകള്‍ എന്നിവയെ ഒന്നൊന്നായി കീഴടക്കി അവസാനം പ്രതിരോധ സംവിധാനത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് മരണത്തിലേക്ക് എത്തുന്ന അവസ്ഥയാണിത്.

തന്റെ ഗര്‍ഭപാത്രം സ്വന്തം കുഞ്ഞിന്റെ ശവപ്പറമ്പാക്കാന്‍ ഏതമ്മയാണ് ആഗ്രഹിക്കുക. മറ്റു ഘടകങ്ങളൊന്നും സ്വാധീനിക്കാത്ത തനതു പ്രകൃതത്തില്‍ ഒരു സ്ത്രീക്കും അതിനു കഴിയില്ല എന്നിരിക്കെ സവിതയുടെ ആവശ്യം തികച്ചും മാനുഷിക പരമായിരുന്നു. മാസമുറവേളകളില്‍ പോലും അസഹ്യമാവുന്ന വേദന സാധാരണ ഗതിയില്‍ സ്ത്രീകളെ തളര്‍ത്തിക്കളയുമെന്നിരിക്കെ ദിവസങ്ങളോളം അവര്‍ കടിച്ചിറക്കിയ നീറ്റല്‍ ഏതു വാക്കുകളില്‍ പകര്‍ത്താന്‍ കഴിയും.

ഓരോ രൂപകൂപങ്ങളിലും ഉറഞ്ഞുകൂടുന്ന അസഹ്യമായ വേദനയുടെ നിമിഷങ്ങളില്‍ ആശ്വാസം പകരേണ്ടതിനു പകരം തന്നെ നോക്കി കൊഞ്ഞനംകുത്തിയ മതസംഹിതയെയും വിശ്വാസത്തെയും  ആ പെണ്‍കുട്ടി എന്തു മാത്രം ശപിച്ചിട്ടുണ്ടാവണം. വേദനകൊണ്ട് പുളയുന്ന രോഗിക്കു മുന്നില്‍ ആശ്വാസത്തിന്റെ കൈത്തിരിയാവേണ്ടവര്‍ വിശ്വാസത്തിന്റെ പേരില്‍ സാത്താന്റെ കോട്ടുമണിഞ്ഞ് നില്‍ക്കുന്ന കാഴ്ച എത്രമാത്രം ഭയാനകമാണ്.

ചില സംഭവങ്ങളുടെ പേരില്‍ മാധ്യമലോകം ലോകത്താകമാനമുള്ള ഒരു ജനവിഭാഗത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുമ്പോഴൂം തങ്ങള്‍ കത്തോലിക്കാ വിശ്വാസികളെന്ന് പരസ്യമായി വിളംബരം ചെയ്ത്  നടത്തിയ ഒരു ‘അരുംകൊല’ പുറത്തുവരാന്‍ ആഴ്ചകള്‍ എടുത്തത് എന്തിന്റെ സൂചനയാണ്?

ലോക ശാന്തിക്കും സമാധാനത്തിനും മണ്ണിലേക്കിറങ്ങിയ ദൈവപുത്രന്റെ കുഞ്ഞാടുകള്‍ സ്വന്തം വിശ്വാസത്തിന്റെ പേരില്‍ അവരെ മരണത്തിലേക്ക് വഴി നടത്തുകയല്ലേ ചെയ്തത്. ഇതിനെ വിശ്വാസത്തിന്റെ ഏതു തരം മൗലികവാദമെന്ന പേരിട്ട് വിളിച്ചാല്‍ മതിയാവും.

മരണത്തിന്റെ മുനമ്പില്‍ നിന്ന് “താന്‍ കത്തോലിക്കാ വിശ്വാസിയല്ലെന്നും അയര്‍ലന്റുകാരിയല്ലെന്നും” ആണയിടേണ്ടി വന്ന ഒരു രോഗിയുടെ നിസ്സഹായവസ്ഥ പോലും കാരുണ്യത്തിന്റെ സുവിശേഷമോതുന്ന അവരുടെ ഹൃദയങ്ങളെ മാറിച്ചിന്തിക്കാന്‍ അനുവദിച്ചില്ല. സവിതയുടെ മരണം പുറത്തേക്കു വലിച്ചിടുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ചില ജീവനുകള്‍ വിലപ്പെട്ടതും ചിലവ വില കെട്ടതുമായ ഈ വിശ്വാസ സംഹിത നെഞ്ചോടു പുണരുന്നവര്‍ എങ്ങനെ മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി വാഴ്ത്തപ്പെടുന്നു?

പാകിസ്താനിലെയോ അഫ്ഗാനിലെയോ ചില സംഭവങ്ങളുടെ പേരില്‍ മാധ്യമലോകം ലോകത്താകമാനമുള്ള ഒരു ജനവിഭാഗത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുമ്പോഴും തങ്ങള്‍ കത്തോലിക്കാ വിശ്വാസികളെന്ന് പരസ്യമായി വിളംബരം ചെയ്ത്  നടത്തിയ ഒരു “അരുംകൊല” പുറത്തുവരാന്‍ ആഴ്ചകള്‍ എടുത്തത് എന്തിന്റെ സൂചനയാണ്?  വിശ്വാസ ഭീകരതയേക്കാള്‍ വലിയ ഈ പക്ഷപാത മാധ്യമ ഭീകരതയല്ലേ മനുഷ്യാവകാശ ലംഘനങ്ങളുടെ ചുടലപ്പറമ്പുകള്‍ക്ക് അരങ്ങൊരുക്കുന്നത്.

ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ചിറകില്‍ ലോകം ഒട്ടേറെ പുരോഗമിച്ചിട്ടും അതില്‍ ഊറ്റം കൊള്ളുന്നവര്‍ തന്നെ അപരിഷ്‌കൃതമായ ഇത്തരം വിശ്വാസാചാരങ്ങളില്‍ അസ്തിത്വം തിരഞ്ഞ് സായൂജ്യമടയുന്നതിന്റെ പൊരുള്‍ എന്താണ്?

പല രാജ്യങ്ങളിലും ഗര്‍ഭഛിദ്രം വിലക്കിയിട്ടുണ്ട്. അതിന് തക്കതായ കാരണവുമുണ്ട്. പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത് പതിവാക്കിയ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ അത് ഗുരുതര കുറ്റകൃത്യമാണ്. വിശ്വാസത്തിലുപരി സാമൂഹ്യമായ കാരണങ്ങളാലാണ് ആ വിലക്ക്. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായി  ഗര്‍ഭ ഛിദ്രം വിലക്കിയ രാജ്യങ്ങളുമുണ്ട്.  പക്ഷെ അവിടങ്ങളില്‍ പോലും അമ്മയുടെ ജീവന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ അത് അനുവദിക്കുന്നുമുണ്ട്.

അയര്‍ലന്റിന്റെ അയല്‍രാജ്യമായ ഇംഗ്‌ളണ്ടില്‍ പോലും ഇക്കാര്യത്തില്‍ ഇളവുണ്ട്. 1992ല്‍ അയര്‍ലന്റ് സുപ്രീംകോടതി തന്നെ അത്തരം ഘട്ടങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താമെന്ന് ഉത്തരവിട്ടുമുണ്ട്. എന്നാല്‍, അതിനുശേഷം മാറിമാറി വന്ന അഞ്ചു ഭരണകൂടങ്ങളും അത് നടപ്പാക്കാന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം….

“എന്റെ മകളെ അവര്‍ കൊന്നു”- വിവരിക്കാനാകാത്ത ദുഖത്തിന്റെ ആഴക്കയത്തില്‍ നിന്നുകൊണ്ട് സവിതയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ഇത്. അതു തന്നെയായിരുന്നു സത്യം. സവിത മരണത്തിന് കീഴടങ്ങുകയായിരുന്നില്ല. അവളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കാന്‍ ഞാന്‍ അയര്‍ലന്റില്‍ തന്നെ തുടരുമെന്ന് സവിതയുടെ ഭര്‍ത്താവ് പ്രവീണും പറയുന്നു. ഇനിയും അന്ധവും മനുഷ്യവിരുദ്ധവുമായ വിശ്വാസങ്ങള്‍ക്ക് സവിതമാര്‍ ഇരകളാകാതിരിക്കാന്‍ വേദനിക്കുന്ന ഈ മനസ്സുകള്‍ കാണിക്കുന്ന ജാഗ്രത ലോകം ഏറ്റെടുത്തിരുന്നുവെങ്കില്‍…..

RELATED ARTICLE

‘ഞാന്‍ കത്തോലിക്കാ വിശ്വാസിയോ ഐറിഷോ അല്ല, എന്നെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കൂ’