സാന്‍ സാല്‍വദോര്‍: അബോര്‍ഷന്‍-വിരുദ്ധ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച സ്ത്രീകളെ വെറുതെവിട്ട് എല്‍ സാല്‍വദോര്‍.
കര്‍ക്കശമായ ആന്റി-അബോര്‍ഷന്‍ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട മൂന്ന് സ്ത്രീകളെ അധികൃതര്‍ വെറുതെവിട്ടത്. ആറ് മുതല്‍ 13 വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവരെ വെറുതെ വിട്ടിരിക്കുന്നത്.
കാരെന്‍, കാത്തി, എവലിന്‍ എന്നിവരാണ് ജയിലില്‍ നിന്നും പുറത്തെത്തിയത്. കാരെന്‍ ഏഴ് വര്‍ഷവും കാത്തി എട്ട് വര്‍ഷവും എവലിന്‍ 13 വര്‍ഷവുമാണ് തടവില്‍ കഴിഞ്ഞത്.
ഗര്‍ഭം അലസിപ്പോയത് കാരണമായിരുന്നു ഈ സ്ത്രീകളെ ജയിലിലടച്ചത്. എന്നാല്‍ ഗര്‍ഭസമയത്തെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതെന്നാണ് അബോര്‍ഷന്‍ അവകാശങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സംഘടനകള്‍ പറയുന്നത്.
വ്യാഴാഴ്ചയായിരുന്നു മൂന്ന് സ്ത്രീകളെ റിലീസ് ചെയ്തത്. ഇവരുടെ ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. റിലീസിന് പിന്നാലെ സ്ത്രീകള്‍ അവരുടെ കുടുംബത്തോടൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഏത് സാഹചര്യത്തിലുള്ള ഗര്‍ഭം അലസിപ്പിക്കലും എല്‍ സാല്‍വദോര്‍ നിരോധിച്ചിട്ടുണ്ട്. എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവിടെയിത്. അത് കുറ്റകൃത്യപരമായ കൊലപാതകമാണെങ്കില്‍ 50 വര്‍ഷം വരെയും തടവ് ലഭിക്കാം.
ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍ കാരണം ഡോക്ടര്‍മാരുടെ സേവനം തേടുന്ന സ്ത്രീകളെ പോലും രാജ്യത്ത് വിചാരണ ചെയ്യാറുണ്ട്.
സ്ത്രീകള്‍ ആരോഗ്യപരമായി വെല്ലുവിളി നേരിടുന്ന സമയം, പീഡനം മൂലമുണ്ടായ ഗര്‍ഭം എന്നീ അവസരങ്ങളില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കമമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം മനുഷ്യത്വരഹിതമായ ഈ നിയമത്തില്‍ ഭേദഗതിയോ ഇളവോ വരുത്താനുള്ള നീക്കങ്ങളെ എതിര്‍ത്തുകൊണ്ട് കത്തോലിക് സംഘടനകളും മറ്റും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.