കല്‍പ്പറ്റ: പദവിയോ വീടോ ഇല്ലാതാക്കിയാലും ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എം.പി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണെന്നും വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താന്‍ അസ്വസ്ഥനാകുമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സത്യമേവ ജയതേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പദവിയോ വീടോ ഇല്ലാതാക്കിയാലും ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ല. എം.പി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ ഞാന്‍ അസ്വസ്ഥനാകുമെന്നാണ് ബി.ജെ.പി കരുതി വെച്ചിരിക്കുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. എന്നാല്‍ എന്നെ ഭയപ്പെടുത്താനാകില്ലെന്ന് ബി.ജെ.പിക്ക് മനസിലായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
വയനാടിന്റെ എം.പി സ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തില്‍ മാറ്റം വരില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഞാന്‍ പാര്‍ലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ അദാനി എങ്ങനെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതെന്ന് ഞാന്‍ ചോദിച്ചു.
അദാനിയുമായുളള ബന്ധത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തെ അദാനിക്ക് പ്രയോജനപ്രദമാകും വിധം ദുരുപയോഗം ചെയ്തതിനെ കുറിച്ച് ചോദിച്ചു.
എന്താണ് അദാനിയുമായി അദ്ദേഹത്തിനുള്ള ബന്ധം എന്ന് ചോദിച്ചു. പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി തന്നില്ലെന്ന് മാത്രമല്ല, കേന്ദ്ര മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി. എനിക്ക് എം.പി സ്ഥാനം പോയാലും ഇല്ലെങ്കിലും താന്‍ ഇന്ത്യയിലെ ജനങ്ങളുടെയും വയനാട്ടിലെ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ അയോഗ്യതയെന്നും അയോഗ്യത ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHT: Abolition of status or house does not eliminate asking questions; MP is just a position: Rahul Gandhi