ന്യൂദല്‍ഹി: ഇന്ത്യയുടെ നിയമചരിത്രത്തില്‍ നിര്‍ണായകമാകുന്ന വിധിയിലൂടെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഗര്‍ഭഛിദ്ര നിയമത്തിലെ വകുപ്പുകള്‍ ചോദ്യം ചെയ്ത് ബലാത്സംഗത്തിന് ഇരയായ മുംബൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച പ്രായമായിരുന്നു. എന്നാല്‍ സുപ്രീം കോടതി നിയമിച്ച മെഡിക്കല്‍ ബോര്‍ഡ് ഭ്രൂണവളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി.
ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇക്കാര്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.എസ് കെഹാറും അരുണ്‍ മിശ്രയും അടങ്ങിയ ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് മാതാവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ ഒമ്പതംഗ ഡോക്ടര്‍മാരുടെ സംഘമാണ് യുവതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയുടെ അഭിപ്രായവും കോടതി ആരാഞ്ഞു. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം മാതാവിന്റെ ജീവന് ഭീഷണി ഉണ്ടെങ്കില്‍ 24 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ കഴിയുമെന്ന് റോത്ത്ഗി കോടതിയെ ബോധിപ്പിച്ചു.
20 ആഴ്ചകള്‍ക്ക് ശേഷമുള്ള ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിയത് ഇന്ത്യന്‍ നിയമചരിത്രത്തില്‍ ശ്രദ്ധേയമായ നാഴികക്കല്ലാണ്. ഗര്‍ഭഛിദ്രത്തിന് 20 ആഴ്ചകളുടെ പരിധി നിശ്ചയിച്ചിരിക്കുന്ന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് യുവതി കോടതിയെ സമീപിച്ചത്. അമ്മയുടേയും കുഞ്ഞിന്റെയും ജീവന് ഭീഷണി ഉണ്ടെങ്കിലും 24 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നാണ് നിയമത്തില്‍ പറയുന്നത്.