ആബിത്ത വിളിക്കുന്നു കോഴിക്കോടിന്റെ രുചിയറിയാൻ
Discourse
ആബിത്ത വിളിക്കുന്നു കോഴിക്കോടിന്റെ രുചിയറിയാൻ
ജിൻസി വി ഡേവിഡ്
Saturday, 9th November 2024, 5:14 pm

ഗൂഗിൾ മാപ്പ് നോക്കി മാളിക്കടവിലേക്ക് പോകുമ്പോൾ മനസ് നിറയെ ഉത്സാഹവും ഒപ്പം കൗതുകവുമായിരുന്നു. കേരള സർക്കാറിൻ്റെ ആർ. ടി മിഷന്റെ  കീഴിൽ പ്രവർത്തിക്കുന്ന ആബിദ റഷീദിൻ്റെ ഹോം സ്റ്റേയിലേക്കാണ് യാത്ര. മഴക്കാർ ഉള്ളതുകൊണ്ട് വെയിലില്ലായിരുന്നു. ഇളം കാറ്റ് മെല്ലെ തഴുകി പോകുന്നുണ്ടായിരുന്നു.

കരിമ്പച്ച പെയിൻ്റടിച്ച ഒരു ഗേറ്റിന് മുന്നിൽ വണ്ടി നിന്നു. ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ഇത് തന്നെയാണ് സ്ഥലം എന്ന് വേഗം തന്നെ മനസിലായി.

ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോഴേക്കും നിറ പുഞ്ചിരിയുമായി ആബിത്ത പുറത്തേക്ക് വന്നു. ഡൂൾ ന്യൂസിൽ നിന്നല്ലേ വരൂ…  ആബിത്ത വീട്ടിലേക്ക് ക്ഷണിച്ചു. മുന്നിൽ പടർന്നു കിടക്കുന്ന പൂച്ചെടികളിൽ നിന്ന് കണ്ണുകളടർത്തിയെടുത്ത് ഞാനും ചിരിച്ചു.

കണ്ണുകൾ പതിയെ കോലായിൽ നിരത്തി വെച്ച കൽഭരണികളിലേക്ക് പോയി. 150 വർഷത്തോളം പഴക്കമുള്ള കരകൗശലവസ്തുക്കൾ ആബിത റഷീദിൻ്റെ വീടിന്റെ മറ്റൊരു പ്രത്യേകതയാണ്. ആരോ പറഞ്ഞതോർത്തു.

 

‘കയറി വരൂ…’ ആബിത്തയുടെ വാക്കുകൾ ചിന്തകളിൽ നിന്നുണർത്തി.

ഇളം മഞ്ഞ നിറത്തിലുള്ള ഹാളിലേക്ക് കയറിയപ്പോൾ ഏതോ മായികലോകത്തെത്തിയ പ്രതീതിയായിരുന്നു. നിരവധി കരകൗശല വസ്തുക്കൾ നിരത്തി വെച്ചിരിക്കുന്നു. ചുമരിലുള്ള പെയിന്റിങ് നോക്കിക്കൊണ്ട് നിന്ന എന്നെ വീണ്ടും ആബിത്തയുടെ ശബ്ദം ഉണർത്തി. ഇരിക്കൂ…

പുഞ്ചിരിച്ചുകൊണ്ട് ആബിത്ത പറഞ്ഞു. തിരിച്ച് അതെ പുഞ്ചിരി നൽകിക്കൊണ്ട് ഞാൻ സോഫയിൽ ഇരുന്നു. സോഫയിൽ ഇരുന്നതും ചായ വന്നു. അപ്പോഴേക്കും പുറത്ത് മഴപെയ്യാൻ തുടങ്ങിയിരുന്നു. സോഫയുടെ മുന്നിലുള്ള വലിയ കണ്ണാടി ജാലകത്തിലൂടെ മെല്ലെ മഴ ആസ്വദിച്ചുകൊണ്ട് ആബിത്ത സംസാരിച്ച് തുടങ്ങി.

 

’25 കൊല്ലമായി ഞാൻ ഈ സംരംഭം തുടങ്ങിട്ട്. കോഴിക്കോടിനെ ഒരു ഫുഡ് സിറ്റി ആക്കുക എന്നതാണ് എന്റെ മോട്ടോ. വാക്കുകളിലെ ആവേശം അവരുടെ കണ്ണുകളിൽ തിളങ്ങി. ആർ.ടി മിഷനിലേക്ക് ഞാൻ എത്തുന്നത് 2019ലാണ്. വെറുമൊരു ഹോം സ്റ്റേ എന്ന രീതിയിലല്ല ഞാൻ ഈ സംരംഭം ആരംഭിക്കുന്നത്.

ഒരു കളിനറി ഹോംസ്റ്റേയ് ആണ് ഞാൻ നടത്തുന്നത്. കോഴിക്കോടിന്റെ തനതായ ഭക്ഷണത്തെ ലോകത്തിന് മുന്നിൽ ഷോകേസ് ചെയ്യുകയാണിവിടെ. ഇവിടെ വരുന്നവരെ ബേപ്പൂർ ഹാർബർ അടക്കമുള്ള കോഴിക്കോടിന്റെ പൈതൃകം ഉറങ്ങുന്ന സ്ഥലങ്ങളിൽ ഞങ്ങൾ കൊണ്ടുപോകും. അതിലൂടെ നമ്മുടെ സംസ്കാരവും തനിമയുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും അറിയും,’ ആബിത്ത ആവേശത്തോടെ പറഞ്ഞു.

 

ആർ.ടി മിഷനിലേക്ക് ചേർന്നതോടു കൂടി എന്ത് മാറ്റമാണുണ്ടായതെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയായിരുന്നു ആബിത്തയുടെ ആദ്യ മറുപടി. എന്റെ ഹോം സ്റ്റേയിലേക്ക് ആദ്യമായി ഫോറിനേഴ്സ് വരുന്നത് ആർ.ടി മിഷൻ വഴിയാണ്. കോഴിക്കോട് മാളിക്കടവുള്ള എന്നെ അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ആളുകൾ തേടി വന്നിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ആർ.ടി മിഷൻ ആണ്.

അവർക്ക് എന്നെക്കൊണ്ട് സാധിക്കുന്ന ഏറ്റവും മികച്ച സേവനങ്ങൾ കൊടുക്കാൻ പറ്റി എന്നത് വലിയ സന്തോഷം. ആബിത്ത വീണ്ടും മനോഹരമായി പുഞ്ചിരിച്ചു.

 

നിങ്ങൾക്ക് വേണ്ടതൊക്കെ ഷൂട്ട് ചെയ്തോളു ട്ടോ ആബിത്ത ഇടക്കിടക്ക് ഓർമ്മപ്പിക്കുന്നുണ്ടായിരുന്നു. ഷൂട്ട് തകൃതിയായി നടക്കുണ്ട്, ഒപ്പം ഞങ്ങളുടെ സംസാരവും.

എനിക്ക് ഒരു നിർബന്ധമേ ഉള്ളു ഞാൻ ഇത് വെറും ഹോം സ്റ്റേ ആയി മാത്രമല്ല നടത്തുന്നതെന്ന് എല്ലാവരും അറിയണം. നമ്മുടെ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നിൽ എത്തിക്കുക കൂടിയാണ് ഞാൻ ചെയ്യുന്നത്. അതാണ് എന്റെ ലക്ഷ്യം ആബിത്ത വീണ്ടും പറഞ്ഞു. താഴെയുള്ള ഷൂട്ട് കഴിഞ്ഞാൽ മുകളിലും ഉണ്ട് ഒരു ലൈബ്രറി ഉണ്ട് രണ്ട് റൂംസ് മുകളിൽ ആണ് ആബിത്ത കൂട്ടിച്ചേർത്തു.

 

മുകളിലേക്ക് പോകുന്നതിന് മുൻപ് എന്റെ കണ്ണുടക്കിയ ആ വലിയ ജാലകത്തിലേക്ക് ഞാൻ ഒന്ന്കൂടി നോക്കി. അത് തുറക്കാൻ പറ്റുമോ ആബിത്താ ഞാൻ ചോദിച്ചു. അതിനെന്താ അത് തുറക്കാലോ ആബിത്ത പറഞ്ഞു.

ആ വലിയ ജാലകങ്ങൾ വാതിലുകളായിരുന്നു എന്ന സത്യം ഞാൻ മനസിലാക്കി. വാതിൽ തുറന്ന് പുറത്തേക്ക് എത്തിയത് മറ്റൊരു കോലായിലേക്കാണ് മനോഹരമായ ഒരു കൊച്ചു കോലായി. അവിടെ നിന്ന് മുറ്റത്തേക്ക് ഇറങ്ങാം തൊടിയിലൂടെ നടക്കാം. ചെമ്പകപ്പൂക്കൾ വീണുകിടക്കുന്ന മുറ്റത്തേക്ക് ഞാൻ പതിയെ ഇറങ്ങി. മഴപെയ്ത് തോർന്നതേ ഉള്ളു. നനഞ്ഞ പുല്ലിലൂടെ പതിയെ നടന്നു. ഇളം കാറ്റ് പതിയെ തഴുകി പോകുന്നുണ്ട്.

അകത്തേക്ക് വീണ്ടും നടന്നു. ആബിത്ത കാത്ത് നിക്കുന്നുണ്ടായിരുന്നു. മുകളിലെ ലൈബ്രറിയിലെ തന്റെ പാചക പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ആബിത്തക്ക് തിടുക്കമായിരുന്നു. ഹാളിലെ ചുമരിൽ കാലങ്ങളായി കാത്ത് സൂക്ഷിച്ച ഗ്രാമഫോൺ ഡിസ്കിന്റെ വലിയൊരു കളക്ഷൻ ഉണ്ടായിരുന്നു. തെല്ലത്ഭുതത്തോടെ ഞങ്ങളത് നോക്കി നിന്നു. ഇതെല്ലാം ഞാനും ഹസ്ബന്റും ശേഖരിച്ചതാണ്. ഒത്തിരി കൊല്ലമായി. ആബിത്ത ആവേശത്തോടെ പറഞ്ഞു.

ആബിത്തയോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല, നേരം പോയത് അറിഞ്ഞില്ല എന്ന മനസിലാക്കിയ ഞങ്ങൾ നാല് മണിയോടുകൂടി യാത്രാ പറഞ്ഞ് ഇറങ്ങി. ഇനിയെന്ന് വീണ്ടും കാണുമെന്ന് ചോദിച്ച് ആബിത്ത ഉമ്മറം വരെ വന്നു. വീണ്ടും കാണാം സമയം ഉണ്ടല്ലോ എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പിന് കീഴിലുള്ള കേരള റെസ്പോൺസിബിൾ ടൂറിസം മിഷ൯ സൊസൈറ്റി ചെയ്തുവരുന്നത്. ആർ.ടി മിഷനിൽ കൂടുതൽ പരിഷകരണങ്ങൾ കൊണ്ടുവന്നത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ്.

 

സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനും കേരള സര്‍ക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017 ഒക്ടോബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മിഷന്‍ ഉദ്ഘാടനം ചെയ്തത്.

കേരള സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ നാടിനെ മാത്രമല്ല അവിടുത്തെ നാട്ടുകാരെയും അവരിലൂടെ വ്യത്യസ്തമായ സംസ്കാരവും അറിയാൻ കഴിയും. ചുരുക്കത്തിൽ നാടറിയാനും നാട്ടുകാരെയറിയാനും കേരളം എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഓരോ നാട്ടിലെയും സാധാരണക്കാരന് ടൂറിസത്തിന്റെ പ്രയോജനങ്ങൾ ലഭിക്കുന്നു എന്നതാണ്.

Content Highlight: Abida Rasheed, a native of Kozhikode, Malikkadav, runs Ethnic Food and Home Stay under responsible tourism.

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം