വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്ന ആരോപണം; തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ട യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടായിരുന്നെന്ന് പരാതിപ്പെട്ട യുവാവ് അറസ്റ്റില്‍. ആരോപണം തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് നേരത്തെ പരാതിക്കാരനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ യുവാവിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വി.വി.പാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്നായിരുന്നു എബിന്‍ എന്ന യുവാവിന്റെ ആരോപണം. തുടര്‍ന്ന്
തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തി. എന്നാല്‍ പരാതിക്കാരന്‍ ഉന്നയിച്ച തകരാര്‍ കെണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151-ാം നമ്പര്‍ ബൂത്തിലായിരുന്നു എബിന്‍ വോട്ട് ചെയ്തത്. എബിന്റെ പരാതിയെ തുടര്‍ന്ന് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ എബിനില്‍ നിന്ന് പരാതി എഴുതി വാങ്ങി ടെസ്റ്റ് വോട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
വോട്ടെടുപ്പിനിടെ ഇന്ന് കേരളത്തിലും യു.പിയിലും ബീഹാറിലും ഗോവയിലും യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നത്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്നായിരുന്നു യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നത്. ചേര്‍ത്തലയില്‍ മോക്ക് പോളിനിടെ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പിയ്ക്കാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചിരുന്നത്.
ഗോവയില്‍ മോക്ക് പോളിനിടെ ആറ് വോട്ട് കിട്ടേണ്ട സ്ഥാനത്ത് ബി.ജെ.പിയ്ക്ക് 17 വോട്ടുകള്‍ കിട്ടിയതായി ഗോവ എ.എ.പി കണ്‍വീനര്‍ എല്‍വിസ് ഗോമസ് ട്വീറ്റ് ചെയ്തിരുന്നു.