മനുഷ്യക്കടത്തിന്റെ മലേഷ്യന്‍ ഇരകള്‍
FB Notification
മനുഷ്യക്കടത്തിന്റെ മലേഷ്യന്‍ ഇരകള്‍
ആബിദ് അടിവാരം
Saturday, 17th August 2019, 7:19 pm

ചിത്രത്തില്‍ കാണുന്നത് 28 വയസ്സുകാരനായ ഒരു മലയാളി ചെറുപ്പക്കാരന്റെ കൈകളാണ്, രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു!

സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ നസീര്‍ പൊന്നാനിയുടെ Nazeer Ekka ഒരു ഫോണ്‍ കോള്‍ വന്നു

‘ഭായി, വല്ലാത്തൊരു കേസ് വന്നു പെട്ടിട്ടുണ്ട്…
ഏജന്റുമാരുടെ കെണിയില്‍പെട്ട് നാട്ടില്‍ നിന്നെത്തിയ പയ്യനാണ്, സാമ്പത്തീക സ്ഥിതി ദയനീയമാണ്, ഗത്യന്തരമില്ലാതെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തു, വിസ ഇല്ല. ഇല്ലീഗലാണ്. നാലാഴ്ച മുമ്പ് കൈ ഒരു മെഷിനില്‍ കുടുങ്ങി വിരലുകള്‍ അറ്റുപോയി…
ഏതോ ഒരാശുപത്രിയില്‍ കൊണ്ടുപോയി മുറിവുണക്കി….ഇപ്പോള്‍ കമ്പനിയും ഏജന്റും കൈവിട്ട മട്ടാണ്
കൈ പോയ വിവരം നാട്ടില്‍ അറിയിച്ചിട്ടില്ല, അച്ഛന്‍ ഹാര്‍ട്ട് പേഷ്യന്റ് ആണ് ഈ വിവരം അറിഞ്ഞാല്‍ അറ്റാക്ക് വരുമോ എന്ന് പേടിയാണയാള്‍ക്ക്
നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?

അയാള്‍ക്കൊരു കൗണ്‍സിലിംഗ് നിര്‍ബന്ധമാണ്, നിങ്ങളൊന്നു വിളിക്ക്’
ഇത്രയേ നസീര്‍ക്ക പറഞ്ഞുള്ളൂ…

രണ്ടു കയ്യിലേയും വിരലുകള്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനോട് നാളെയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ‘സുഖം’ അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

ഏതായാലും ഏജന്റും കമ്പനിയുമായി സംസാരിച്ച് കിട്ടാവുന്നത്ര കാശ് വാങ്ങിക്കൊടുത്ത്, ആകാവുന്നത്ര ധൈര്യവും കൊടുത്ത് അയാളെ നാട്ടിലേക്ക് പറഞ്ഞു വിട്ടു, അതെ കമ്പനിയില്‍ കൂടെ ജോലി ചെയ്തിരുന്ന പലരും അവിടെ തന്നെയുണ്ട്, അതൊലൊരാളുടെ കണ്ണില്‍ ചെറിയൊരു ഇരുമ്പ് ചീള് കേറിയിട്ട് മാസം ആറ് കഴിഞ്ഞു, ലൊട്ടു ലൊടുക്ക് ഓയില്‍മെന്റുകളാണ് ചികിത്സ!

ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ചെറുപ്പക്കാരാണ് മലേഷ്യയില്‍ വന്നു പെട്ടിട്ടുള്ളത്, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ചിതാഭസ്മവുമായി നാട്ടിലേക്ക് പോയ നസീര്‍ക്കയെപ്പോലുള്ളവര്‍ക്ക് കദനകഥകള്‍ ഒരു പാട് പറയാനുണ്ട്. ബാദുഷയെപ്പോലുള്ള Badushah Shah പൊതു പ്രവര്‍ത്തകര്‍ ഓരോദിവസവും ഇടപെടുന്ന കേസുകളുടെ എണ്ണം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്

എന്താണ് സംഭവിക്കുന്നത്,?
എന്താണ് മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് എന്ന് മുമ്പും എഴുതിയിട്ടുള്ളതാണ്

കാര്യം സിമ്പിളാണ്
മലേഷ്യയില്‍ ജോലിയുണ്ടെന്ന് പരസ്യം ചെയ്യും ഏതെങ്കിലും കമ്പനിയുടെ ചിത്രവും അഡ്രസ്സും കാണിച്ചു കൊടുക്കും ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കാന്‍ പറയും, എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അന്വേഷിക്കാന്‍ HR ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇമെയില്‍ അഡ്രസ്സും കൊടുക്കും, ചിലര്‍ HR മാനേജറുടെ ഫോണ്‍ നമ്പര്‍ വരെ കൊടുക്കും. ഇത്രയൊക്കെ പോരേ വിശ്വസിക്കാന്‍!

ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയാണ് വിസക്ക് ചാര്‍ജ്ജ്, കേരളം, തമിഴ്നാട്, ബീഹാര്‍, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നാണ് ഏറ്റവുമധികള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്

പണം കൊടുത്തുകഴിഞ്ഞാല്‍ വിസിറ്റ് വിസയില്‍ കൊണ്ട് വരും, മലേഷ്യയില്‍ എത്തിയിട്ട് എംപ്ലോയ്മെന്റ് വിസയിലേക്ക് മാറാം എന്നായിരിക്കും ഓഫര്‍, എയര്‍പോര്‍ട്ടില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ദൂരെയുള്ള ഏതെങ്കിലും ഫാക്റ്ററികളിലേക്ക് കൊണ്ട് പോകും, തുച്ഛമായ ശമ്പളത്തിന് എടുത്താല്‍ പൊങ്ങാത്ത ജോലി ചെയ്യേണ്ടി വരും പലതും അപകടകരമായ ജോലികള്‍… പാസ്‌പ്പോര്‍ട്ട് ഏജന്റിന്റെ കയ്യില്‍ ആയിരിക്കും
ഗത്യന്തരമില്ലാതെ പലരും ജോലി ചെയ്യും,

പലരോടും പലകുറി പറഞ്ഞുമടുത്ത കാര്യങ്ങള്‍ ഒന്ന് കൂടി പറയാം

മലേഷ്യയില്‍ ജനറല്‍ വര്‍ക്കേഴ്‌സ് ജോലിയില്‍ ഇന്ത്യക്കാര്‍ക്ക് വിസ കൊടുക്കുന്നില്ല. അഡ്മിനിസ്‌ട്രേഷന്‍ ,സെക്രട്ടറി, അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി തുടങ്ങി ഏജന്റുമാര്‍ ഓഫര്‍ ചെയ്യുന്ന എല്ലാ തസ്തികകളും മലേഷ്യന്‍ പൗരന്മാര്‍ക്ക് സംവരണം ചെയ്തു വെച്ചതാണ്, വിദേശികള്‍ക്ക് വിസ കിട്ടില്ല.

നമ്മളിപ്പോള്‍ സൗദിയില്‍ കാണുന്ന ‘നിതാഖത്ത്’ വ്യവസ്ഥകള്‍ പതിനഞ്ചു കൊല്ലം മുമ്പ് നടപ്പാക്കിയ രാജ്യമാണ് മലേഷ്യ
ഒഞ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇമെയിലും മാനേജരുടെ ഫോണ്‍ നമ്പറുമൊക്കെ നൂറു ശതമാനം വ്യാജമാണ്
ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ വിസിറ്റ് വിസയില്‍ ചെന്ന് ജോലികണ്ടെത്തി വിസയിലേക്ക് മാറാനുള്ള സംവിധാനം മലേഷ്യയില്‍ ഇല്ല

ഇത്രയൊക്കെ അറിഞ്ഞിട്ടും അഥവാ ബിരിയാണി കൊടുക്കുണ്ടെങ്കിലോ എന്ന് കരുതി വന്നു നോക്കി കുടുങ്ങിയ നിരവധി പേരുണ്ട്
പാവങ്ങളോട് സംസാരിച്ചാല്‍ നമുക്കവരോടുള്ള ദേഷ്യവും പ്രതിഷേധവുമെല്ലാം പമ്പകടക്കും
മലേഷ്യയുടെ പല ഭാഗത്ത് നിന്ന് വന്നു ചേര്‍ന്ന നാട്ടില്‍ പോവാന്‍ വഴി അന്വേഷിച്ച് നസീര്‍ക്കയുടെ ഷെല്‍ട്ടറില്‍ താമസിക്കുന്നവരെ കാണാന്‍ പോയിരുന്നു ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം

25 നും 35 നും ഇടക്ക് പ്രായമുള്ള ചെറുപ്പക്കാരാണ് എല്ലാവരും, സങ്കട കഥകളാണ്
‘കുടുങ്ങിപ്പോയി സാറേ, ഗത്യന്തരമില്ലാത്തത് കൊണ്ട് വന്നതാണ്, നാട്ടില്‍ കൂലിപ്പണി വരെ കിട്ടാനില്ല, ഉള്ള പണി 400 രൂപക്ക് ബംഗാളികള്‍ ചെയ്യും, ദിവസക്കൂലിക്ക് പണിയെടുത്താല്‍ തീര്‍ക്കാന്‍ പറ്റാത്തത്രയും ബാധ്യതകളുണ്ട്, വീടില്ല, പെങ്ങമ്മാരുണ്ട് സുഖമില്ലാത്ത മാതാപിതാക്കളുണ്ട്…’

നോട്ടു നിരോധനത്തിന് ശേഷം വഴിമുട്ടിയ തെരുവ് കച്ചവടം പോലെ സ്വയം തൊഴിലുമായി നടന്ന പലരുമുണ്ട്
ഏതാണ്ട് എല്ലാവര്‍ക്കും ഒരേ തരം കഥകളാണ്, ഈ മാനസികാവസ്ഥയില്‍ ഒരു നല്ല ജോലിയെക്കുറിച്ച് പ്രതീക്ഷകൊടുത്താല്‍ ആരായാലും വീണുപോകും

കേസുകൊടുക്കാനുള്ള ആവേശത്തില്‍ നാട്ടില്‍ പോകുന്ന പലരും പിന്നീട് നിശ്ശ്ബ്ദരാവുന്നത് കാണാം, ഏജന്റുമാര്‍ കൊടുക്കുന്ന പുതിയ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഇന്നല്ലെങ്കില്‍ നാളെ കാശ് കുറച്ചെങ്കിലും തിരിച്ചു കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ മിണ്ടാതിരിക്കുകയാണ്, കേസ് കൊടുത്താല്‍ അതിന്റെ പിന്നില്‍ കൊല്ലങ്ങളോളം നടക്കാനുള്ള സാമ്പത്തീക ശേഷിയുള്ളവര്‍ രണ്ടും കല്‍പ്പിച്ച് നാട് വിടാന്‍ ഒരുങ്ങില്ലല്ലോ !

മറ്റേതെങ്കിലും രാജ്യത്തേക്ക് ഇത്രവലിയ തോതില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടോ എന്നറിയില്ല, മലേഷ്യയില്‍ സ്ഥിതി ദയനീയമാണ്, കൃഷി സ്ഥലങ്ങളിലും ഫാക്ടറികളിലും കുടുങ്ങിപ്പോയ മനുഷ്യരെ അവസ്ഥ പ്രളയ ദുരന്തത്തില്‍ പെട്ടവരേക്കാള്‍ ദയനീയമാണ്

ഇവിടത്തെ പൊതു പ്രവര്‍ത്തകര്‍ക്ക് ഇടപെടുന്നതിന് ഒരു പാട് പരിമിതികള്‍ ഉണ്ട്, ഒന്നാമതായി വളരെക്കുറച്ച് പ്രവാസികളെ ഉള്ളൂ, മലയാളികള്‍ നന്നേ കുറവാണ്. പിന്നെ ജനാധിപത്യ രാജ്യമായത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ രണ്ടും കല്‍പ്പിച്ച് ഇടപെടാന്‍ പറ്റില്ല, ജനാധിപത്യത്തില്‍ ‘മറ്റേ’ പക്ഷത്തുള്ളവര്‍ കൂടുതല്‍ പ്രബലാരാവുക സ്വാഭാവികമാണല്ലോ

പരിഹാരം ഒന്നേയുള്ളൂ,

ആളുകളെ ബോധവല്‍ക്കരിക്കുക, നാട്ടില്‍ ഏജന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുക. മലേഷ്യ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് ഡിസംബര്‍ 31 വരെ. കുടിങ്ങിയവരെ കണ്ടെത്തി ഔട്ട് പാസ്സ് എടുത്ത് കൊടുത്ത് നാട്ടില്‍ എത്തിക്കാന്‍ ഇവിടത്തെ സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ആകാവുന്നതൊക്കെ ചെയ്യുന്നുണ്ട്.