| Tuesday, 15th October 2019, 5:22 pm

ഇന്നത്തെ നൊബേല്‍ ജേതാവ് അന്ന് തിഹാര്‍ ജയിലിലായിരുന്നു; ഇങ്ങനെയൊരു ഭൂതകാലമുണ്ട് അഭിജിത് ബാനര്‍ജിയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വര്‍ഷത്തെ സാമ്പത്തിക നൊബെല്‍ പുരസ്‌കാരം നേടിയത് ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയാണ്. പട്ടിണി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഭിജിതിന് തീഹാര്‍ ജയിലില്‍ കിടന്ന ചരിത്രവും പറയാനുണ്ട്.

അഴിമതി നടത്തിയതിനോ മോഷണത്തിനോ അല്ല… വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങളുയര്‍ത്തി സമരം ചെയ്തതിനാണ് അഭിജിത് ബാനര്‍ജി ജയിലില്‍ പോയത്.

1983ല്‍ ജെ.എന്‍.യുവില്‍ പഠിക്കവേ ആണ് അഭിജിത്തിനെ ജയിലില്‍ അടച്ചത്. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലറെ തടഞ്ഞ കേസിലാണ് അഭിജിത്ത് ജയിലിലടക്കപ്പെട്ടത്.

400 ഓളം വിദ്യാര്‍ത്ഥികളാണ് അന്ന് വൈസ് ചാന്‍സലറെ തടഞ്ഞത്. 10 ദിവസമാണ് അഭിജിത്ത് ജയിലില്‍ കഴിഞ്ഞത്.

അമ്പത്തിയെട്ടുകാരനായ അഭിജിത്ത് ബാനര്‍ജി മുംബൈയിലാണ് ജനിച്ചത്. കല്‍ക്കത്ത പ്രസിഡന്‍സി സര്‍വ്വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1988ല്‍ ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു.

അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ എസ്തര്‍ ഡഫ്ലോ സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ 17 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉന്നത സമിതിയിലും അംഗമായിരുന്നു അദ്ദേഹം.

നിലവില്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐ.ഐ.ടി പ്രൊഫസറായ അഭിജിത് നോട്ടുനിരോധനമടക്കമുള്ള രാജ്യത്തെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അഭിപ്രായം പറയാന്‍ മടി കാണിച്ചിട്ടില്ല.

തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് അഭിജിത് പറഞ്ഞിരുന്നു. പിന്നീട് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ പല മേഖലകളില്‍ നിന്നായി വന്ന് തുടങ്ങിയപ്പോഴും അഭിജിത് പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ടു നിരോധനമാണെന്ന് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണകൂടത്തോട് മുഖം നോക്കാതെ അഭിജിത് അഭിപ്രായം പറയുന്നു എന്നതുകൊണ്ടുതന്നെയാവാം നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചതില്‍ ആശംസ അറിയിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് 4 മണിക്കൂര്‍ വേണ്ടിവന്നതും

ഡൂള്‍ന്യൂസ് ഡെസ്‌ക്