അവനാണ് അടുത്ത ധോണിയും ഹര്‍ദികും; യുവതാരത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം
Cricket
അവനാണ് അടുത്ത ധോണിയും ഹര്‍ദികും; യുവതാരത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 11:56 am

ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷമുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റുകള്‍ക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ യുവതാരം റിങ്കു സിങ്ങിന്റെ മികച്ച ഫിനിഷിങ്ങിലൂടെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

14 പന്തില്‍ 22 റണ്‍സ് നേടികൊണ്ടായിരുന്നു റിങ്കുസിങ്ങിന്റെ മികച്ച പ്രകടനം. സമ്മര്‍ദ്ദഘട്ടത്തില്‍ 4 ബൗണ്ടറികള്‍ പായിച്ചു കൊണ്ടായിരുന്നു റിങ്കുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

ഈ സാഹചര്യത്തില്‍ റിങ്കു സിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍.

റിങ്കു ധോണിയെയും ഹര്‍ദിക്കിനെപോലെയുമുള്ള ഇന്ത്യയുടെ അടുത്ത ഫിനിഷര്‍ ആണെന്നാണ് അഭിഷേക് പറഞ്ഞത്.

‘എം.എസ് ധോണി വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമിന്റെ ഫിനിഷിങ് റോളില്‍ മികച്ച പ്രകടനം നടത്തി. അതിന് ശേഷം ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഫിനിഷിംഗ് റോള്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ നമുക്ക് ഇവര്‍ക്ക് സമാനമായ റിങ്കു സിങ്ങിനെ ലഭിച്ചു. അവന്‍ 22 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും മത്സരത്തില്‍ ആ റണ്ണുകളുടെ മൂല്യം എന്താണെന്ന് നോക്കൂ. എല്ലാ മത്സരങ്ങളും റിങ്കുവിന് ജയിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അവനെപോലുള്ള ഒരു താരം ടീമില്‍ പ്രധാനമാണ്,’ അഭിഷേക് നായര്‍ സ്‌പോര്‍ട്‌സ് 18ല്‍ പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ ജോഷ് ഇന്‍ഗ്ലിസ് 50 പന്തില്‍ 112 നേടി മികച്ച പ്രകടനം നടത്തി. ഇന്‍ഗ്ലിസിന് പുറമെ സ്റ്റീവ് സ്മിത്ത് 52 റണ്‍സും നേടിയപ്പോള്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ പടുകൂറ്റന്‍ റണ്‍സ് ഉയര്‍ത്തുകയായിരുന്നു.

ഇന്ത്യ 19.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് 42 പന്തില്‍ 80 റണ്‍സും ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 നേടി മികച്ച പ്രകടനം നടത്തി.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നവംബര്‍ 26ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് രണ്ടാം ടി-20.

Content Highlight: Abhishekh nayar praises Rinku singh.