ടി-20 ഫോര്‍മാറ്റിലെ ഒരു ലീഗല്‍ ഡെലിവെറിയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡ് തന്റെ പേരിലാക്കി അഭിഷേക് തന്‍വര്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ (ടി.എന്‍.പി.എല്‍) ചെപ്പോക് സൂപ്പര്‍ ഗില്ലീസ് – സേലം സ്പര്‍ട്ടാന്‍സ് മത്സരത്തിലാണ് സ്പാര്‍ട്ടന്‍സ് താരം ഒറ്റ പന്തില്‍ 18 റണ്‍സ് വഴങ്ങി മോശം റെക്കോഡിനുടമയായത്. ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോഡാണിത്.
ചൊവ്വാഴ്ച എസ്.എന്‍ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് കഴിഞ്ഞ സീസണിലെ ലീഡിങ് വിക്കറ്റ് ടേക്കറും സ്പാര്‍ട്ടന്‍സിന്റെ ക്യാപ്റ്റനുമായ തന്‍വറിന്റെ മോശം പ്രകടനം പിറന്നത്. അതാകട്ടെ ഗില്ലീസ് ഇന്നിങ്‌സിലെ 120ാം പന്തിലും.
അവസാന ഓവറിലെ ആദ്യ അഞ്ച് പന്തില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ തന്‍വര്‍ അവസാന പന്തില്‍ വഴങ്ങിയത് 18 റണ്‍സാണ്.
ഗില്ലീസ് താരം സഞ്ജയ് യാദവിനെതിരെയെറിഞ്ഞ പന്തില്‍ തന്‍വര്‍ വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ അമ്പയര്‍ ആ പന്ത് നോ ബോള്‍ ആയി വിധിയെഴുതി. തൊട്ടടുത്ത പന്തില്‍ യാദവ് സിക്‌സര്‍ നേടിയപ്പോള്‍ ആ പന്തും അമ്പയര്‍ നോ ബോള്‍ വിളിച്ചു.
തൊട്ടടുത്ത പന്തില്‍ യാദവ് ഡബിളോടി ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓവര്‍ സ്‌റ്റെപ്പിങ്ങിന്റെ പേരില്‍ അമ്പയര്‍ വീണ്ടും നോ ബോള്‍ വിളിച്ചു. ശേഷിക്കുന്ന ഒറ്റ പന്ത് കൂടി എറിഞ്ഞ് തീര്‍ത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കാനുള്ള തന്‍വറിന്റെ ശ്രമം വീണ്ടും പിഴച്ചു, ഇത്തവണ നിര്‍ഭാഗ്യമെത്തിയത് വൈഡിന്റെ രൂപത്തിലായിരുന്നു.
ഒടുവില്‍ നാലാം ശ്രമത്തില്‍ ലീഗില്‍ ഡെലിവെറിയെറിഞ്ഞെങ്കിലും യാദവ് ആ പന്തില്‍ സിക്‌സര്‍ നേടി ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.
1, 1, 4, •, NB, 1,NB, 6NB, 2NB, WD, 6 എന്നിങ്ങനെയാണ് അവസാന ഓവറില്‍ റണ്‍സ് പിറന്നത്. അവസാന ഓവറില്‍ വഴങ്ങിയതടക്കം നാല് ഓവര്‍ പന്തെറിഞ്ഞ് 44 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ഗില്ലീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. ഗില്ലീസിനായി 55 പന്തില്‍ നിന്നും 88 റണ്‍സ് നേടിയ പ്രദോഷ് രഞ്ജന്‍ പോളും 27 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നാരായണ്‍ ജഗദീശനും തിളങ്ങി. 12 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ സഞ്ജയ് യാദവിന്റെ ഇന്നിങ്‌സും ടീം സ്‌കോറില്‍ നിര്‍ണായകമായി.
218 റണ്‍സിന്റെ കൂറ്റന്‍ ടാര്‍ഗെറ്റുമായി ഇറങ്ങിയ സ്പാര്‍ട്ടന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എട്ടാം നമ്പറിലിറങ്ങി 15 പന്തില്‍ നിന്നും പുറത്താകാതെ 47 റണ്‍സ് നേടിയ മുഹമ്മദ് അദ്‌നാന്‍ ഖാന്‍ മാത്രമാണ് സേലം നിരയില്‍ ചെറുത്ത് നിന്നത്. ആറ് സിക്‌സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ പടുകൂറ്റന്‍ വിജയം നേടിയ സൂപ്പര്‍ ഗില്ലീസ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. തിരുപ്പൂര്‍ തമിഴന്‍സിനെ 70 റണ്‍സിന് തകര്‍ത്ത ലൈക്ക കോവൈ കിങ്‌സാണ് ഒന്നാം സ്ഥാനക്കാര്‍.
Content highlight: Abhishek Tanwar concedes 18 runs in a leagal delivery