ന്യൂദല്‍ഹി: സവര്‍ക്കര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ അഭിഷേക് സിങ്‌വി.
താന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന ആളല്ലെന്നും എന്നാല്‍ സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ലെന്നുമായിരുന്നു സിങ്‌വി ട്വിറ്ററില്‍ കുറിച്ചത്.
”ഞാന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ദളിത് അവകാശ പോരാട്ടത്തിലും പങ്കെടുക്കുകയും രാജ്യത്തിന് വേണ്ടി ജയിലില്‍ പോകുകയും ചെയ്ത വ്യക്തിയാണെന്ന വസ്തുത തള്ളിക്കളയാനാവില്ല”- എന്നായിരുന്നു അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് പിന്നാലെ സിങ്‌വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. താങ്കളും ആര്‍.എസ്.എസിലേക്കാണോ എന്നും ലജ്ജാകരമായ പ്രസ്താവനയാണ് ഇതെന്നുമാണ് പലരുടേയും വിമര്‍ശനം.
എന്തൊരു മഹാമനസ്‌കതയാണ് ഇതെന്നും എന്‍ഫോഴ്‌സമെന്റ് ഡിപാര്‍ട്‌മെന്റില്‍ നിന്നും താങ്കള്‍ക്കും നോട്ടീസ് ലഭിച്ചോ എന്നുമാണ് മറ്റു ചിലരുടെ ചോദ്യങ്ങള്‍.
‘വളരെ സാവധാനത്തോടെ, എന്നാല്‍ സ്ഥിരതയോടെയുള്ള ഒരു മാറ്റം കാണാനാവുന്നുണ്ടല്ലോ ? കോണ്‍ഗ്രസിനെ കൊണ്ട് ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് താങ്കള്‍ക്കും തോന്നിത്തുടങ്ങിയോ എന്നും ചിലര്‍ ചോദിക്കുന്നു.
സ്വാതന്ത്ര്യസമരങ്ങളിലും ദളിത് അവകാശപോരാട്ടങ്ങളിലും പങ്കെടുത്ത നിരവധി സ്വാതന്ത്ര്യസമര സേനാനികളുണ്ടെന്നും എന്നാല്‍ ഇവരാരും മാപ്പിരന്ന് ദയാഹരജി എഴുതിക്കൊടുത്തിട്ടില്ലെന്നും ആര്‍.എസ്.എസിന്റെ ദൈവമായതുകൊണ്ട് മാത്രം അദ്ദേഹം ഭാരത് രത്നയ്ക്ക് അര്‍ഹനാവില്ലെന്ന് പറഞ്ഞും ചിലര്‍ ട്വിറ്ററില്‍ മറുപടി നല്‍കിയിട്ടുണ്ട്.
സിങ്‌വി എന്നാണോ അതോ സംഘി എന്നാണോ നിങ്ങളുടെ യഥാര്‍ത്ഥ പേര് എന്ന് ചോദിച്ചും ചിലര്‍ ട്വീറ്റിനെ പരിഹസിക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ഏറ്റവും ഉന്നതമായ സൈനികേതര ബഹുമതിയായ ഭാരതരത്ന വി.ഡി. സവര്‍ക്കര്‍ക്കു നല്‍കുമെന്ന മഹാരാഷ്ട്ര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വലിയ വിവാദമായിരുന്നു.മഹാരാഷ്ട്ര ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തിയിരുന്നു.
സവര്‍ക്കര്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ അദ്ദേഹത്തെ അത്തരമൊരു ബഹുമതിക്ക് അയോഗ്യനാക്കുന്നതാണെന്നും എന്നാല്‍ താന്‍ സവര്‍ക്കര്‍ക്ക് എതിരല്ലെന്നും അദ്ദേഹം പിന്തുണച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സവര്‍ക്കര്‍ക്കു പകരം ഗോഡ്സെയ്ക്കു തന്നെ നേരിട്ടു ഭാരതരത്ന നല്‍കുകയാണു വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിച്ചിരുന്നു.
അതേസമയം സവര്‍ക്കര്‍ ദേശസ്നേഹിയായിരുന്നുവെന്നും രാജ്യത്തിനായി 11 വര്‍ഷം ആന്‍ഡമാനില്‍ ജയില്‍വാസം അനുഷ്ഠിച്ച ആളാണെന്നുമായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.