ധോണി തുടങ്ങിവെച്ചു, ഇപ്പോൾ അഭിഷേകിൽ എത്തിനിൽക്കുന്നു; അരങ്ങേറ്റത്തിൽ തന്നെ നാണക്കേട്
Cricket
ധോണി തുടങ്ങിവെച്ചു, ഇപ്പോൾ അഭിഷേകിൽ എത്തിനിൽക്കുന്നു; അരങ്ങേറ്റത്തിൽ തന്നെ നാണക്കേട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 3:00 pm

ഇന്ത്യ-സിംബാബ്‌വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ പരാജയപ്പെടുത്തിയിരുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ മത്സരത്തില്‍ മൂന്നു താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരായിരുന്നു തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങിയത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരു മോശം നേട്ടമാണ് അഭിഷേക് ശര്‍മയെ തേടിയെത്തിയത്.

ഓപ്പണിങ് ഇറങ്ങിയ അഭിഷേക് നാല് പന്തില്‍ നിന്നും റണ്‍സ് ഒന്നും നേടാതെയാണ് പുറത്തായത്. കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിലും ആവര്‍ത്തിക്കാന്‍ അഭിഷേകിന് സാധിച്ചില്ല.

ഇതോടെ ടി-20യില്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ പൂജ്യം റണ്‍സിന് പുറത്താവുന്ന നാലാമത്തെ താരമായി മാറാനാണ് അഭിഷേകിന് സാധിച്ചത്.

ടി-20യില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പൂജ്യം റണ്‍സിന് പുറത്തായ ഇന്ത്യന്‍ താരം, എതിര്‍ ടീം, വര്‍ഷം എന്നീ ക്രമത്തില്‍

എം.എസ് ധോണി-സൗത്ത് ആഫ്രിക്ക-2006

കെ.എല്‍ രാഹുല്‍-സിംബാബ് വെ-2016

പ്രിത്വി ഷാ-ശ്രീലങ്ക-2021

അഭിഷേക് ശര്‍മ-സിംബാബ് വെ-2024*

29 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വാഷിങ്ടണ്‍ സുന്ദര്‍ 34 പന്തില്‍ 27 റണ്‍സും നേടി.

സിംബാബ്‌വെ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, ടെന്‍ഡായ് ചതാര എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

അതേസമയം ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ നാല് വിക്കറ്റുകള്‍ നേടിയ രവി ബിഷ്‌ണോയ് ആണ് എറിഞ്ഞു വീഴ്ത്തിയത്. നാല് ഓവറില്‍ രണ്ട് മെയ്ഡൻ ഉള്‍പ്പെടെ 13 റണ്‍സ് വിട്ടു നല്‍കിയാണ് ബിഷ്‌ണോയ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

25 പന്തില്‍ പുറത്താവാതെ 29 നേടിയ ക്‌ളൈവ് മദാന്‍ഡെയാണ് സിംബാബ് വെ നിരയിലെ ടോപ് സ്‌കോറര്‍.

 

Content Highlight: Abhishek Sharma Unwanted Record in T20