ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ചരിത്രപുരുഷന്മാർ...ഹൈദരാബാദിന്റെ ത്രിമൂർത്തികൾ
Cricket
ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ചരിത്രപുരുഷന്മാർ...ഹൈദരാബാദിന്റെ ത്രിമൂർത്തികൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 4:24 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം. സീസണിലെ ഓറഞ്ച് ആര്‍മിയുടെ ആദ്യ വിജയമായിരുന്നു ഇത്. മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവരുടെ മികച്ച ഇന്നിങ്‌സാണ് ഓറഞ്ച് ആര്‍മിക്ക് കരുത്തായത്. 24 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു ഹെഡിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 258.33 സ്ട്രൈക്ക് റൈറ്റില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഹെഡ് നേടിയത്.

അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും നേടി നിര്‍ണായകമായി. മൂന്ന് ഫോറുകളും ഏഴ് സിക്‌സുകളുമാണ് അഭിഷേക് നേടിയത്. 273.91 പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇവര്‍ക്ക് പുറമെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടി കരുത്ത്കാട്ടി. നാലു ഫോറുകളും ഏഴ് സിക്‌സുകളുമാണ് ക്ലാസന്‍ നേടിയത്. 235.29 റൈറ്റില്‍ ആയിരുന്നു താരം ബാറ്റ് ചെയ്തത്.

ഈ മൂന്ന് താരങ്ങളുടെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹൈദരാബാദ് താരങ്ങളെ തേടിയെത്തിയത്. ടി-20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ ഒരു ടീമിലെ മൂന്ന് താരങ്ങളും 25 പന്തിനുള്ളില്‍ അര്‍ധസെഞ്ച്വറി നേടുന്നത്.

മത്സരത്തില്‍ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് 25 പന്തിനുള്ളില്‍ അര്‍ധസെഞ്ച്വറി നേടി ചരിത്രത്തിലേക്ക് നടന്നു കയറിയത്. അഭിഷേക് ശര്‍മ 16 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 18 പന്തിലും ഫിഫ്റ്റി നേടി. വെറും 23 പന്തില്‍ നിന്നായിരുന്നു ക്ലാസന്റെ അര്‍ധസെഞ്ച്വറി പിറന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനാണ് സാധിച്ചത്. മുംബൈ നിരയില്‍ 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മ തകര്‍പ്പന്‍ പ്രകടനം നടത്തി. രണ്ട് ഫോറുകളും ആറ് സിക്‌സുകളുമാണ് തിലക് നേടിയത്.

22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മിന്നും പ്രകടനം നടത്തിയെങ്കിലും മുംബൈക്ക് 31 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.

മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലാണ് മത്സരം നടക്കുക. മറുഭാഗത്ത് ഏപ്രില്‍ ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Abhishek Sharma, Travis Head, Heinrich Klaasen create a new history T20