| Wednesday, 24th July 2024, 3:01 pm

എന്നെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: അഭിഷേക് ശർമ

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ നടത്തികൊണ്ട് ശ്രദ്ധ നേടിയ താരമാണ് അഭിഷേക് ശര്‍മ. 2024 ഐ.പി.എല്ലില്‍ നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ക്രിക്കറ്റിലെ തന്റെ ആരാധനാപാത്രമാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക്. ഇന്ത്യന്‍ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങാണ് തന്നെ ക്രിക്കറ്റ് കളിക്കാന്‍ പ്രചോദനമായതെന്നാണ് അഭിഷേക് പറഞ്ഞത്. മന്‍ജോത് കല്‍റയുടെ യുട്യൂബ് ചാനലിലൂടെയാണ് ഹൈദരാബാദ് താരം ഇക്കാര്യം പറഞ്ഞത്.

‘രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് എനിക്ക് 16 വയസായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കണ്ടു. അദ്ദേഹം ആ സമയം 800-900 റണ്‍സ് നേടി. അദ്ദേഹം എപ്പോഴും എന്റെ ആരാധനപാത്രം ആയിരുന്നു. 2007 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതിനുശേഷം ആണ് എനിക്ക് സ്പോര്‍ട്സ് മേഖല തെരഞ്ഞെടുക്കാന്‍ പ്രചോദനമായത്. യുവരാജിനെ പോലെ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും ഞാന്‍ ഞാന്‍ ആഗ്രഹിച്ചു,’ അഭിഷേക് ശര്‍മ പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പിനു ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ അഭിഷേക് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടി കൊണ്ടായിരുന്നു അഭിഷേക് തിളങ്ങിയത്. 47 പന്തില്‍ 100 റണ്‍സായിരുന്നു അഭിഷേക് നേടിയത്. ഏഴു ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള പരമ്പരയാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ചെയ്തിട്ടുള്ളത്. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ വെച്ച് കളിക്കുക. സിംബാബ്‌വേക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും അഭിഷേക് ശര്‍മക്ക് ശ്രീലങ്കക്കെതിരെയുള്ള ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

Content Highlight: Abhishek Sharma Talks about Yuvaraj Singh

We use cookies to give you the best possible experience. Learn more