ലോകകപ്പിൽ അദ്ദേഹം ഞങ്ങളോട് അങ്ങനെ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: അഭിഷേക് ശർമ
Cricket
ലോകകപ്പിൽ അദ്ദേഹം ഞങ്ങളോട് അങ്ങനെ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: അഭിഷേക് ശർമ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 4:37 pm

2018 അണ്ടര്‍ 19 ലോകകപ്പ് രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഇന്ത്യന്‍ യുവനിര കിരീടം ചൂടിയത്.

ആ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ 131 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 134 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ മത്സരത്തിനു മുന്നോടിയായി ആ സമയത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ.

ഈ മത്സരത്തില്‍ ബംഗ്ലാദേശ് താരങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രകോപനം ഉണ്ടായാല്‍ ഞങ്ങളോട് കളിക്കളത്തില്‍ നിന്നും പിന്മാറരുത് എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. മന്‍ജോത് കല്‍റ പോഡ്കാസ്റ്റിലൂടെയാണ് അഭിഷേക് ഇക്കാര്യം പങ്കുവെച്ചത്.

‘അണ്ടര്‍ 19 ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ ഞങ്ങള്‍ വീണ്ടും അവരെ നേരിടാന്‍ ഒരുങ്ങിയപ്പോള്‍ രാഹുല്‍ ദ്രാവിഡ് ഞങ്ങള്‍ക്കൊരു ഉപദേശം തന്നു. അവര്‍ കളിക്കളത്തില്‍ എന്തെങ്കിലും സംഘര്‍ഷം സൃഷ്ടിച്ചാല്‍ നിങ്ങളും തിരിച്ച് അതുപോലെ തന്നെ ചെയ്യണം. അദ്ദേഹം ഇങ്ങനെയൊക്കെ പറയും എന്ന് ആരും പ്രതീക്ഷിച്ചില്ല. ഞങ്ങളാ മത്സരത്തെ വളരെ ഊര്‍ജസ്വലമായാണ് കണ്ടത്,’ അഭിഷേക് ശര്‍മ പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പിനു ശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ അഭിഷേക് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടി കൊണ്ടായിരുന്നു അഭിഷേക് തിളങ്ങിയത്. 47 പന്തില്‍ 100 റണ്‍സായിരുന്നു അഭിഷേക് നേടിയത്. ഏഴു ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള പരമ്പരയാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ചെയ്തിട്ടുള്ളത്. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ വെച്ച് കളിക്കുക.

കഴിഞ്ഞ സീരീസില്‍ മികച്ച പ്രകടനം നടത്തിയിട്ടും അഭിഷേക് ശര്‍മക്ക് ശ്രീലങ്കക്കെതിരെയുള്ള ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

 

Content Highlight: Abhishek Sharma Talks About Rahul Dravid