ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. ഓപ്പണറായി കളത്തിലെത്തിയ സഞ്ജു 200+ സ്ട്രൈക്ക് റേറ്റില്‍ 16 റണ്‍സുമായി അതിവേഗം പുറത്തായെങ്കിലും അഭിഷേക് ശര്‍മയുടെ താണ്ഡവത്തിനായിരുന്നു പിന്നീട് വാംഖഡെ സാക്ഷ്യം വഹിച്ചത്.
54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്‌സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്. മാത്രമല്ല എതിരാളികള്‍ നേടിയതിനേക്കാള്‍ 38 റണ്‍സ് അധികം അഭിഷേക് ശര്‍മ നേടിയിരുന്നു. വെറും 17 മത്സരങ്ങളിലെ 16 ഇന്നിങ്‌സില്‍ നിന്ന് തന്റെ രണ്ടാം സെഞ്ച്വറി നേടാനും അഭിഷേകിന് സാധിച്ചു.
മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ യുവരാജ് സിങ്ങിന്റെ ശിക്ഷണത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം ആശാനെ തന്നെ കടത്തിവെട്ടിയ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. 200+ സ്‌ട്രൈക്ക് റേറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.
സൂര്യകുമാര്‍ യാദവ് – 920
രോഹിത് ശര്‍മ – 533
ഹര്‍ദിക് പാണ്ഡ്യ – 447
അഭിഷേക് ശര്‍മ – 428
യുവരാജ് സിങ് – 405
For playing an impressive knock of 135(54) and bagging 2 wickets, Abhishek Sharma is the Player of the Match 👌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/ifhZsbi7mr
— BCCI (@BCCI) February 2, 2025
ഈ റെക്കോഡ് ലിസ്റ്റില്‍ ഏറ്റവും ഉയരത്തിലാണെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി.
അഭിഷേക് ശര്‍മയ്ക്ക് പുറമെ 13 പന്തില്‍ 30 റണ്‍സ് നേടിയ ശിവം ദുബെയും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ 15 പന്തില്‍ 24 റണ്‍സ് നേടിയ തിലക് വര്‍മയും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാര്‍ക് വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ട്ടണും ഓരോ വിക്കറ്റ് വീതവും നേടി.
ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
Content Highlight: Abhishek Sharma Surpass Yuvaraj Singh In A Record Achievement