ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്പോര്‍ട് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബ്ലെസ്സിങ് മുസാരബാനിയുടെ പന്തില്‍ ബ്രെയാന്‍ ബെന്നറ്റിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. നാല് പന്തില്‍ രണ്ട് റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.
എന്നാല്‍ പിന്നീട് അഭിഷേക് ശര്‍മയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അഭിഷേക് സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഹൈദരാബാദ് താരത്തിന്റെ മിന്നും പ്രകടനം.
212.77 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. ടി-20യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറാനാണ് അഭിഷേകിന് സാധിച്ചത്. 46 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്.
ടി-20യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരം, സെഞ്ച്വറി പൂര്‍ത്തിയാക്കിയ പന്തുകളുടെ എണ്ണം, എതിര്‍ ടീം, വര്‍ഷം എന്നീ ക്രമത്തില്‍
രോഹിത് ശര്‍മ–35-ശ്രീലങ്ക-2017
സൂര്യകുമാര്‍ യാദവ്-45-ശ്രീലങ്ക-2023
കെ.എല്‍ രാഹുല്‍-46-സിംബാബ്വെ-2016
അഭിഷേക് ശര്‍മ-46-സിംബാബ്വെ-2024
Content Highlight: Abhishek Sharma score Century in T20