ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്താവുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇംഗ്ലണ്ട് ടീം നേടിയതിനേക്കാള്‍ 38 റണ്‍സ് അധികം അഭിഷേക് ശര്‍മ നേടിയിരുന്നു.
𝙒𝙄𝙉𝙉𝙀𝙍𝙎!
Congratulations #TeamIndia on winning the #INDvENG T20I series 4️⃣-1️⃣ 👏👏 🏆@IDFCFIRSTBank pic.twitter.com/ucvFjSAVoK
— BCCI (@BCCI) February 2, 2025
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. ഓപ്പണറായി കളത്തിലെത്തിയ സഞ്ജു 200+ സ്ട്രൈക്ക് റേറ്റില്‍ 16 റണ്‍സുമായി അതിവേഗം പുറത്തായെങ്കിലും അഭിഷേക് റണ്‍സ് ഉയര്‍ത്താനുള്ള ചുമതല സ്വയമേറ്റെടുത്തു.
54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്‌സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അഭിഷേകിന്റേത്. ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്. വെറും 17 മത്സരങ്ങളിലെ 16 ഇന്നിങ്‌സില്‍ നിന്ന് രണ്ട് സെഞ്ച്വറിയാണ് അഭിഷേക് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ടി-20ഐയില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകളാണ് അഭിഷേക് സ്വന്തമാക്കിയത്. 13 സിക്സറുകളോടെയാണ് സൗത്ത്പാവ് തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇതിന് മുമ്പ് 2017ല്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശര്‍മ നേടിയ 10 സിക്‌സര്‍ മറികടന്നാണ് അഭിഷേക് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല 2024ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തിലക് വര്‍മയും 10 സിക്‌സര്‍ നേടിയിട്ടുണ്ട്. മൂവരെയും മറികടന്നാണ് സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കുന്നത്.
അഭിഷേക് ശര്‍മയ്ക്ക് പുറമെ 13 പന്തില്‍ 30 റണ്‍സ് നേടിയ ശിവം ദുബെയും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ 15 പന്തില്‍ 24 റണ്‍സ് നേടിയ തിലക് വര്‍മയും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാര്‍ക് വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ട്ടണും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടും അറ്റാക്കിങ് അപ്രോച്ച് തന്നെ പുറത്തെടുത്തു. എന്നാല്‍ ബെന്‍ ഡക്കറ്റിനെ ഗോള്‍ഡന്‍ ഡക്കാക്കി ഷമി മിന്നല്‍ ബൗളിങ് അറ്റാക്കിന് തുടക്കമിട്ടു. പിന്നാലെയെത്തിയവരില്‍ ജേകബ് ബേഥലിന് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ഏഴ് പന്തില്‍ പത്ത് റണ്‍സാണ് താരം നേടിയത്.
23 പന്തില്‍ 55 റണ്‍സ് നേടിയാണ് ഫില്‍ സോള്‍ട്ട് ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. മൂന്ന് സിക്സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. അഭിഷേക് ശര്‍മയും ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്ണോയ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.
ടി-20 പരമ്പരയക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
Content Highlight: Abhishek Sharma In Great Record Achievement For India