സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് എ-യില്‍ മേഘാലയക്കെതിരെ നടന്ന മത്സരത്തില്‍ പഞ്ചാബ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മേഘാലയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം 63 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പഞ്ചാബിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.
വിജയിക്കാന്‍ 143 റണ്‍സ് വേണമെന്നിരിക്കെ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ തരംഗമായത്. 29 പന്തില്‍ പുറത്താകാതെ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്. തൂക്കിയടിച്ച 11 സിക്സറുകള്‍ക്കൊപ്പം എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 365.53 സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് ശര്‍മ വെടിക്കെട്ട് പൂര്‍ത്തിയാക്കിയത്.
താന്‍ നേരിട്ട 28ാം പന്തില്‍ സെഞ്ച്വറി നേടി അഭിഷേക് ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതും. എന്നാല്‍ ഇതിനെല്ലാം പുറമെ മറ്റൊരു വെടിക്കെട്ട് നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യ സൂപ്പര്‍ താരവും ടി-20ഐ ക്യാപ്റ്റനുമായി സൂര്യകുമാര്‍ യാദവിന്റെ റെക്കോഡ് തകര്‍ക്കാനാണ് അഭിഷേകിന് സാധിച്ചത്.
അഭിഷേക് ശര്‍മ – 2024 ല്‍ 38 ഇന്നിങ്സുകളില്‍ നിന്ന് 87 സിക്സറുകള്‍
സൂര്യകുമാര്‍ യാദവ് – 2022ല്‍ 41 ഇന്നിങ്സുകളില്‍ നിന്ന് 85 സിക്സറുകള്‍
സൂര്യകുമാര്‍ യാദവ് – 2023-ല്‍ 33 ഇന്നിങ്സുകളില്‍ നിന്ന് 71 സിക്സറുകള്‍
അഭിഷേകിന് പുറമെ 15 പന്തില്‍ 22 റണ്‍സ് നേടിയ എസ്. ദലിവാളാണ് രണ്ടാമത്തെ മികച്ച റണ്‍ ഗെറ്റര്‍. മേഘാലയയ്ക്ക് വേണ്ടി 31 പന്തില്‍ 31 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അര്‍പ്പിത് ഭതേവരെയാണ് ടോപ് സ്‌കോറര്‍. ലാറി സാങ്മ (16 പന്തില്‍ 21), യോഗേഷ് തിവാരി (17 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
പഞ്ചാബിനായി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ, രമണ്‍ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍, സോഹ്റാബ് ദലിവാള്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: Abhishek Sharma In Great Record Achievement