| Friday, 7th June 2024, 11:28 pm

14 സിക്‌സറും നാല് ഫോറും; 26 പന്തില്‍ 103 റണ്‍സ്; വെടിക്കെട്ടുമായി അഭിഷേക് ശര്‍മ; ഇനി കുറച്ചുദിവസം ഇവന്‍ പഞ്ചാബില്‍ തിളങ്ങും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് പിന്നാലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഷേര്‍ ഇ പഞ്ചാബ് ടി-20 കപ്പിന്റെ മുന്നൊരുക്കത്തിലാണ് യുവതാരം അഭിഷേക് ശര്‍മ. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനം ആഭ്യന്തര ടൂര്‍ണമെന്റിലും പുറത്തെടുക്കാനാണ് താരം ഒരുങ്ങുന്നത്.

ടൂര്‍ണമെന്റിന് മുന്നോടിയായി ലോക്കല്‍ ക്ലബ്ബ് മാച്ചുകളില്‍ കളിച്ച് ഫോം നിലനിര്‍ത്തുകയാണ് താരം. ഇത്തരത്തില്‍ ഗരുരുഗ്രാമില്‍ നടന്ന ഒരു മത്സരമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

26 പന്ത് നേരിട്ട് 103 റണ്‍സാണ് താരം സ്വന്തമാക്കിയത്. 14 പടുകൂറ്റന്‍ സിക്‌സറും നാല് ബൗണ്ടറിയും അടക്കം 396.15 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഐ.പി.എല്ലിലും സമാനമായ പ്രകടനമാണ് താരം പുറത്തെടുത്തത്. ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡിനൊപ്പം സണ്‍റൈസേഴ്‌സിനായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഐ.പി.എല്ലിലെയും സണ്‍റൈസേഴ്‌സിന്റെയും നിരവധി റെക്കോഡുകള്‍ തിരുത്തിയെഴുതാനും താരത്തിനായി.

മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

അതേസമയം, ജൂണ്‍ പത്തിന് ആരംഭിക്കുന്ന ഷേര്‍ ഇ പഞ്ചാബ് ടി-20 കപ്പിലാണ് താരം ശ്രദ്ധ ചെലുത്തുന്നത്. ജൂണ്‍ പത്ത് മുതല്‍ 27 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആറ് ടീമുകള്‍ ടി-20 കപ്പിന്റെ ഭാഗമാകും.

ടൂര്‍ണമെന്റില്‍ ആഗ്രി കിങ്‌സ് നൈറ്റ്‌സിന്റെ താരമാണ് അഭിഷേക് ശര്‍മ.

അഭിഷേകിന് പുറമെ ഐ.പി.എല്ലില്‍ തിളങ്ങിയ മറ്റ് പല യുവ താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്.

ജൂണ്‍ 11നാണ് ടൂര്‍ണമെന്റില്‍ അഭിഷേക് ആദ്യ മത്സരത്തിനിറങ്ങുന്നത്. ട്രൈഡന്റ് സ്റ്റാലിയണ്‍സാണ് എതിരാളികള്‍. മുംബൈ സൂപ്പര്‍ താരം നേഹല്‍ വധേരയാണ് സ്റ്റാലിയണ്‍സിന്റെ നായകന്‍.

Content Highlight: Abhishek Sharma hits 26 ball century in a local game

We use cookies to give you the best possible experience. Learn more