| Monday, 8th July 2024, 7:59 am

ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്‌വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെയും അര്‍ധസെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. 47 പന്തില്‍ 100 റണ്‍സാണ് അഭിഷേക് നേടിയത്. 212.77 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം ഏഴ് ഫോറുകളും എട്ട് സിക്‌സുകളുമാണ് നേടിയത്. ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരുപിടി ചരിത്ര നേട്ടങ്ങളും അഭിഷേകിനെ തേടിയെത്തിയിരുന്നു.

14ാം ഓവര്‍ എറിഞ്ഞ വെല്ലിങ്‌ടൺ മസ്‌കാഡ്‌സയുടെ ഓവറില്‍ മൂന്ന് സിക്‌സുകള്‍ പറത്തിയാണ് അഭിഷേക് സെഞ്ച്വറി നേട്ടത്തിലെത്തിയത്. ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ മൂന്ന് സിക്‌സുകള്‍ നേടിക്കൊണ്ട് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞതും അഭിഷേക് ആയിരുന്നു. ഇതോടെ ഓപ്പണിങ് ബാറ്റിങ്ങും ഓപ്പണിങ് ബൗളിങ്ങും ചെയ്യാന്‍ അഭിഷേകിന് സാധിച്ചു. ഇതോടെ ടി-20യില്‍ ഓപ്പണ്‍ ബാറ്റും ഓപ്പണ്‍ ബൗളും ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും അഭിഷേകിന് സാധിച്ചു. 2012ല്‍ ഇംഗ്ലണ്ടിനെതിരെ ഇര്‍ഫാന്‍ പത്താന്‍ ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

അഭിഷേകിന് പുറമേ ഋതുരാജ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു.

39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധേവേരെയാണ് സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോറര്‍. ലൂക്ക് ജോങ്വെ 26 പന്തില്‍ 33 റണ്‍സും ബ്രയാന്‍ ബെന്നറ്റ് ഒമ്പത് പന്തില്‍ 26 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയാക്കാനും ഇന്ത്യക്ക് സാധിച്ചു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

Content Highlight: Abhishek Sharma Historical Records in T20

We use cookies to give you the best possible experience. Learn more