ഇന്ത്യൻ ടി-20 ചരിത്രത്തിലെ ആദ്യ താരം; ലാല,കപിൽ...ഇതിഹാസങ്ങൾക്കൊപ്പം അഭിഷേക് ശർമ
Cricket
ഇന്ത്യൻ ടി-20 ചരിത്രത്തിലെ ആദ്യ താരം; ലാല,കപിൽ...ഇതിഹാസങ്ങൾക്കൊപ്പം അഭിഷേക് ശർമ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th July 2024, 10:04 pm

ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ മിന്നും ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ജെയ്‌സ്വാള്‍ 53 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. ഗില്‍ 39 പന്തില്‍ 58 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അഭിഷേക് വിക്കറ്റ് നേടിയത് ഏറെ ശ്രേദ്ധേയമായി. ഇന്റര്‍നാഷണല്‍ കരിയറിലെ താരത്തിന്റെ ആദ്യ വിക്കറ്റ് ആയിരുന്നു ഇത്. 31 പന്തില്‍ 32 റണ്‍സ് നേടിയാണ് മരുമണിയെയാണ് അഭിഷേക് ശര്‍മ പുറത്താക്കിയത്. അഭിഷേകിന്റെ പന്തില്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഭിഷേക് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. 47 പന്തില്‍ 100 റണ്‍സാണ് അഭിഷേക് നേടിയത്. 212.77 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം ഏഴ് ഫോറുകളും എട്ട് സിക്സുകളുമാണ് നേടിയത്.

ഇതോടെ ഈ പരമ്പരയില്‍ സെഞ്ച്വറി നേടുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ഒരു റെക്കോഡ് നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഒരു പരമ്പരയില്‍ തന്നെ സെഞ്ച്വറിയും വിക്കറ്റും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഇതിനു മുമ്പ് ടെസ്റ്റില്‍ 1933ല്‍ ലാല അമര്‍നാഥും ഏകദിനത്തില്‍ 1983ല്‍ കപില്‍ ദേവുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഗില്ലിനും കൂട്ടര്‍ക്കും സാധിച്ചു. ജൂലൈ 14ന് ഹരാരെയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

 

Content Highlight: Abhishek Sharma great record in T20