'308.33' സ്ട്രൈക്ക്റേറ്റിൽ ചെന്നൈയെ അടിച്ചുതകർത്തു; വെറും 12 പന്തുകൾ കൊണ്ട് ഇവൻ നേടിയത് ചരിത്രനേട്ടം
Cricket
'308.33' സ്ട്രൈക്ക്റേറ്റിൽ ചെന്നൈയെ അടിച്ചുതകർത്തു; വെറും 12 പന്തുകൾ കൊണ്ട് ഇവൻ നേടിയത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 10:14 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസസ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഓറഞ്ച് ആര്‍മിക്ക് വേണ്ടി മികച്ച പ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയത്. 12 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പെടെ 37 റണ്‍സ് ആണ് താരം നേടിയത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാന്‍ അഭിഷേകിന് സാധിച്ചു.

ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. സണ്‍റൈസസ് ഹൈദരാബാദിനായി ഒരു മത്സരത്തില്‍ 300+ സ്‌ട്രൈക്ക് റൈറ്റില്‍ ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍ ആയിരുന്നു. 2018 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്താവാതെ 34 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരം 300 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയത്.

എയ്ഡന്‍ മര്‍ക്രം 36 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 24 പന്തില്‍ 31 റണ്‍സ് നേടിയ ട്രാവിസ് ഹെഡും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അതേസമയം ചെന്നൈ ബാറ്റിങ്ങില്‍ 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്‌സുകളും ആണ് ദൂബെയുടെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും നിര്‍ണായകമായി.

ജയത്തോടെ നാല് കളികളില്‍ രണ്ട് വിജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. ഏപ്രില്‍ ഒമ്പതിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം. മൊഹാലിയാണ് വേദി.

Content Highlight: Abhishek Sharma great performance against CSK